Trending Now

കോന്നി മണ്ഡലത്തിലെ റീബില്‍ഡ് കേരള പ്രവര്‍ത്തന പുരോഗതി വിലയിരുത്തി

കോന്നി നിയോജക മണ്ഡലത്തിലെ റീബില്‍ഡ് കേരളയുടെ പ്രവര്‍ത്തന പുരോഗതി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ വിലയിരുത്തി. നാല് റോഡ് പ്രവര്‍ത്തികളാണ് മണ്ഡലത്തില്‍ നിര്‍മാണം പുരോഗമിക്കുന്നത്. പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന്  പ്രവര്‍ത്തന കലണ്ടര്‍ യോഗത്തില്‍ തയാറാക്കി.

തണ്ണിത്തോട് പഞ്ചായത്തില്‍ 4.32 കിലോമീറ്റര്‍ ദൂരമുള്ള തണ്ണിത്തോട് പ്ലാന്റേഷന്‍ തേക്കുതോട് റോഡ്  5.05 കോടി രൂപയ്ക്കാണ് ആധുനിക നിലവാരത്തില്‍ ഡി.ബി.എം-ബി.സി ടാറിങ്ങില്‍ വികസിപ്പിക്കുന്നത്. പ്രവര്‍ത്തിയുടെ ആദ്യഘട്ട ടാറിംഗ് പൂര്‍ണമായും പൂര്‍ത്തിയായിട്ടുണ്ട്. അഞ്ചര മീറ്റര്‍ വീതിയിലാണ് ടാറിങ് നടത്തിയിട്ടുള്ളത്. റോഡിന്റെ സംരക്ഷണഭിത്തിയും  റോഡിന്റെ വീതി വര്‍ധിപ്പിക്കലും  വെള്ളം ഒഴുകിപ്പോകാനുള്ള ചപ്പാത്തുകളുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. ഇനിയും പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തികളായ രണ്ടാംഘട്ട ടാറിങ്  ഡിസംബര്‍ മാസം പൂര്‍ത്തിയാക്കും. ഐറിഷ് ഓടകളുടെ പ്രവര്‍ത്തിയും ട്രാഫിക് സേഫ്റ്റി പ്രവര്‍ത്തികളും  2023 ജനുവരി 15 നുള്ളില്‍ പൂര്‍ത്തീകരിക്കും.

സീതത്തോട് പഞ്ചായത്തിലെ കോട്ടമണ്‍പാറ മേലെ കോട്ടമണ്‍പാറ പാണ്ഡ്യന്‍ പാറ റോഡ് 1.79 കിലോമീറ്റര്‍ ദൂരത്തില്‍ 2.48 കോടി രൂപയ്ക്കാണ് ആധുനിക നിലവാരത്തില്‍ നിര്‍മ്മിക്കുന്നത്. പ്രവര്‍ത്തിയില്‍ ഒരു കിലോമീറ്റര്‍ റോഡ് കോണ്‍ക്രീറ്റും, 4 കലുങ്കുകളുടെ നിര്‍മാണവും  റോഡിന്റെ വീതി വര്‍ധിപ്പിക്കലും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രവര്‍ത്തിയുടെ സിമന്റ് സ്റ്റെബിലൈസേഷന്‍ 2022 ഡിസംബര്‍ 20 നുള്ളിലും, ബി.സി ടാറിങ് 2023 ജനുവരി 30 നുള്ളിലും ഐറിഷ് ഓടകളുടെ നിര്‍മാണവും ട്രാഫിക് സേഫ്റ്റി പ്രവര്‍ത്തികളും 2023 ഫെബ്രുവരി 28 നുള്ളിലും പൂര്‍ത്തീകരിക്കും.

അരുവാപ്പുലം പഞ്ചായത്തിലെ പഞ്ചായത്ത് പടി പുളിഞ്ചാണി രാധപ്പടി റോഡ് 3.06 കിലോമീറ്റര്‍ ദൂരത്തില്‍ 4.04 കോടി രൂപയ്ക്കാണ് ആധുനിക നിലവാരത്തില്‍ വികസിപ്പിക്കുന്നത്. ദീര്‍ഘനാളായി തകര്‍ന്നു കിടന്ന റോഡില്‍  10 കലുങ്കുകളുടെ നിര്‍മാണ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഓടയുടെ നിര്‍മ്മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. പ്രവര്‍ത്തിയുടെ സിമന്റ് സ്റ്റെബിലൈസേഷന്‍ ആദ്യഭാഗം  ഡിസംബര്‍ 21 നു പൂര്‍ത്തീകരിക്കും.  ബാക്കിയുള്ള രണ്ടു കലുങ്കുകളുടെ  നിര്‍മാണം  2023 ജനുവരി 20 നുള്ളില്‍ പൂര്‍ത്തീകരിക്കും.

സിമന്റ് സ്റ്റെബിലൈസേഷന്‍ രണ്ടാം ഭാഗം 2023 ഫെബ്രുവരി 20 നുള്ളില്‍ പൂര്‍ത്തീകരിക്കും. പ്രവര്‍ത്തിയുടെ ടാറിങ്  2023  ഏപ്രില്‍ 11 നുള്ളില്‍ പൂര്‍ത്തീകരിക്കും. ഏപ്രില്‍ 24നുള്ളില്‍ രണ്ടാംഘട്ട ടാറിങ് പൂര്‍ത്തിയാക്കും. ഐറിഷ് ഓടകളുടെ പ്രവര്‍ത്തി  ഏപ്രില്‍ 30നുള്ളില്‍ പൂര്‍ത്തീകരിക്കും. ട്രാഫിക് സുരക്ഷാ പ്രവര്‍ത്തികള്‍ മേയ് മാസം 15 നുള്ളില്‍ പൂര്‍ത്തീകരിക്കും.

കോന്നി ഗ്രാമപഞ്ചായത്തില്‍ കോന്നി പോലീസ് സ്റ്റേഷന്‍ -ടിവിഎം ആശുപത്രി- ഇളങ്ങ വട്ടം ക്ഷേത്രം റോഡ് 2.89 കിലോമീറ്റര്‍ ദൂരത്തില്‍ 2.57 കോടി രൂപയ്ക്കാണ് ആധുനിക നിലവാരത്തില്‍ വികസിപ്പിക്കുന്നത്.  പ്രവര്‍ത്തിയുടെ കോന്നി മാര്‍ക്കറ്റിന് സമീപമുള്ള കലുങ്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്. കലുങ്കിന്റെ വലുപ്പം കാരണം ഓടയില്‍ കൂടി ഒഴുകിയെത്തുന്ന വെള്ളം  കലുങ്കിനുള്ളില്‍  കെട്ടിക്കിടക്കുന്നത് പരാതിക്ക് ഇടയാക്കിയിരുന്നു.  റോഡ് സന്ദര്‍ശിച്ച എംഎല്‍എ രണ്ടുദിവസത്തിനുള്ളില്‍  പരിഹാരം കാണുവാന്‍  റീ ബില്‍ഡ് കേരള കോട്ടയം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കി.
ഡിസംബര്‍ മാസത്തില്‍ റോഡിന്റെ  കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കും. 2023 ജനുവരി 20ന്  പോലീസ് സ്റ്റേഷന്‍ മുതല്‍ ടിവിഎം ആശുപത്രി വരെയുള്ള നിലവിലുള്ള ടാറിങ് ഇളക്കിമാറ്റും. പ്രവര്‍ത്തിയുടെ സിമന്റ് സ്റ്റെബിലൈസേഷന്‍ ജനുവരി 30 നുള്ളില്‍ പൂര്‍ത്തീകരിക്കും. ആധുനിക രീതിയിലുള്ള ടാറിങ്  2023മാര്‍ച്ച് 10 നുള്ളില്‍ പൂര്‍ത്തീകരിക്കും.

 

ഐറിഷ് ഓടകളുടെ നിര്‍മാണം മാര്‍ച്ച് 15 നു ഉള്ളില്‍ പൂര്‍ത്തീകരിക്കും.  ട്രാഫിക് സുരക്ഷാപ്രവര്‍ത്തികളും സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കലും മാര്‍ച്ച് 31 ഉള്ളില്‍ പൂര്‍ത്തീകരിക്കും. യോഗത്തില്‍ തീരുമാനിച്ച പ്രവര്‍ത്തന കലണ്ടര്‍ പ്രകാരം  പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് എംഎല്‍എ റീ- ബില്‍ഡ് കേരള എന്‍ജിനീയര്‍മാര്‍ക്കും  കരാറുകാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി.

 

യോഗത്തില്‍ എം എല്‍ എ യോടൊപ്പം അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡണ്ട് കുട്ടപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  തുളസി മണിയമ്മ, വര്‍ഗീസ് ബേബി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  ഉദയകുമാര്‍, ജോജു വര്‍ഗീസ്, വി കെ രഘു, റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് കോട്ടയം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി. പ്രസാദ്, ആര്‍കെഐ പത്തനംതിട്ട അസിസ്റ്റന്റ് എന്‍ജിനീയര്‍ റഫിന്‍, വിവിധ റോഡുകളുടെ കരാര്‍ കമ്പനി ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.