konnivartha.com : പ്രകൃതി ഒരുക്കിയ ദൃശ്യവിസ്മയമാണ് കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ കൂടി ആണെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല .ആര്‍ക്കും കടന്നു വരാം . ജല കണങ്ങള്‍ ധാര ധാരയായി താഴേക്ക് പതിക്കുമ്പോള്‍ അതിലേക്ക് തല വെച്ചൊരു കുളി ആരും കൊതിക്കും . പാറകളില്‍ വഴുക്കല്‍ ഉള്ളതിനാല്‍ സൂക്ഷിക്കുക .
കല്ലേലി ചെളിക്കുഴിയില്‍ മഴക്കാലമായാല്‍ സഞ്ചാരികളുടെ വരവ് ആണ് . പാറയില്‍ നിന്നും തുള്ളി ചാടി എത്തുന്ന വെള്ളം ദേഹത്ത് വീഴുമ്പോള്‍ ആ കുളിരില്‍ ഏവരും മറന്നു നിന്ന് പോകും . വനം അടുത്ത് തന്നെ ഉള്ളതിനാല്‍ ആ കുളിരും ലഭിക്കും . അഴകായി ഒഴുകി എത്തുന്ന ചെറു തോട്ടില്‍ നിന്നും ആണ് പാറ മുകളില്‍ നിന്നും ഈ ജല ധാര .
കല്ലേലി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഇടവഴിയിലൂടെ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിലെത്താം. ഇവിടെ നിന്നാൽ അച്ചൻ കോവിൽ വനത്തിന്‍റെ അതിർത്തിയും കാണാം
25 അടിയിലേറെ ഉയരമുള്ള പാറക്കെട്ടിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യചാരുത മനം കവരുന്നതാണ്.ഫോട്ടോഗ്രഫിയേയും പ്രകൃതിയേയും സ്‌നേഹിക്കുന്നവരാണ് ഇവിടുത്തെ സന്ദർശകരിലേറെയും.കോന്നി എലിയറയ്ക്കൽ കല്ലേലി വഴിയും കൊല്ലൻപടി അതിരുങ്കൽ കുളത്തുമൺ വഴിയും പാടം മാങ്കോട് അതിരുങ്കൽ കുളത്തുമൺ കല്ലേലി വഴിയും രാജഗിരി അതിരുങ്കൽ കുളത്തുമൺ കല്ലേലി വഴിയും വെള്ളച്ചാട്ടം കാണുവാൻ ധാരാളം സഞ്ചാരികൾ എത്തുന്നു