സഹനമല്ല ശബ്ദമാണ് – രാത്രി നടത്തം സംഘടിപ്പിച്ച് കുടുംബശ്രീ

കേന്ദ്ര ഗ്രാമവികസന മന്ത്രാലയം എന്‍.ആര്‍.എല്‍.എം പദ്ധതി മുഖാന്തിരം ദേശീയ വ്യാപകമായി ഡിസംബര്‍ 23 വരെ വിവിധ പരിപാടികളോടെ ജെന്‍ഡര്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ലിംഗപദവി സമത്വവും ലിംഗാധിഷ്ഠിത അതിക്രമങ്ങളും എന്നതാണ് ക്യാമ്പയിന്റെ തീം. എന്‍.ആര്‍.എല്‍.എം പദ്ധതി നടപ്പാക്കുന്ന എല്ലാ സംസ്ഥാനങ്ങളും വിവിധ വകുപ്പുകളും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

 

നാല് ആഴ്ചകളിലായി നടക്കുന്ന ക്യാമ്പയിന്റെ ഓരോ ഘട്ടത്തിലും ജില്ല, സി.ഡി.എസ്, എ.ഡി.എസ്, ഓക്സിലറി ഗ്രൂപ്പ്, അയല്‍ക്കൂട്ടതലങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും അവയുടെ കൃത്യമായ ഡോക്യുമെന്റേഷന്‍ നടത്തുകയും ചെയ്യും.

 

2021-22 സാമ്പത്തിക വര്‍ഷം കുടുംബശ്രീ സംഘടിപ്പിച്ച സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്റെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ നിര്‍മാര്‍ജന ദിനത്തില്‍  ആറന്മുള യുവജന  സാംസ്‌കാരിക ശാലയ്ക്ക് സമീപം സംഘടിപ്പിച്ച പൊതുപരിപാടിയില്‍ ജെന്‍ഡര്‍ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് ജെ. ഇന്ദിരാദേവി മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ഉഷാകുമാരിയുടെ അധ്യക്ഷതയില്‍ നിര്‍വഹിച്ചു.

ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏറ്റെടുത്തു നടപ്പാക്കുക വഴി ലിംഗതുല്യത, ലിംഗനീതി, സമത്വം എന്നിവ ഉറപ്പാക്കുന്നതിനും സ്ത്രീകളെ സ്വയംപര്യാപ്തരാക്കുന്നതിനും സാധിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും പോസ്റ്റര്‍ പ്രചരണവും രാത്രി നടത്തവും സംഘടിപ്പിച്ചു.   സഹനമല്ല ശബ്ദമാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തി അയല്‍ക്കൂട്ട അംഗങ്ങള്‍ പ്ലക്കാര്‍ഡുകള്‍ പിടിച്ചും പോസ്റ്റര്‍ ഒട്ടിച്ചും ദീപം തെളിയിച്ചും പങ്കാളികളായി.

error: Content is protected !!