Trending Now

ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന് ആറന്മുളയില്‍ ഉജ്ജ്വല തുടക്കം

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനായി വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ആറന്മുള കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെയാണ് കാമ്പയിന്‍. ഇതോട് അനുബന്ധിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്കായുള്ള ശില്‍പശാലയും നടന്നു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സാറാ പി. തോമസ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പാല്‍ ഡോ.ഇന്ദു പി.നായര്‍ വിദ്യാര്‍ഥികള്‍ക്ക് സന്ദേശം നല്‍കി. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ പി.എസ് തസ്നീം വിഷയാവതരണം നടത്തി.  വിവിഒഎക്സ് ഫൗണ്ടര്‍ സംഗീത് സെബാസ്റ്റ്യന്‍ എലിമിനേഷന്‍ ഓഫ് വയലന്‍സ് എഗന്‍സ്റ്റ് വിമന്‍ എന്ന വിഷയത്തില്‍ ശില്‍പശാല നയിച്ചു.

വനിതാ  സംരക്ഷണ ഓഫീസര്‍ എ. നിസ,  എന്‍എസ്എസ്  പ്രോഗ്രാം ഓഫീസര്‍ കെ.ടി അനൂപ്,  ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നീതാ ദാസ്, ജില്ലാതല ഐസിഡിഎസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ ആര്‍. നിഷാ നായര്‍, സീനിയര്‍ സൂപ്രണ്ട് പി.എന്‍. രാജലക്ഷ്മി, ജൂനിയര്‍ സൂപ്രണ്ട് ജി. സ്വപ്നമോള്‍ എന്നിവര്‍ പങ്കെടുത്തു.