അടൂരില്‍ ഇരട്ടപ്പാലം ഡിസംബര്‍ 14 ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
അടൂര്‍ നഗരത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കുതിപ്പേകുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി നിര്‍മിച്ച ഇരട്ടപ്പാലത്തിന്റെയും അനുബന്ധ റോഡ് പുനരുദ്ധാരണത്തിന്റെയും ഉദ്ഘാടനം ഡിസംബര്‍ 14 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും.
അടൂര്‍ കെഎസ്ആര്‍ടിസി കോര്‍ണറില്‍ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സമ്മേളനത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.
അടൂര്‍ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നതിനൊപ്പം നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ് ഇരട്ടപ്പാലത്തിലൂടെ യാഥാര്‍ഥ്യമാകുന്നത്. അടൂര്‍ ടൗണിലെ വലിയ തോടിനു കുറുകെ രണ്ട് പാലങ്ങള്‍ നിര്‍മിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാര്‍ 11.10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഇരട്ടപ്പാലത്തിന്റെയും അനുബന്ധ റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെയും നിര്‍മാണം 2018 നവംബറിലാണ് ആരംഭിച്ചത്.
അടൂരില്‍ നിലവിലുള്ള പാലത്തിന് സമാന്തരമായി 25 മീറ്റര്‍ നീളത്തിലും, 9.75 മീറ്റര്‍ വീതിയിലുമാണ് ഇരട്ടപ്പാലം നിര്‍മിച്ചിരിക്കുന്നത്. നെല്ലിമൂട്ടില്‍ പടി മുതല്‍ കരുവാറ്റ വരെ 2.70 കിലോമീറ്റര്‍ ദൂരമുള്ള ടൗണ്‍ റോഡിലും വണ്‍വേ റോഡിലും പൈപ്പ് ലൈന്‍ പുനസ്ഥാപിച്ച് റോഡിന് വീതി കൂട്ടി ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കി. അതോടൊപ്പം അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്ര റോഡും പുനരുദ്ധരിച്ച് സഞ്ചാരയോഗ്യമാക്കി. മഴ പെയ്താല്‍ ടൗണിലുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരമായി ഓടയും നടപ്പാതയും നിര്‍മിച്ചു. റോഡ് വശങ്ങളില്‍ ഇന്റര്‍ലോക്ക് പാകുകയും ട്രാഫിക് ഐലന്റുകള്‍ നവീകരിച്ച് റോഡ് സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി.
ഉദ്ഘാടന സമ്മേളനത്തില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കെ ആര്‍ എഫ് ബി സൗത്ത് സര്‍ക്കിള്‍ ടീം ലീഡര്‍ പി.ആര്‍. മഞ്ജുഷ റിപ്പോര്‍ട്ട് അവതരിപ്പിക്കും. അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി. സജി, വൈസ് ചെയര്‍പേഴ്‌സണ്‍ ദിവ്യാ റെജി മുഹമ്മദ്, പ്രതിപക്ഷ നേതാവ് ഡി. ശശികുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ റോണി പാണംതുണ്ടില്‍, നഗരസഭാ കൗണ്‍സിലര്‍മാരായ കെ. മഹേഷ്‌കുമാര്‍, ശ്രീലക്ഷ്മി ബിനു, വി. ശശികുമാര്‍, എ. അനിതാദേവി, സിപിഐഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സിപിഎം ജില്ലാ സെക്രട്ടറി എ.പി. ജയന്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, പിന്നാക്ക വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം റ്റി.ഡി. ബൈജു, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ബി. ഹര്‍ഷകുമാര്‍, കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ഏഴംകുളം അജു, കെആര്‍എഫ്ബി എക്‌സിക്യൂട്ടീവ്എഞ്ചിനീയര്‍ ബിന്ദു മാധവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പിഎന്‍പി 4041/22)
വാട്ടര്‍ അതോറിറ്റി റാന്നി സബ് ഡിവിഷന്‍ ഓഫീസ് കെട്ടിട ഉദ്ഘാടനം ഡിസംബര്‍ 14 ന്
ചെറുകോല്‍ – നാരങ്ങാനം – റാന്നി സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം ഡിസംബര്‍ 14 ന്
ചെറുകോല്‍, നാരങ്ങാനം, റാന്നി പഞ്ചായത്തുകള്‍ക്കായി ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 89.60 കോടി രൂപവിനിയോഗിച്ച് നടപ്പാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ഡിസംബര്‍ 14 ന് വൈകുന്നേരം നാലിന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വാഴക്കുന്നം ജംഗ്ഷനില്‍ നിര്‍വഹിക്കും.
ഐ.എച്ച്.ആര്‍.ഡി 2022 ആഗസ്റ്റ്- സെപ്റ്റംബര്‍ മാസത്തില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ)/ ഒന്നും രണ്ടും സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) എന്നീ കോഴ്സുകളുടെ റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം ലഭിക്കും
വിധവകളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനുളള ധനസഹായം പടവുകള്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് ധനസഹായം അനുവദിക്കുന്നതിനായി ഓണ്‍ലൈന്‍ വെബ്സൈറ്റ് മുഖേന അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാനതീയതി ജനുവരി 31.ഫോണ്‍: 0468 2 966 649.
റീ ടെന്‍ഡര്‍ ക്ഷണിച്ചു
പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി പ്രകാരമുളള ജെന്‍ഡര്‍ റിസോഴ്സ് സെന്ററിലെ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററുടെ ഓഫീസിലേക്ക് മേശ, കസേര, അലമാര, ഫാന്‍ തുടങ്ങിയ ഫര്‍ണിച്ചറുകള്‍/ഉപകരണങ്ങള്‍ നല്‍കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും റീ ടെന്‍ഡര്‍ ക്ഷണിച്ചു. റീ ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 17ന് ഉച്ചയ്ക്ക് 12 വരെ. വിവരങ്ങള്‍ക്ക് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 04734 216444, 9961 629 054.
ആസൂത്രണ സമിതി 17 ന്
ജില്ലാ ആസൂത്രണ സമിതി യോഗം ഡിസംബര്‍ 17 ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.