അത്യാഹിത സമയത്ത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാന്‍ കൃത്യമായ പരിശീലനവും അറിവും മനസാന്നിധ്യവും സന്നദ്ധസേന അംഗങ്ങള്‍ക്ക് ഉണ്ടാകണമെന്ന് ജില്ലാ കളക്ടറും ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
സാമൂഹിക സന്നദ്ധ സേന ഡയറക്ടറേറ്റും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച സന്നദ്ധ സേന വോളന്റിയര്‍മാര്‍ക്കായുള്ള ദുരന്ത മുന്നൊരുക്ക പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. അത്യാഹിതങ്ങള്‍ ഉണ്ടാകുന്ന സമയത്ത് എന്താണ് ചെയ്യേണ്ടത് എന്ന് ചിന്തിച്ചെടുക്കാനുള്ള മനസാന്നിധ്യം പലപ്പോഴും നമ്മള്‍ക്ക് ഉണ്ടാകാറില്ല. എന്നാല്‍ കൃത്യമായ പരിശീലനത്തിലൂടെയും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും ഏതു ദുര്‍ഘട സാഹചര്യത്തെയും തരണം ചെയ്യാന്‍ കഴിയും. ഇതുപോലെയുള്ള പരിശീലന പരിപാടികള്‍ അതിനു സഹായകമാകും.
പരിസ്ഥിതി സൗഹാര്‍ദമായിട്ടുള്ളതും അന്തരീക്ഷ മലിനീകരണം വളരെ കുറവുള്ളതുമായ ജില്ലയാണ് പത്തനംതിട്ട. എന്നാല്‍ ജില്ലയുടെ പ്രത്യേകതകള്‍ കൊണ്ടും കാലാവസ്ഥ വ്യതിയാനം കൊണ്ടും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് മറ്റുള്ളവരെ പഠിപ്പിക്കാന്‍ അനുഭവസമ്പത്തുള്ള ജനതയായി നാം മാറിയിട്ടുണ്ട്. ദുരന്തങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ വ്യക്തമായ ധാരണയോടെയുള്ള കൃത്യമായ ഇടപെടലുകള്‍ ജില്ലയില്‍ ഉടനീളം ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ജില്ലയില്‍ കരുത്തുറ്റ ഒരു സന്നദ്ധ സേന വേണമെന്ന തീരുമാനമെടുത്തത്.
ദുരന്തനിവാരണ ചക്രത്തിലെ അഞ്ച് പടികളാണ് തയാറെടുപ്പ്, ആഘാതം കുറയ്ക്കല്‍, പ്രതികരണം, പുനരധിവാസം, പുനര്‍നിര്‍മാണം എന്നിവ. ഇതില്‍ ആദ്യ മൂന്നു ഘട്ടങ്ങളിലാണ് സന്നദ്ധസേനയ്ക്ക് പ്രധാനമായും സഹായിക്കാന്‍ കഴിയുന്നത്. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതിനോടൊപ്പം സ്വയം സുരക്ഷ കൂടി ഉറപ്പുവരുത്തണമെന്ന് സന്നദ്ധസേന അംഗങ്ങളായ കുട്ടികളെ കളക്ടര്‍ ഓര്‍മിപ്പിച്ചു.
പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. കോഴഞ്ചേരി തഹസില്‍ദാര്‍ ജി. മോഹനകുമാരന്‍ നായര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.രചന ചിദംബരം, ഹസാഡ് അനലിസ്റ്റ് ജോണ്‍ റിച്ചാര്‍ഡ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സന്നദ്ധ സേന അംഗങ്ങളായ കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പത്തനംതിട്ട അഗ്നിശമനസേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി. സന്തോഷ് കുമാര്‍, കൂടല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ ജയപ്രകാശ് തുടങ്ങിയവര്‍ സന്നദ്ധസേന വോളന്റിയര്‍മാര്‍ക്കായുള്ള പരിശീലന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.