ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആരോഗ്യ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പത്തനംതിട്ട ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലെയും ആരോഗ്യ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. നവ കേരള കര്‍മ്മ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന ആരോഗ്യ സ്ഥാപനങ്ങളുടെ നവീകരണവും പരിവര്‍ത്തനവും സമയബന്ധിതമായി നടപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയും എംഎല്‍എമാരും നിര്‍ദേശം നല്‍കി. ജില്ലയിലെ പ്രധാന ആശുപത്രികളുടെയും, താലൂക്ക് ആശുപത്രികളുടെയും വിവിധ സ്‌കീമുകളില്‍ ഉള്‍പ്പെടുത്തി നടത്തുന്ന പുതിയ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനായി മേല്‍നോട്ടം വഹിക്കാന്‍ ഡെപ്യൂട്ടി ഡിഎംഒയെ ചുമതലപ്പെടുത്തി.
ആറന്മുള എംഎല്‍എ കൂടിയായ മന്ത്രി വീണാ ജോര്‍ജ്, തിരുവല്ല എംഎല്‍എ അഡ്വ. മാത്യു ടി തോമസ്, കോന്നി എംഎല്‍എ അഡ്വ. കെ.യു. ജനീഷ്‌കുമാര്‍, റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍, അടൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി എന്നിവര്‍ അതതു മണ്ഡലങ്ങളില്‍ നടപ്പാക്കുന്ന നിര്‍മാണ, വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.
ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. പി.വി. ജയശ്രീ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതകുമാരി, അസിസ്റ്റന്റ് ഡയറക്ടര്‍ പ്ലാനിങ് ഡോ. വീണാ സരോജി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. രചന ചിദംബരം, ആരോഗ്യവകുപ്പിലെയും വിധ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.