Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍

ശരവേഗ സേവനവുമായി എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ (ഇ.എം.സി)

മണ്ഡലകാല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് മല ചവിട്ടുന്ന അയ്യപ്പന്മാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ (ഇ.എം.സി). പമ്പ മുതല്‍ സന്നിധാനം വരെയും വിവിധ ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ചും 17 ഇ.എം.സി സെന്ററുകളാണ് പ്രവര്‍ത്തനം നടത്തുന്നത്.

സന്നിധാനത്ത് മാത്രം നാല് പ്രധാന ആശുപത്രികള്‍ക്ക് പുറമേ വിവിധ ഇടങ്ങളിലായി മൂന്ന് ഇ.എം.സികളും പ്രവര്‍ത്തിക്കുന്നു.

ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന അയ്യപ്പഭക്തര്‍ക്ക് പ്രാഥമിക ശുശ്രൂഷ ഇ.എം.സി സെന്ററുകളില്‍ നിന്നും നല്‍കി കൂടുതല്‍ ചികിത്സ ആവശ്യമായി വരുന്നവരെ സന്നിധാനത്ത് തന്നെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലേക്കും തുടര്‍ ചികിത്സ ആവശ്യമായി വരുന്ന പക്ഷം പമ്പ ആശുപത്രിയിലേക്കും മാറ്റുന്ന രീതിയാണ് ഇഎംസി സെന്ററുകളില്‍ നടക്കുന്നത്.

കാര്‍ഡിയാക് അറസ്റ്റ്, ഫസ്റ്റ് എയ്ഡ്, മുറിവുകള്‍ ഡ്രസ്സിംഗ്, ബി.പി, ഷുഗര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കേണ്ട എല്ലാ സജ്ജീകരണങ്ങളും കേന്ദ്രങ്ങളില്‍ സജ്ജമാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു സെന്ററില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജനറല്‍ നഴ്‌സിംഗ് മെഡിസിന്‍ പൂര്‍ത്തിയാക്കിയ നാല് ജീവനക്കാരുടെ സേവനം ലഭ്യമാണ്. ഇതിന് പുറമെ കേരളത്തിലെ വിവിധ നേഴ്‌സിങ് സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇന്റേണ്‍ഷിപ്പ് അടിസ്ഥാനത്തില്‍ 10 ദിവസത്തെ സേവനം വിവിധ ഇ.എം.സി സെന്ററുകളില്‍ നടത്തുന്നു.

ശബരിമല: വിവിധ ഭാഷകളിലെ വീഡിയോചിത്രങ്ങള്‍ പോലീസ് പുറത്തിറക്കി

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കേരള പോലീസ് തയ്യാറാക്കിയ വീഡിയോചിത്രങ്ങള്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പ്രകാശനം ചെയ്തു.

കേരളത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ തയ്യാറാക്കിയ ഈ വീഡിയോചിത്രങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഏറെ സഹായകരമാകും.

ജനമൈത്രി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ കൂടിയായ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്‍. നിശാന്തിനിയുടെ നേതൃത്വത്തില്‍ റെയില്‍വേ പോലീസും കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്ലും ചേര്‍ന്നാണ് വീഡിയോ തയ്യാറാക്കിയത്. സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ ഫെയ്‌സ്ബുക്ക് പേജ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യുട്യൂബ് അക്കൗണ്ടുകളില്‍ വീഡിയോചിത്രങ്ങള്‍ കാണാം.

ശബരിമലയിലെ ഇന്നത്തെ ചടങ്ങുകള്‍
(07.12.2022)
………
പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍
3 ന്…. തിരുനട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11 മണി വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം
7.30 ന് ഉഷപൂജ
11.30. ന് ..25 കലശാഭിഷേകം
12 മണിക്ക് കളഭാഭിഷേകം
12.30ന് ……ഉച്ചപൂജ
1മണിക്ക് ക്ഷേത്രനട അടയ്ക്കല്‍
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്… ദീപാരാധന
7 മണിമുതല്‍ പുഷ്പാഭിഷേകം
9.30 മണിക്ക് …അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

അഗ്‌നിരക്ഷാസേനയുടെ ഇടപെടല്‍
ആഴിയിലേക്ക് അബദ്ധത്തില്‍ വീണ മൊബൈല്‍ ഫോണ്‍ വീണ്ടെടുത്തു

അബദ്ധത്തില്‍ സന്നിധാനത്തെ ആഴിയിലേക്ക് വീണ തീര്‍ഥാടകന്റെ ഫോണ്‍ അഗ്നി രക്ഷാ സേനയുടെ സമയോചിത ഇടപെടല്‍ മൂലം ഉടമയ്ക്ക് തിരികെ ലഭിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥന് പൊള്ളലേറ്റു. കിളിമാനൂര്‍ പള്ളിക്കല്‍ ആനകുന്നം ചന്ദന ഹൗസില്‍ അഖില്‍ രാജിന്റെ മൊബൈല്‍ ഫോണാണ് അഗ്നിരക്ഷാ സേനയുടെ ഇടപെടല്‍ മൂലം ആഴിയില്‍ നിന്നും വീണ്ടെടുത്തത്. ഫയര്‍ ഓഫീസറായ വി. സുരേഷ് കുമാറിനാണ് പൊള്ളലേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ആറോടെ ആയിരുന്നു സംഭവം. അഭിഷേകത്തിന് നെയ്യ് ശേഖരിച്ച ശേഷം ആഴിയിലേക്ക് തേങ്ങ വലിച്ചെറിയുന്നതിനിടെ മൊബൈല്‍ ഫോണും ആഴിയില്‍ വീഴുകയായിരുന്നു.
അഗ്നിരക്ഷാസേനയുടെ സന്നിധാനം കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. മധുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ റെസ്‌ക്യു ഓഫീസര്‍ ഗണേശന്‍, ഫയര്‍ ഓഫീസര്‍മാരായ വി. സുരേഷ് കുമാര്‍, പി.വി. ഉണ്ണികൃഷ്ണന്‍, ഇന്ദിരാ കാന്ത്, എസ്.എല്‍. അരുണ്‍കുമാര്‍ എന്നിവരുടെ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നേരിയ പൊള്ളലേറ്റ സുരേഷ് കുമാര്‍ സന്നിധാനം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.