Trending Now

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പശ്ചാത്തല സൗകര്യവികസനത്തിന് മുന്‍തൂക്കം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

 

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പശ്ചാത്തല സൗകര്യവികസനത്തിനായുള്ള പദ്ധതികള്‍ക്ക്് ജില്ലാ പഞ്ചായത്ത് മുന്‍തൂക്കം നല്‍കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എന്നിവയ്ക്ക് ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം കംപ്യൂട്ടറും ലാപ്‌ടോപ്പും വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു പ്രസിഡന്റ്.

പഠനോപകരണങ്ങളില്‍ പ്രധാനമായ കമ്പ്യൂട്ടറുകളും ലാപ്‌ടോപുകളും
ജില്ലയിലെ 30 സ്‌കൂളുകള്‍ക്കാണ് വിതരണം ചെയ്യുന്നത്. ജില്ലയിലെ പല സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപണികളും പശ്ചാത്തല സൗകര്യ വികസന പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമൊരുക്കുന്നതിനായി 31 സ്‌കൂളുകള്‍ക്ക് ബഞ്ചും ഡസ്‌കും കസേരയും നല്‍കിയിരുന്നു. സ്‌കൂളുകളുടെ ആവശ്യകത അനുസരിച്ച് ഈ വര്‍ഷം 60 ലക്ഷം രൂപയുടെ ഫര്‍ണിച്ചറുകള്‍ നല്‍കുമെന്നും പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷത വഹിച്ചു. ജില്ലയിലെ സ്‌കൂളുകളിലെ പഠന നിലവാരത്തിനൊപ്പം ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 20 സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടറുകളും 10 സ്‌കൂളുകള്‍ക്ക് ലാപ്പ്‌ടോപ്പുമാണ് വിതരണം ചെയ്തത്.

പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ രൂപീകരിക്കുന്നതിനുള്ള ജില്ലാതല ജനകീയ ചര്‍ച്ച തുടര്‍ന്ന് നടന്നു. ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് എബ്രഹാം, ഡിഡിഇ രേണുക ഭായി, ഡിഇഒ ഷീലകുമാരിയമ്മ, അസി.ഡയറക്ടര്‍ വിഎച്ച്എസ്‌സി ആര്‍. സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.