Trending Now

അച്ഛന് കരൾ പകുത്ത് നൽകാൻ ദേവനന്ദയ്ക്ക് കോടതിയുടെ അനുമതി

കരൾ രോഗം ബാധിച്ച് ചികിത്സയിലുള്ള തൃശൂർ കോലഴിയിൽ പി.ജി. പ്രതീഷിനായി മകൾ ദേവനന്ദ കരൾ പകുത്ത് നൽകാൻ ഹൈക്കോടതി അനുമതി. ദാതാവിന് വേണ്ടിയുള്ള അന്വേഷണത്തിൽ മറ്റു കുടുംബങ്ങളുടെ ആരുടെയും കരൾ അനുയോജ്യമായി കാണാതെ വരികയും 17 വയസു മാത്രം തികഞ്ഞ മകൾ ദേവനന്ദയുടെ കരൾ അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ ദേവനന്ദ 18 വയസു തികയാത്ത മൈനർ ആയതിനാൽ അവയവം സ്വീകരിക്കാൻ നിയമ തടയമുണ്ടായിരുന്നു. തുടർന്ന് ദേവനന്ദ നൽകിയ റിട്ട് ഹർജിയിൻമേലാണ് അനുകൂല വിധിയുണ്ടായത്.

ഈ ചെറിയ പ്രായത്തിലും കരൾ പകുത്ത് നൽകാൻ തീരുമാനമെടുത്ത ദേവനന്ദയുടേത് ശക്തമായ പിതൃസ്നേഹവും അസാമാന്യമായ നിശ്ചയദാർഢ്യവുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. അവയവദാന പ്രക്രിയയിലെ ചരിത്രത്തിന്റെ ഭാഗമായി ദേവനന്ദ മാറുകയാണ്. കെ-സോട്ടോയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി നടപടിക്രമങ്ങൾ വേഗത്തിലാക്കി വളരെ വേഗം റിപ്പോർട്ട് നൽകിയിരുന്നു. കോടതി ഉത്തരവ് ലഭിച്ച ശേഷം കേവലം 48 മണിക്കൂറിൽ വിദഗ്ദ്ധ സമിതിയെ രൂപീകരിക്കുകയും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ദേവാനന്ദയെ പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുകയും ചെയ്തതായും മന്ത്രി പറഞ്ഞു.

ഗുരുതര കരൾ രോഗം കാരണം പ്രതീഷിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് സാധ്യമായ ചികിത്സ എന്ന് ഡോക്ടർമാരുടെ സംഘം വിധിച്ചിരുന്നു. തുടർന്നാണ് ദേവനന്ദ കോടതിയെ സമീപിച്ചത്. കോടതിയുടെ നിർദേശ പ്രകാരം കെ-സോട്ടോ അടിയന്തരമായി തുടർ നടപടികൾ സ്വീകരിച്ചു. കൂടുതൽ ലിവർ ട്രാൻസ്പ്ലാന്റ് പരിചയമുള്ള രണ്ടു വിദഗ്ധരെയും ദേവനന്ദ മൈനർ ആയതിനാൽ അവളുടെ തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണോയെന്ന് ശാസ്ത്രീയമായി വിലയിരുത്തുന്നതിനായി ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെക്കൂടി ഉൾപ്പെടുത്തി വിദഗ്ദ്ധ സമിതി വിപുലീകരിക്കുകയും ചെയ്തു.

ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ പരിശോധനയിൽ കരൾ പകുത്തു നൽകുന്നതിനുള്ള തീരുമാനം സ്വന്തം നിലയിലാണെന്ന് കണ്ടെത്തി. പ്രതീഷിന് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് പ്രതിവിധിയെന്ന് വിദഗ്ധ സമിതിയും കണ്ടെത്തി. പൂർണ അറിവോടും സമ്മതത്തോടെയുള്ള ദേവാനന്ദയുടെ സന്നദ്ധതയെ 18 വയസു തികയാൻ കേവലമായ 5 മാസം വേണമെന്ന കാരണത്താൽ നിഷേധിക്കണമെന്നില്ലെന്നു റിപ്പോർട്ട് നൽകി. തുടർന്നാണ് കോടതി വിധി പ്രഖ്യാപിച്ചത്.

നിയപരമായി വന്നുചേർന്ന പ്രതികൂല സാഹചര്യങ്ങളെ സ്ഥൈര്യത്തോടും ധീരതയോടും നേരിട്ട് തന്റെ പിതാവിന് തന്റെ തന്നെ ജീവന്റെ ഒരു ഭാഗം പകുത്തു നൽകുന്നതിന് കാണിച്ച സന്നദ്ധതയെ കോടതി അഭിനന്ദിച്ചു. ദേവനന്ദയെപ്പോലെ ഒരു മകളെ ലഭിച്ചതിൽ മാതാപിതാക്കൾ അനുഗ്രഹീതരാണെന്നു കോടതി നിരീക്ഷിക്കുകയും ചെയ്തു.

കോടതിയുടെ നിർദേശങ്ങളെ അനുസരിച്ച് അതിവേഗത്തിൽ പ്രതികരിച്ചതിനും കോടതി ആവശ്യപ്പെട്ട വിവരങ്ങൾ താമസം വിനാ സമർപ്പിച്ചതിനും അപ്പ്രോപ്രിയേറ്റ് അതോറിറ്റിയെ കോടതി പ്രത്യേകമായി അനുമോദിച്ചു.

error: Content is protected !!