പ്രേക്ഷകപ്രീതി നൻപകൽ നേരത്ത് മയക്കത്തിന്
മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പിന്
സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ജേത്രി ഇറാനിയൻ സംവിധായക മെഹനാസ് മുഹമ്മദി അവാർഡ് തുകയായ 5 ലക്ഷം രൂപ കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് നൽകി
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ആർദ്ര സ്‌നേഹത്തിന്റേയും അതിജീവനത്തിന്റേയും കഥ പറഞ്ഞ സ്പാനിഷ് ചിത്രം ‘ഉതമ‘ 27-ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം നേടി. വരൾച്ച അഭിമുഖീകരിക്കേണ്ടി വരുന്ന വൃദ്ധ ദമ്പതികളെ സന്ദർശിക്കുന്ന ചെറുമകന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.
മികച്ച സംവിധായകനുള്ള രജത ചകോരം ‘കെർ‘ ഒരുക്കിയ ടർക്കിഷ് സംവിധായകൻ തൈഫൂൺ പിർസെ മോഗ്ഗ്ളൂവിനാണ്. ഒരു കൊലപാതകത്തിന് ദൃക്സാക്ഷിയാകേണ്ടി വരുന്ന ചെറുപ്പക്കാരന്റെ ജീവിതം പ്രമേയമാക്കിയ ചിത്രമാണ് മോഗ്ഗ്ളൂവിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലയാള ചിത്രമായ ‘നൻപകൽ നേരത്ത് മയക്ക‘മാണ് മേളയിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രം. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘അറിയിപ്പ്‘ സ്വന്തമാക്കി.
മികച്ച നവാഗത സംവിധായകനുള്ള രജതചകോരവും മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും അറബിക് ചിത്രമായ ‘ആല‘ ത്തിനാണ്. ഫിറാസ് ഹൗരിയാണ് ചിത്രത്തിന്റെ സംവിധായകൻ. റോമി മെയ്‌തെയ് സംവിധാനം ചെയ്ത ‘ഔർ ഹോം‘ മികച്ച ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരം നേടി. നെറ്റ്പാക് സ്പെഷ്യൽ ജൂറി പരാമർശവും ഇതേ ചിത്രത്തിനാണ്.
മികച്ച നവാഗത സംവിധായക പ്രതിഭക്കുള്ള ഫിപ്രസി പുരസ്‌കാരം 19 (1 )(എ) എന്ന മലയാള ചിത്രം സംവിധാനം ചെയ്ത ഇന്ദു വി.എസ് നേടി.
ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.ഐ – കെ.ആർ മോഹനൻ പുരസ്‌കാരത്തിന് ‘അമർ കോളനി‘ യുടെ സംവിധായകൻ സിദ്ധാർഥ് ചൗഹാൻ തെരെഞ്ഞെടുക്കപ്പെട്ടു. ഏക്താര കളക്റ്റീവ് ഒരുക്കിയ ‘എ പ്ലേസ് ഓഫ് ഔർ ഓൺ‘ ആണ് ഈ വിഭാഗത്തിലെ മികച്ച ചിത്രം. രാജ്യാന്തര മത്സര വിഭാഗത്തിലെ ചിത്രങ്ങളിൽ മികച്ച പ്രകടനത്തിനുള്ള പ്രത്യേക പരാമർശത്തിന് ഈ ചിത്രത്തിൽ അഭിനയിച്ച മനീഷാ സോണിയും മുസ്‌ക്കാനും അർഹരായി.
കേരള രാജ്യാന്തര ചലച്ചിത്രമേള 2022 ന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് പ്രശസ്ത ഹംഗേറിയൻ സംവിധായകൻ ബേല താറിന് സാംസ്‌കാരിക മന്ത്രി വി. എൻ വാസവൻ സമ്മാനിച്ചു. ‘നിങ്ങളുടെ ആദരം എന്നെ അഗാധമായി സ്പർശിച്ചിരിക്കുന്നു. വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ വസിക്കുന്ന, വ്യത്യസ്ത സാംസ്‌കാരിക പരിസരങ്ങളിൽ ഉള്ള എന്നേയും നിങ്ങളേയും സിനിമ എന്ന കലാരൂപം മനോഹരമായി ബന്ധിപ്പിച്ചിരിക്കുന്നു. സിനിമ സംരക്ഷിക്കണം. മറ്റുള്ളവരെ കേൾക്കണം, അവരെ അവരായി അംഗീകരിക്കണം, ‘ അവാർഡ് സ്വീകരിച്ച് കൊണ്ട് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ഉതമയുടെ സഹ നിർമാതാവായ സാന്റിയാഗോ ലോയസാ ഗ്രിസി സാംസ്‌കാരിക മന്ത്രിയിൽ നിന്ന് 20 ലക്ഷം രൂപയും സർട്ടിഫിക്കറ്റും മെമന്റോയും ഏറ്റുവാങ്ങി. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ എം മുകുന്ദൻ മുഖ്യാതിഥിയായി.
കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, സെക്രട്ടറി സി അജോയ്, വൈസ് ചെയർമാൻ പ്രേം കുമാർ, ആർട്ടിസ്റ്റിക്ക് ഡയറക്ടർ ദീപിക സുശീലൻ, വി. കെ പ്രശാന്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാർ, മധുപാൽ, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് എന്നിവർ സംസാരിച്ചു.
മുകുന്ദന്റെ പ്രശസ്ത നോവലായ ‘മയ്യഴി പുഴയുടെ തീരങ്ങളിൽ‘ രഞ്ജിത്ത് സിനിമയാക്കുന്ന വിവരം സാംസ്‌കാരിക മന്ത്രി സദസിനെ അറിയിച്ചു. ചടങ്ങിന് ശേഷം സുവർണ ചകോരം നേടിയ ‘ഉതമ‘ പ്രദർശിപ്പിച്ചു.