Trending Now

കോന്നിയിലെ   ഇക്കോ ടൂറിസം പദ്ധതികള്‍ മൂന്ന് ഘട്ടമായി നടപ്പിലാക്കും:മന്ത്രി എ.കെ. ശശീന്ദ്രന്‍

Spread the love

 

konnivartha.com/കോന്നി: നിയോജക മണ്ഡലത്തിലെ ആനക്കൂട്, അടവി, ആങ്ങമൂഴി,ഗവി ടൂറിസം കേന്ദ്രങ്ങൾ പരിസ്ഥിതി സൗഹാര്‍ദമായി വിപുലീകരിക്കുന്നതിനുള്ള പദ്ധതികള്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിക്കുമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ അടവി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതിരമണീയമായ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സന്ദര്‍ശിക്കാനായി ധാരാളം വിനോദസഞ്ചാരികള്‍ എത്തുന്നുണ്ട്. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ കേന്ദ്രങ്ങൾ കാര്യക്ഷമമായാണ് പ്രവര്‍ത്തിച്ചുവരുന്നത്.

ടൂറിസം വിപുലീകരിക്കുന്നതിനായി എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ വിശദമായ പ്രോജക്ട് വനം വകുപ്പിന് കൈമാറിയിട്ടുണ്ട്. അതിന്റെ ആദ്യപടിയായി ഇവിടുത്തെ ടൂറിസം സാധ്യതകളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ തയാറാക്കിയ രേഖയും വര്‍ക്ക്‌ഷോപ്പില്‍ നിന്നും ഉണ്ടാകുന്ന നിര്‍ദേശങ്ങളും കൂടി പരിഗണിച്ചുകൊണ്ട് മൂന്ന് ഘട്ടങ്ങളിലായി പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടമായി പെട്ടെന്ന് ചെയ്തു തീര്‍ക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണെന്ന് നിര്‍ണയിക്കും. രണ്ടാംഘട്ടത്തില്‍ മറ്റു മേഖലകളിലേക്ക് കടക്കും. ഒന്നാം ഘട്ടം അവസാനിക്കുന്നതിന് മുന്‍പ് തന്നെ രണ്ടും മൂന്നും ഘട്ടങ്ങളുടെ അനുമതിക്ക് വേണ്ട നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണം.

 

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വളരെ താല്പര്യത്തോടെയാണ് ഈ പ്രദേശങ്ങളേയും പദ്ധതിയെയും സമീപിക്കുന്നത്. അവരുടെ എല്ലാ സഹകരണവും ഈ പ്രദേശങ്ങളിലെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഉണ്ടാകും. അടവി ഇക്കോ ടൂറിസം കേന്ദ്രത്തെ സഞ്ചാരികള്‍ക്ക് ഒഴിച്ചുകൂടാന്‍ ആകാത്ത ഒരു ടൂറിസം കേന്ദ്രമായി മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

കോന്നി ടൂറിസം മാസ്റ്റര്‍ പ്ലാന്റെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് അഡ്വ. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഇതില്‍ വനം വകുപ്പിന്റെ സഹകരണമാണ് ഏറ്റവും പ്രധാനം. നിലവില്‍ വനം വകുപ്പിന്റെ ഉടമസ്ഥതയില്‍ അടവി, ആനക്കൂട് എന്നിവ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കോന്നി ടൂറിസം മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി നിരവധി പ്രൊജക്ടുകള്‍ തയാറായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചേര്‍ന്നിട്ടുള്ള യോഗത്തില്‍ പല നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. നിലവില്‍ ആറുമണിവരെ പ്രവര്‍ത്തിക്കുന്ന കോന്നി ആനകൂടിന്റെ പ്രവര്‍ത്തനസമയം വര്‍ധിപ്പിച്ചുകൊണ്ട് സന്ധ്യ സമയത്ത് സഞ്ചാരികള്‍ക്ക് ആകര്‍ഷകമായുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുള്ള നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. അടവിയിലും ഗവിയിലും കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് വനം വകുപ്പുമായി ആദ്യഘട്ട ചര്‍ച്ച നടത്തി.

 

കോന്നിയിലെ വിവിധ വിനോദസഞ്ചാര പദ്ധതികള്‍ ഭാവിയില്‍ എങ്ങനെ മുമ്പോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നത് സംബന്ധിച്ച് വനം വകുപ്പ്, വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന വര്‍ക്ക്‌ഷോപ്പില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും എംഎല്‍എ പറഞ്ഞു
ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍, റാന്നി ഡിഎഫ്ഒ പി.കെ. ജയകുമാര്‍ ശര്‍മ, കോന്നി ഡിഎഫ്ഒ ആയുഷ് കുമാര്‍ കോറി, കെ എഫ് ഡി സി ചെയര്‍പേഴ്‌സണ്‍ ലതിക സുഭാഷ്, ഡിടിപിസി സെക്രട്ടറി സതീഷ് മിറാണ്ട, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കുട്ടപ്പന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വനംവകുപ്പ്, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!