Trending Now

ശബരിമല വാര്‍ത്തകള്‍ ( 17/12/2022)

ശുചിത്വ പരിപാലനവുമായി ശബരിമല വിശുദ്ധിസേന

*ശുചീകരണത്തിനായി നിയോഗിച്ചിരിക്കുന്നത് 1000 വിശുദ്ധി സേനാംഗങ്ങളെ
*വിശുദ്ധി സേനയ്ക്ക് നേതൃത്വം നല്‍കുന്നത് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി

ദിവസവും ഒരു ലക്ഷത്തോളം തീര്‍ഥാടകരെത്തുന്ന ശബരിമലയെ ശുചിയായി സൂക്ഷിക്കുന്നതില്‍ ചുക്കാന്‍ പിടിച്ച് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങള്‍. ശബരിമല സന്നിധാനത്തിനു പുറമേ പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളിലായി 1000 വിശുദ്ധി സേനാംഗങ്ങളാണ് രാപ്പകല്‍ ഭേദമന്യേ ശുചീകരണ ജോലികളിലേര്‍പ്പെട്ടിരിക്കുന്നത്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ചെയര്‍പേഴ്സണും അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള മെമ്പര്‍ സെക്രട്ടറിയുമായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയാണ് പൂങ്കാവനത്തിന്റെ ശുചീകരണ സേനയ്ക്ക് നേതൃത്വം നല്‍കുന്നത്. 1995ലാണ് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി രൂപീകരിച്ചത്.
ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി തമിഴ്നാട് അയ്യപ്പസംഘം മുഖേനയാണ് വിശുദ്ധിസേനാംഗങ്ങളെ നിയോഗിക്കുന്നത്. സേനാംഗങ്ങള്‍ക്ക് 450 രൂപ ദിവസ വേതനത്തിന് പുറമേ യൂണിഫോം, ചെരുപ്പ്, പുല്‍പ്പായ, എണ്ണ, സോപ്പ്, ബെഡ്ഷീറ്റ്, ഭക്ഷണം, താമസ സൗകര്യം എന്നിവയും നല്‍കുന്നു. സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള ഫണ്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നുള്ള ഗ്രാന്റും ഉപയോഗിച്ചാണ് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം. ശബരിമല തീര്‍ഥാടനത്തിനു പുറമേ മേടവിഷു ഉത്സവം, തിരുവുത്സവം കാലയളവുകളിലും വിശുദ്ധി സേന ശുചീകരണം നടത്തുന്നുണ്ട്.
സന്നിധാനത്ത് 300 ഉം പമ്പയില്‍ 300ഉം നിലയ്ക്കല്‍ 350ഉം പന്തളത്തും കുളനടയിലുമായി 50 പേരും ഉള്‍പ്പെടെ 1000 വിശുദ്ധി സേനാംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. ഒരോ ഷിഫ്റ്റിലും 305 പേര്‍ വീതം മൂന്നു ഷിഫ്റ്റുകളിലായാണ് ശുചിത്വ പരിപാലനത്തിന് നിയോഗിച്ചിട്ടുള്ളത്. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിങ്ങനെ വിവിധ സെക്ടറുകളായി തിരിച്ച് ചെറുസംഘങ്ങളായാണ് ശുചീകരണം. ഓരോ സെക്ടറിലും വിശുദ്ധി സേനാംഗങ്ങളില്‍ ഒരാളെ ലീഡറായി നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് പരിസര ശുചീകരണം, മാലിന്യം ശേഖരിച്ച് സംസ്‌കരിക്കല്‍ എന്നിവ നടത്തുന്നത്.
കാനന പാതയിലേത് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ട്രാക്ടര്‍ ഉപയോഗിച്ച് സന്നിധാനത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ എത്തിച്ച് ഇന്‍സിനറേറ്റര്‍ ഉപയോഗിച്ചാണ് സംസ്‌കരിക്കുന്നത്. ഇതിനു പുറമേ റവന്യു, ആരോഗ്യ വകുപ്പുകളില്‍ നിന്നുള്ള സൂപ്പര്‍വൈസര്‍മാരെയും ഓരോ സെക്ടറുകളിലും നിയോഗിച്ചിട്ടുണ്ട്. അതത് സ്ഥലങ്ങളിലെ ഡ്യൂട്ടി മജിസ്ട്രേട്ടുമാരും എക്സിക്യുട്ടീവ് മജിസ്ട്രേട്ടുമാരുമാണ് താഴെത്തട്ടില്‍ വിശുദ്ധിസേനയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. പോലീസ് സേനയുടെ നേതൃത്വത്തില്‍ സന്നിധാനത്ത് നടക്കുന്ന പുണ്യം പൂങ്കാവനം ശുചീകരണത്തിലും ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പവിത്രം ശബരിമല ശുചീകരണത്തിലും വിശുദ്ധി സേനാംഗങ്ങള്‍ ദിവസവും പങ്കാളികളാകുന്നുണ്ട്.
പൂങ്കാവനത്തെ പരിശുദ്ധമായി സൂക്ഷിക്കുന്നതിനായി പ്ലാസ്റ്റിക് ഉപയോഗം തടയുക, പമ്പാ നദി മാലിന്യ മുക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെ മിഷന്‍ഗ്രീന്‍ ശബരിമല എന്ന പേരില്‍ ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ ശുചിത്വമിഷന്‍, കുടുംബശ്രീ മിഷന്‍, നവകേരള മിഷന്‍, അയ്യപ്പസേവാസംഘം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ബോധവത്ക്കരണവും നടത്തി വരുന്നു.

ഗുണമേന്മയില്ലാത്ത സോഡ വിറ്റു: വ്യാപാരസ്ഥാപനത്തിന്റെ
ലൈസന്‍സ് റദ്ദാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഗുണമേന്മയില്ലാത്ത സോഡ നിര്‍മിച്ച് വിറ്റതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മരക്കൂട്ടത്ത് പ്രവര്‍ത്തിച്ചിരുന്ന അയ്യപ്പാസ് സോഡ എന്ന വ്യാപാരസ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഇവിടെ നിന്നും ശേഖരിച്ച സോഡയുടെ സാമ്പിള്‍ തിരുവനന്തപുരം ഗവണ്‍മെന്റ് അനലിസ്റ്റ്സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ അനുവദനീയമായതിലും അധിക അളവില്‍ പ്ലേറ്റ് കൗണ്ട് ഉണ്ടെന്ന് കണ്ടെത്തി.

 

വെള്ളത്തിലെയും ഭക്ഷ്യവസ്തുക്കളിലെയും ബാക്റ്റീരിയയുടെ അളവിനെ സൂചിപ്പിക്കുന്ന ഏകകമാണ് പ്ലേറ്റ്കൗണ്ട്. സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ സോഡ തീര്‍ഥാടകര്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കുന്നത് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ നടപടി. കൂടാതെ ഈ സ്ഥാപനത്തില്‍ നിന്നും സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്ത സോഡ തിരിച്ചെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. സന്നിധാനം, നിലയ്ക്കല്‍, പമ്പ ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധന ഊര്‍ജിതമായി തുടരുമെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു.

 

ശബരിമലയിലെ ഇന്നത്തെ ചടങ്ങുകള്‍
(17.12.2022)

പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍
3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 12.15 വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം ആരംഭിക്കും.
7.30 ന് ഉഷപൂജ
12.30. ന് ..25 കലശാഭിഷേകം
12.45 ന് കളഭാഭിഷേകം
1 മണിക്ക്……ഉച്ചപൂജ
1.30 ന് ക്ഷേത്രനട അടയ്ക്കല്‍
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്… ദീപാരാധന
7 മണിമുതല്‍ പുഷ്പാഭിഷേകം
9.30 മണിക്ക് …അത്താഴപൂജ
11.20ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11.30 ന് ശ്രീകോവില്‍ നട അടയ്ക്കും.

*(ഭക്തജന തിരക്കുള്ള ദിവസങ്ങളില്‍ മാത്രം ബാധകം)

error: Content is protected !!