Trending Now

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ ( 06/12/2022)

പരിഹരിക്കാനുള്ള കേസുകള്‍ സംബന്ധിച്ച് ചര്‍ച്ച
ജില്ലാ വനിത ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പരിഹരിക്കാനുള്ള കേസുകള്‍ സംബന്ധിച്ച് മധ്യസ്ഥത, ചര്‍ച്ച ഇന്ന്(7) ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. സബ് ജഡ്ജ് ദേവന്‍ കെ മേനോന്‍ ക്ലാസ് നയിക്കും.

ഗതാഗത നിയന്ത്രണം
കുമ്പഴ- മലയാലപ്പുഴ റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലെ വാഹന ഗതാഗതം ഡിസംബര്‍ എട്ടു മുതല്‍ ഒരാഴ്ചത്തേക്ക് ഭാഗികമായി നിയന്ത്രിച്ചു. പത്തനംതിട്ടയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കുമ്പഴ-കളീയ്ക്കപ്പടി -പ്ലാവേലി വഴിയും മലയാലപ്പുഴയില്‍ നിന്ന് പത്തനംതിട്ടയിലേക്ക്  വരുന്ന വാഹനങ്ങള്‍ മണ്ണാറക്കുളഞ്ഞി- മാര്‍ക്കറ്റ് ജംഗ്ഷന്‍ – മൈലപ്ര വഴിയും തിരിഞ്ഞു പോകണം.


ബോധവല്‍ക്കരണ പരിപാടി

വനിത ശിശുവികസന വകുപ്പിന്റെ കണ്‍വര്‍ജന്‍സ് ആക്ഷന്‍ പ്ലാന്‍ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ജില്ലാതല മേധാവികളെ പങ്കെടുപ്പിച്ച് ഡിസംബര്‍ എട്ടിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും.

അടൂര്‍ പള്ളിക്കലാര്‍ വികസനത്തിന് എട്ടു കോടി രൂപയുടെ പദ്ധതിക്ക് ടെന്‍ഡറിംഗ് നടപടിയായി: ഡെപ്യൂട്ടി സ്പീക്കര്‍
അടൂര്‍ നിയോജക മണ്ഡലത്തിലെ വലിയതോട് പള്ളിക്കലാറിന്റെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് എട്ട് കോടി രൂപയുടെ സമഗ്ര പദ്ധതിക്ക് സാങ്കേതിക അനുമതി പൂര്‍ത്തീകരിച്ച് ടെന്‍ഡറിംഗ് നടപടി ആയതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. അടൂര്‍ മുനിസിപ്പാലിറ്റി ഉള്‍പ്പെടെ ഏഴംകുളം, ഏറത്ത്, പള്ളിക്കല്‍, കടമ്പനാട് എന്നീ നാല് പഞ്ചായത്തുകളിലുള്ള വലിയ തോടിന്റെ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.   പള്ളിക്കല്‍ ആറിന്റെ എക്കലും ഇതര മാലിന്യങ്ങളും നീക്കം ചെയ്യുക, ആവശ്യമായിടത്ത് കടവുകള്‍ നിര്‍മിക്കുക, സംരക്ഷണഭിത്തി നിര്‍മിക്കുക, തടയണയുടെ നിര്‍മാണം, പള്ളിക്കല്‍ ആറിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ നെറ്റിംഗ് സംവിധാനം, ശുചിത്വാവബോധം സംബന്ധിച്ച് അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, ടൗണ്‍ ഭാഗത്ത് തോടിന്റെ വശങ്ങളിലായി ഇന്റര്‍ലോക്ക് പാകല്‍, നിരീക്ഷണ കാമറകള്‍ സ്ഥാപിക്കല്‍ അടക്കമുള്ള സമഗ്ര പുനരുജീവന പ്രവൃത്തികളാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. പള്ളിക്കല്‍ ആറിന്റെ സമഗ്ര വികസനം ലക്ഷ്യം വച്ചാണ് എട്ടു കോടി രൂപയുടെ വിപുല പദ്ധതിക്ക് അംഗീകാരം നല്‍കിയതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.

 

അടൂര്‍ ടൗണ്‍ ഇരട്ടപ്പാലം ഉദ്ഘാടനം ഡിസംബര്‍ 14ന്
അടൂര്‍ ടൗണിലെ പുതിയ ഇരട്ടപ്പാലം ഉദ്ഘാടനം ഡിസംബര്‍ 14ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കുമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. കിഫ്ബി മുഖേന നിര്‍മിച്ച പാലം ഉദ്ഘാടനത്തിന് സജ്ജമായിട്ടുണ്ട്. അടൂര്‍ നഗരമധ്യത്തിലെ ഗതാഗത കുരുക്കിനും ഈ ഭാഗത്ത് മഴമൂലം ഉണ്ടാകുന്ന വെള്ളക്കെട്ടിനും ശാശ്വത പരിഹാരമാണ് ഈ പദ്ധതിയെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.


കോന്നി താലൂക്കാശുപത്രി  നിര്‍മാണ പുരോഗതി അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ വിലയിരുത്തി

കോന്നി താലൂക്ക് ആശുപത്രിയിലെ നിര്‍മാണ പ്രവര്‍ത്തികള്‍  അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു വിലയിരുത്തി. 13.79 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തികളാണ് ഇപ്പോള്‍ ആശുപത്രിയില്‍ നടക്കുന്നത്. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച  ഏഴരക്കോടി രൂപയ്ക്കാണ് കെട്ടിട നിര്‍മാണ  പ്രവര്‍ത്തി  പുരോഗമിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് നിര്‍വഹണ ഏജന്‍സി.

പുതിയ കെട്ടിടത്തില്‍ നിലവിലെ കാഷ്വാലിറ്റിയില്‍ ആണ്  ആധുനിക ആര്‍ദ്രം ഒപി ബ്ലോക്ക് ക്രമീകരിക്കുന്നത്. ഇതിനായി 93 ലക്ഷം രൂപ  വകയിരുത്തിയിട്ടുണ്ട്. ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ് ആണ് നിര്‍വഹണ ഏജന്‍സി.

ഒന്നാം നിലയില്‍ ഒപി ബ്ലോക്ക് ക്രമീകരിക്കുന്നതിനൊപ്പം ഗ്രൗണ്ട് ഫ്‌ളോറിലേക്ക് ക്യാഷ്വാലിറ്റി മാറ്റി ക്രമീകരിക്കും. നിര്‍മാണം പൂര്‍ത്തീകരിച്ച  രണ്ടാം നിലയില്‍ ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച്  ആധുനിക ഗൈനക്കോളജി വാര്‍ഡ് ക്രമീകരിക്കും. ആധുനിക ലേബര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, ആധുനിക ലേബര്‍ റൂം, ആധുനിക ലേബര്‍ വാര്‍ഡ്  എന്നിവ ക്രമീകരിക്കും. ഇതിനായി 2.7 കോടി രൂപ  വകയിരുത്തി നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്. കെല്‍ ആണ് നിര്‍വഹണ ഏജന്‍സി. നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന മൂന്നാം നിലയില്‍ നേത്രരോഗികള്‍ക്കായി  ആധുനിക ഐ ഓപ്പറേഷന്‍ തിയേറ്ററും, ഐ വാര്‍ഡും ക്രമീകരിക്കും. ഇതിനായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍  എന്റര്‍പ്രൈസസ്  ലിമിറ്റഡ് ആണ് നിര്‍വഹണ ഏജന്‍സി. ഇതേ ഫ്‌ളോറില്‍ തന്നെ ഓപ്പറേഷന്‍ തിയേറ്ററും ക്രമീകരിക്കും.
നാലാം നിലയില്‍ പുരുഷന്‍ മാര്‍ക്കുള്ള വാര്‍ഡും ഡോക്ടര്‍മാരുടെ മുറികളും ക്രമീകരിക്കും.  എല്ലാ നിലയിലും നഴ്‌സിംഗ് സ്റ്റേഷനുകള്‍  ക്രമീകരിക്കുന്നുണ്ട്.
ഇപ്പോള്‍ താലൂക്ക് ആശുപത്രിയില്‍ നിലവില്‍ ഉള്ള കിടത്തി ചികിത്സ വാര്‍ഡിനു പുറകുവശത്തുള്ള സ്ഥലത്താണ് എംഎല്‍എ ഫണ്ടില്‍ നിന്നും 1.79 കോടി രൂപ ഐസൊലേഷന്‍ വാര്‍ഡിനായി അനുവദിച്ചിട്ടുണ്ട്. കിഫ്ബി മുഖാന്തിരം കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനാണ് നിര്‍മാണ പ്രവര്‍ത്തിയുടെ നിര്‍വഹണ ഏജന്‍സി.  വാര്‍ഡിലേക്ക് പോകുവാനുള്ള വഴി നിര്‍മിക്കുവാനും  നിലവിലെ കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തികള്‍ക്കുമായി  എംഎല്‍എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ജില്ലാ നിര്‍മിതി കേന്ദ്രമാണ്  നിര്‍വഹണ ഏജന്‍സി.

താലൂക്ക് ആശുപത്രിയിലെ നിര്‍മാണ പ്രവര്‍ത്തികള്‍ നേരിട്ട് പരിശോധിച്ച എംഎല്‍എ,
പ്രവര്‍ത്തികള്‍ വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന്  ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. യോഗത്തില്‍ എംഎല്‍എ യോടൊപ്പം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് ബേബി, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീന രാജന്‍, പത്തനംതിട്ട എന്‍എച്ച്എം ഡി.പി.എം ഡോ. ശ്രീകുമാര്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട്  ഡോ. ഗ്രേസ് മറിയം, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്  എന്‍ജിനീയര്‍ ആശ, അസിസ്റ്റന്റ് എന്‍ജിനീയര്‍ മെജോ, പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ ശ്യാംകുമാര്‍, താലൂക്ക് ആശുപത്രി ആര്‍എംഒ  ഡോ. അരുണ്‍, കെഎസ്‌ഐ  സൈറ്റ് എന്‍ജിനീയര്‍ തമീം, എഫ് ഐ ടി  സൈറ്റ് എന്‍ജിനീയര്‍ അജ്മല്‍ ഘോഷ്, സുഗതന്‍, കെല്‍ സൈറ്റ് എന്‍ജിനീയര്‍ വിധുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!