ഡ്രോണ്‍ നിരീക്ഷണ പറത്തല്‍ നടത്തി
ശബരിമലയിലും പരിസരത്തും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണ പറത്തല്‍ നടത്തി. പമ്പ, നിലയ്ക്കല്‍, പാണ്ടിത്താവളം സന്നിധാന പരിസരം എന്നിവിടങ്ങളിലാണ് ഡ്രോണ്‍ ഉപയോഗിച്ച് പോലീസ് തിങ്കളാഴ്ച നിരീക്ഷിച്ചത്.
പാണ്ടിത്താവളത്തില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങിയ ഡ്രോണ്‍ വനഭാഗങ്ങള്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തി. 120 മീറ്റര്‍ ഉയരത്തില്‍ പറന്ന് 900 മീറ്റര്‍ അകലെ വരെയുള്ള ദൃശ്യങ്ങള്‍ ലഭ്യമാക്കിയതായി പോലീസ് അറിയിച്ചു.
സംശയാസ്പദമായ കാര്യങ്ങള്‍ ഉണ്ടോ എന്നറിയാനാണ് വനഭാഗങ്ങളില്‍ ഉള്‍പ്പെടെ ആകാശനിരീക്ഷണം നടത്തിയതെന്ന് സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ കെ ഹരിശ്ചന്ദ്ര നായിക് പറഞ്ഞു. സന്നിധാനത്തിന്റെ പുറത്തുള്ള പ്രദേശങ്ങളാണ് കൂടുതല്‍ നിരീക്ഷണ വിധേയമാക്കിയത്.
വനംവകുപ്പ് ശബരിമലയില്‍ നിന്ന് നാടുകടത്തിയത് 75 പന്നികളെ
* സന്നിധാനത്ത് വകുപ്പ് നടത്തിയത് വിപുലമായ മുന്നൊരുക്കങ്ങള്‍*
*ഇതുവരെ പിടികൂടിയത് 61 പാമ്പുകളെ*
ശബരിമല മണ്ഡലകാലം മകരവിളക്ക് മഹോത്സവമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളാണ് സന്നിധാനത്ത് സുരക്ഷ ഒരുക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളില്‍ ഒന്നാണ് വനം. മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വനം വകുപ്പ് സന്നിധാനത്ത് ജാഗരൂകരാണ്.
അയ്യപ്പഭക്തന്മാരുടെ സുരക്ഷിത കാനന യാത്ര, കാടിന്റെയും വന്യമൃഗങ്ങളുടെയും സുരക്ഷിതത്വം എന്നിവയ്ക്ക് മുന്‍കരുതല്‍ നല്‍കിയാണ് വനം വകുപ്പ് എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരിക്കുന്നത്.
മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സന്നിധാനത്ത് നിന്നും 75 പന്നികളെ പിടികൂടി മാറ്റി.
മുന്‍ വര്‍ഷങ്ങളില്‍ അയ്യപ്പഭക്തര്‍ക്ക് അപകടകരമാകുന്ന രീതിയില്‍ കണ്ടുവന്ന പന്നികളെ സന്നിധാനത്ത് നിന്ന് നീക്കം ചെയ്യാന്‍ കഴിഞ്ഞത് വനംവകുപ്പിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ്. വലിയ കൂടുകളില്‍ പിടികൂടിയ പന്നികളെ ഗവി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് തുറന്നുവിട്ടത്. പന്നികളെ പിടികൂടി മറ്റെവിടേക്കെങ്കിലും മാറ്റാന്‍ പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു.
മണ്ഡലകാലം ആരംഭിച്ചതിനു ശേഷം ഇന്നലെ (ഡിസംബര്‍ 5) വരെ 61 പാമ്പുകളെയാണ് സന്നിധാനത്ത് നിന്ന് മാത്രം പിടികൂടിയത്. പിടികൂടിയവയെ സുരക്ഷിതമായി ഉള്‍ക്കാടുകളില്‍ തുറന്നു വിടും.
ഇടത്താവളങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എലിഫന്റ് സ്‌ക്വാഡ്, സ്‌നേക്ക് സ്‌ക്വാഡ് തുടങ്ങിയ വിഭാഗങ്ങളില്‍ പ്രത്യേകം ട്രെയിനിങ് ലഭിച്ച ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാണ്.
എരുമേലി, പുല്‍മേട് തുടങ്ങിയ കാനനപാതകളില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഉപകരണങ്ങളാല്‍ സദാസമയവും നിരീക്ഷണം നടത്തുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ ഇവ ചെറുക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും സജ്ജമാണ്. ഇതിന് പുറമെ, രാത്രി സമയങ്ങളില്‍ വനാതിര്‍ത്തികളില്‍ പ്രത്യേക സ്‌ക്വാഡുകളുടെ സുരക്ഷാ പെട്രോളിഗും നടത്തുന്നു.
കുരങ്ങ്, മലയണ്ണാന്‍ തുടങ്ങിയ വന്യജീവികള്‍ക്ക് ഭക്ഷണപദാര്‍ത്ഥങ്ങള്‍ നല്‍കരുതെന്ന് അയ്യപ്പഭക്തരോട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിക്കുന്നു. വനഭൂമിയെ മാലിന്യമാക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുകയും വേണം.
നിലക്കല്‍-പമ്പ റൂട്ടില്‍ ബസുകളുടെ എണ്ണം 189 ആയി; 15 എ.സി ബസുകള്‍ ഉടനെത്തും
*വരുമാനം 10 കോടിയോടടുത്തു*
കെ.എസ്.ആര്‍.ടി.സി പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് റൂട്ടില്‍ ബസുകളുടെ എണ്ണം 189 ആയി വര്‍ധിപ്പിച്ചു. നേരത്തെ 171 ബസുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ശബരിമലയിലേക്കുള്ള ഭക്തജന പ്രവാഹം വര്‍ധിച്ചതോടെയാണ് വിവിധ ഡിപ്പോകളില്‍ നിന്ന് കൂടുതല്‍ ബസുകള്‍ എത്തിച്ചത്.
രണ്ട് ദിവസത്തിനകം 15 എ.സി ലോ ഫ്‌ലോര്‍ ബസുകള്‍ കൂടി എത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. ഇതോടെ എ.സി ബസുകളുടെ എണ്ണം 60 ആകും.
നിലവിലെ 189 ബസുകളില്‍ 45 എണ്ണം എ.സി ലോ ഫ്‌ലോര്‍ ബസുകളാണ്. ആകെ ബസുകളില്‍ മൂന്നില്‍ ഒരു ഭാഗം എ.സി എന്ന നയമാണ് അധികൃതര്‍ പിന്തുടരുന്നത്. ഡിസംബര്‍ 5 ന് മാത്രം 2,055 റൗണ്ട് സര്‍വീസുകളാണ് ഇരു ഭാഗത്തേക്കുമായി കെ.എസ്.ആര്‍.ടി.സി നടത്തിയത്.
മണ്ഡലകാലം തുടങ്ങിയശേഷം നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസില്‍ നിന്ന് മാത്രം കെ.എസ്.ആര്‍.ടി.സി 10 കോടി രൂപയ്ക്കടുത്ത് വരുമാനം നേടി. തിങ്കളാഴ്ച (ഡിസംബര്‍ 5) വരെയുള്ള കണക്കാണിത്.
നവംബര്‍ 30 വരെയുള്ള കാലയളവില്‍ ചെയിന്‍ സര്‍വീസിലൂടെ മാത്രം 10,93,716 പേര്‍ ശബരിമലയില്‍ എത്തി.
നിലയ്ക്കല്‍-പമ്പ എ.സി ബസുകള്‍ക്ക് 80 രൂപയും, മറ്റ് എല്ലാ സര്‍വീസുകള്‍ക്കും 50 രൂപയുമാണ് നിരക്ക്.
ശബരിമലയില്‍ ചടങ്ങുകള്‍
(06.12.2022)
………
പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍
3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11 മണി വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം
7.30 ന് ഉഷപൂജ
11.30 ന് ..25 കലശാഭിഷേകം
12 മണിക്ക് കളഭാഭിഷേകം
12.30ന് ……ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കല്‍
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ന്… ദീപാരാധന
7 മണി മുതല്‍ പുഷ്പാഭിഷേകം
9.30 മണിക്ക് …അത്താഴപൂജ
10.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.