Trending Now

ശബരിമലയിലെ  ചടങ്ങുകള്‍/വാര്‍ത്തകള്‍ (18/12/2022)

എട്ടാം തവണയും ഭക്തിഗാനസുധ സമര്‍പ്പിച്ച് കാട്ടൂര്‍ ഹരി കുമാറും സംഘവും

എട്ടാം തവണയും ശബരിമല അയ്യപ്പ സന്നിധിയില്‍ ഭക്തിഗാനസുധ സമര്‍പ്പിച്ച് കാട്ടൂര്‍ ഹരി കുമാറും സംഘവും. ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ നടന്ന ഭക്തിഗാനസുധ സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി. നാട്ടരാഗത്തില്‍ മഹാഗണപതി എന്ന് തുടങ്ങുന്ന കീര്‍ത്തനം പാടി തുടങ്ങിയ ഭക്തിഗാനസുധ രണ്ടരമണിക്കൂറോളം നീണ്ടു. കോഴഞ്ചേരി കാട്ടൂര്‍ സ്വദേശിയും അടൂര്‍ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറുമാണ് കാട്ടൂര്‍ ഹരി കുമാര്‍. 2012ലാണ് ഹരി കുമാറും സംഘവും അയ്യപ്പ സന്നിധിയില്‍ ആദ്യമായി ഭക്തിഗാനസുധ സമര്‍പ്പിക്കുന്നത്. നാരങ്ങാനം മധുസൂദന്‍, ശശി കുമാര്‍ ചെറുകോല്‍, സതീഷ് കുന്നന്താനം, ജയന്‍ നൂറനാട്, പ്രദീപ് തടിയൂര്‍, ഉല്ലാസ് കോട്ടയം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

 

ശബരിമലയിലെ  ചടങ്ങുകള്‍
(19.12.2022)

………
പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍
3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 12.15 വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം ആരംഭിക്കും.
7.30 ന് ഉഷപൂജ
12.30. ന് ..25 കലശാഭിഷേകം
12.45 ന് കളഭാഭിഷേകം
1 മണിക്ക്……ഉച്ചപൂജ
1.30 ന് ക്ഷേത്രനട അടയ്ക്കല്‍
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്… ദീപാരാധന
7 മണിമുതല്‍ പുഷ്പാഭിഷേകം
9.30 മണിക്ക് …അത്താഴപൂജ
11.20ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11.30 ന് ശ്രീകോവില്‍ നട അടയ്ക്കും.

 

അമിതവിലയും പഴകിയ ഭക്ഷണവും അനുവദിക്കില്ല

സന്നിധാനത്തും പരിസരത്തും ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതും പഴകിയ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്നതും അനുവദിക്കില്ലെന്ന് സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു. പരിശോധനയില്‍ ഇത്തരത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തുന്ന വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങളും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും അറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം സന്നിധാനം മരക്കൂട്ടം ഭാഗത്തെ ഭക്ഷണശാലയില്‍ സൂക്ഷിച്ചിരുന്ന പഴകിയ എണ്ണ ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി നശിപ്പിച്ചിരുന്നു.

പുണ്യം പൂങ്കാവനം ശുചീകരണത്തില്‍ പങ്കാളിയായി
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

ശബരിമല സന്നിധാനത്തെ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് നടപ്പാക്കി വരുന്ന പുണ്യം പൂങ്കാവനം ശുചീകരണ പരിപാടിയില്‍ പങ്കാളിയായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ശനിയാഴ്ച രാവിലെ സന്നിധാനത്തെ പുണ്യം പൂങ്കാവനം ഓഫീസിന് മുന്നില്‍ നടന്ന പരിപാടിയില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ആനന്ദ് ആര്‍, അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ നിതിന്‍ രാജ്, പുണ്യം പൂങ്കാവനം ഡിവിഷന്‍ ഓഫീസര്‍ സുമേഷ് എ.എസ് എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!