ജില്ലാ വികസന സമിതി യോഗം:
പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം: മന്ത്രി വീണാജോര്‍ജ്
ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലാ വികസനസമിതി യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമല തീര്‍ഥാടനകാലത്തിന്റെ തിരക്ക് കൂടി ഉള്ളതുകൊണ്ട് ജാഗ്രത കൈവിടരുത്. ശബരിമലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ചില പോലീസുകാരില്‍ ചിക്കന്‍പോക്സ് കണ്ടെത്തിയിരുന്നു. ഇവരെ വേഗത്തില്‍ ഡ്യൂട്ടിയില്‍ നിന്നൊഴിവാക്കുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സമ്പര്‍ക്കത്തിലുള്ള പോലീസുകാരെ ഐസോലേറ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷ, കുടിവെള്ളം എന്നിവയിലുള്ള ജാഗ്രത കൈവെടിയരുത്. തീര്‍ഥാടകര്‍ക്കൊപ്പം ജീവനക്കാരുടേയും ആരോഗ്യസംരക്ഷണം ഉറപ്പാക്കണം. ഹൃദ്രോഗികള്‍, ശ്വാസകോശസംബന്ധമായ അസുഖമുള്ളവര്‍ എന്നിവര്‍ക്കുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. മരുന്നുകള്‍ തീരുന്ന മുറയ്ക്ക് അത് കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കണം. തുടര്‍ച്ചയായ പരിശോധനകളുണ്ടാകണം. കടകളിലെ തൊഴിലാളികള്‍ ഹെല്‍ത്ത് കാര്‍ഡ് ഉള്ളവരാണെന്ന് ഉറപ്പാക്കണം.
കോഴഞ്ചേരിയിലെ പൊങ്ങണാംതോട് ശുചീകരണവുമായി ബന്ധപ്പെട്ടുള്ള സര്‍വേ നടപടികള്‍ തോടിന്റെ ഉത്ഭവസ്ഥാനം മുതല്‍ ആരംഭിച്ച് പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. കോഴഞ്ചേരി പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ തഹസില്‍ദാര്‍ എല്‍എ (ജനറല്‍), കെആര്‍എഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ തമ്മില്‍ കൃത്യമായ ആശയവിനിമയം നടത്തണം.
ഇലന്തൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലേക്ക് ഇലന്തൂര്‍ മാര്‍ക്കറ്റ് മുതല്‍ കോളജ് വരെയുള്ള വഴിക്കായുള്ള സ്ഥലം അളന്ന് തിട്ടപ്പെടുത്തണം. അതിനായി റോഡ് സര്‍വേ നടത്താനുള്ള ഉദ്യോഗസ്ഥരെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നിയമിക്കണം. പോളച്ചിറ അക്വാ അഡ്വഞ്ചര്‍ പാര്‍ക്ക് ടൂറിസം പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നും മാരമണ്‍ കണ്‍വന്‍ഷന്‍ ആരംഭിക്കാനിരിക്കെ കോഴഞ്ചേരി പാലം പണിക്കായി എടുത്ത മണ്ണ് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ പ്രധാനക്ഷേത്രങ്ങളില്‍ നിന്നും ശബരിമലയിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് മുന്‍ വര്‍ഷങ്ങളില്‍ നടത്തിയിരുന്നതുപോലെയുള്ള സര്‍വീസ് തുടങ്ങണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണത്തിനുള്ള ഫണ്ട് വിതരണത്തിനായി മണ്ഡലം തിരിച്ചുള്ള ലിസ്റ്റ് ലഭ്യമാക്കണം. തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പൊലീസ് എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കണം. തിരുവല്ല ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ഡിവൈഡറുകള്‍ പോലീസ് ചിലയിടങ്ങളില്‍ മാറ്റി കൊടുത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് പുനഃസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം.
ആനിക്കാട് പഞ്ചായത്തിലെ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കണം. നിരണം -കടപ്ര പഞ്ചായത്തിലെ കോട്ടച്ചാല്‍ തോട്ടില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പെരിങ്ങര, നിരണം പഞ്ചായത്തുകളില്‍ കൃഷി ഓഫീസര്‍മാരില്ലാത്തത് വലിയ അപാകതകള്‍ സൃഷ്ടിക്കുന്നുണ്ട്. നിയമനം എത്രയും വേഗത്തിലാക്കാനുള്ള നടപടി സ്വീകരിക്കണം. തിരുവല്ല ബൈപ്പാസിലെ സിഗ്‌നല്‍ ലൈറ്റുകളുടെ തകരാറുകള്‍ പരിഹരിക്കണം. ആഞ്ഞിലിത്താനം കമ്മ്യൂണിറ്റി ഹാള്‍, കുന്നന്താനം ആയുര്‍വേദ ഡിസ്പെന്‍സറി, നിരണം കണ്ണശ സ്മാരക ഗ്രന്ഥശാല എന്നിവിടങ്ങളിലെ ഇലക്ട്രിക്കല്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കണമെന്നും എംഎല്‍എ പറഞ്ഞു.
റാന്നി, കോന്നി മേഖലകളില്‍ വന്യമൃഗങ്ങളുടെ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദഗ്ധ പഠനം നടത്തി വേഗത്തില്‍ പരിഹാരം കണ്ടെത്തണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ജില്ലയെ സംബന്ധിച്ചിടത്തോളമുള്ള വലിയ പ്രശ്നമാണിത്. അതിന്റെ പരിഹാരത്തിനായി തദ്ദേശഭരണസ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം, വകുപ്പുകള്‍ എന്നിവ ചേര്‍ന്ന് പ്രവര്‍ത്തിക്കണം. മലയോര മേഖലകളിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കൃത്യമായി നടത്തണം. സര്‍വീസ് മുടങ്ങുന്നത് മൂലം വിദ്യാര്‍ഥികളും തൊഴിലാളികളും വലിയ ഓട്ടോക്കൂലി കൊടുക്കേണ്ടി വരുന്നു.
റാന്നി പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിനായി സ്ഥലമേറ്റെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനുള്ളില്‍ നിര്‍മാണം ആരംഭിക്കണം. തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്ത് നിലയ്ക്കലില്‍ പാര്‍ക്കിംഗ് കൂടുതല്‍ സജ്ജമാക്കണം. ഇട്ടിയപ്പാറയില്‍ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണം. ദൂരെ നിന്നെത്തുന്ന വാഹനങ്ങളില്‍ രണ്ട് ഡ്രൈവര്‍മാര്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും തീര്‍ഥാടന പാതയില്‍ ക്രെയിന്‍ സര്‍വീസ് ലഭ്യമാക്കണമെന്നും എംഎല്‍എ പറഞ്ഞു.
ജില്ലയില്‍ പാറ, മെറ്റല്‍, എംസാന്‍ഡ് പോലുള്ള നിര്‍മാണ സാമഗ്രികളുടെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലുണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി 77 ലക്ഷം രൂപ പിഡബ്ല്യുഡി ബില്‍ഡിംഗ്സിന് നല്‍കിയിട്ടുണ്ട്. ഇതില്‍ തുടര്‍ നടപടി സമയബന്ധിതമായി പൂര്‍ത്തീകരിക്കണം.
ജില്ലയില്‍ തിരക്ക് വര്‍ധിക്കുന്നത് അനുസരിച്ച് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കണം. റോഡ് കൈയേറിയുള്ള വാഹനങ്ങളുടെ പാര്‍ക്കിംഗ് നിയന്ത്രിക്കണം. അതിനായി നിയമ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും വിദ്യാലങ്ങളുടെ നിര്‍മാണപ്രവര്‍ത്തികള്‍ നടത്തുന്ന ഏജന്‍സികളുമായി വിദ്യാഭ്യാസവകുപ്പ് ആശയവിനിമയം നടത്തി ന്യൂനത പരിഹരിച്ച് മുന്നോട്ട് പോകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കോമളം താത്കാലിക പാലം പൊതുആവശ്യമാണെന്നും അത് എത്രയും വേഗത്തില്‍ സാധ്യമാക്കണമെന്നും ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ ജയവര്‍മ്മ പറഞ്ഞു.
ശബരിമലയിലെ ക്യൂ കോംപ്ലക്സിന്റെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. മരംക്കൂട്ടം മുതല്‍ ശബരിമല വരെയുള്ള വഴിവിളക്കുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നത് ഉറപ്പാക്കണം. ജില്ലയിലെ ഇടത്താവളങ്ങളിലെ സൗകര്യങ്ങള്‍ പരമാവധി മെച്ചപ്പെടുത്തണം. പരമ്പരാഗത തിരുവാഭരണപാതയിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിവാക്കണം. സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് താമസസൗകര്യം മികച്ച രീതിയില്‍ ഒരുക്കണം. റവന്യു ജില്ലാ കലോല്‍സവം ആരംഭിക്കാനിരിക്കെ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി തിരുമൂലപുരത്തും മുത്തൂരും സീബ്ര ലൈനുകള്‍ വരയ്ക്കണമെന്നും കരികുളം വനമേഖലയില്‍ വന്യമൃഗശല്യത്തില്‍ കൃഷി നഷ്ടപ്പെട്ടവര്‍ക്ക് വേണ്ട നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത പ്രീ- ഡിഡിസിക്ക് മുന്‍പ് ചര്‍ച്ച ചെയ്ത എല്ലാ കാര്യങ്ങളിലും കൃത്യമായ നടപടി സ്വീകരിക്കണമെന്നും പുതുക്കിയ റിപ്പോര്‍ട്ട് സമിതിക്ക് സമര്‍പ്പിക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഭരണഘടനാ ദിനത്തോട് അനുബന്ധിച്ച് ഭരണഘടനാ പ്രതിജ്ഞയും സ്ത്രീധന നിരോധന പ്രതിജ്ഞയും ജില്ലാ കളക്ടര്‍ ചൊല്ലിക്കൊടുത്തു. പദ്ധതി ഫണ്ട് വിനിയോഗം കുറവുള്ള വകുപ്പുകള്‍ അത് മെച്ചപ്പെടുത്തണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു പറഞ്ഞു.
പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, കോന്നി ഡിഎഫ്ഒ ആയുഷ്‌കുമാര്‍ ഖോരി, എഡിഎം ബി.രാധാകൃഷ്ണന്‍, അസി.പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിര്‍മാണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നു
കണ്ടിജന്റ് ജീവനക്കാരെ ആവശ്യമുണ്ട്
ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെയും ഭാഗമായി ജില്ലയിലെ നഗര പ്രദേശങ്ങളില്‍ പ്രാണിജന്യ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കണ്ടിജന്റ് ജീവനക്കാരെ ആവശ്യമുണ്ട്. പരമാവധി 90 ദിവസമാണ് നിയമന കാലാവധി. ആരോഗ്യമേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഇതിലേക്കുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു നവംബര്‍ 30ന് രാവിലെ 11ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. എണ്ണം 28. യോഗ്യത, വയസ്: പത്താംക്ലാസ്, 18നും 45നും മധ്യേ പ്രായം.
താല്‍പര്യമുള്ളവര്‍ അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു. ഫോണ്‍: 0468-2228220.
ഗതാഗത നിയന്ത്രണം
കായംകുളം-പത്തനാപുരം റോഡില്‍ കോട്ടമുകള്‍ ജംഗ്ഷനു സമീപം എല്ലോറപ്പടിയിലേയും മാടന്‍കുളഞ്ഞിപ്പടിയിലേയും (നന്തിലേത്തിനു സമീപം) കലുങ്കുകളുടെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 28 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. പത്തനാപുരം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ പറക്കോട് ജംഗ്ഷനില്‍ നിന്നു തിരിഞ്ഞ് പറക്കോട് – ഐവര്‍കാല റോഡ് വഴി എംസി റോഡില്‍ എത്തി അടൂരിലേക്കു പോകണം. അടൂരില്‍ നിന്നും പത്തനാപുരം ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ എംസി റോഡില്‍ വടക്കടത്തുകാവ് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് പറക്കോട്-ഐവര്‍കാല റോഡിലൂടെ പറക്കോട് എത്തി തിരിഞ്ഞു പോകണം.
സ്‌പോട്ട് അഡ്മിഷന്‍
വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 29ന് നടക്കും. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 9.00 മുതല്‍ 10.30 വരെ ആയിരിക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ അപേക്ഷകര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.
ഇതുവരെ പോളിടെക്‌നിക് അഡ്മിഷനായി അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ഫീസും സഹിതം രക്ഷകര്‍ത്താവിനൊപ്പം പ്രവേശനത്തിന് എത്തിച്ചേരണം. ഫീസ് ഒടുക്കുന്നതിന് എടിഎം കാര്‍ഡ് കൊണ്ടുവരണം.
പിടിഎ ഫണ്ടിനും ബസ് ഫണ്ടിനും യൂണിഫോമിനും ഉളള തുക പണമായി കൈയില്‍ കരുതണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പ്രവേശനത്തില്‍ പങ്കെടുക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
വോട്ടര്‍ പട്ടിക പുതുക്കുന്നു
2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തി വോട്ടര്‍ പട്ടിക പുതുക്കുന്നു. വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുള്ള പേര്, ഫോട്ടോ, വയസ്, ജനന തീയതി, കുടുംബ വിവരങ്ങള്‍ എന്നിവ ഡിസംബര്‍ എട്ടുവരെ കരട് വോട്ടര്‍പട്ടിക പരിശോധിച്ച് തിരുത്തലുകള്‍ വരുത്താം. കരട് വോട്ടര്‍ പട്ടികകള്‍ പരിശോധിക്കുന്നതിന് എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഈ മാസം 27 നും ഡിസംബര്‍ നാലിനും എല്ലാ താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ബിഎല്‍ഒമാരുടെ കൈവശമുള്ള വോട്ടര്‍ പട്ടികകള്‍ പരിശോധിച്ച് വോട്ടര്‍മാര്‍ക്ക് വിവരങ്ങള്‍ ഉറപ്പുവരുത്താവുന്നതാണെന്നും ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) ആര്‍. രാജലക്ഷ്മി അറിയിച്ചു.
സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി. നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഒന്നും രണ്ടും സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഒന്നും രണ്ടും സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി എന്നീ കോഴ്സുകളുടെ റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ (2018, 2020, 2021 സ്‌കീം) 2023 ഫെബ്രുവരി മാസത്തില്‍ നടത്തും. വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്ന/ പഠിച്ചിരുന്ന സെന്ററുകളില്‍ ഡിസംബര്‍ ആറ് വരെ ഫൈന്‍ കൂടാതെയും, ഡിസംബര്‍ 12 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ ടൈംടേബിള്‍ ഡിസംബര്‍ രണ്ടാംവാരത്തില്‍ പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാഫാറം സെന്ററില്‍ നിന്നും ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് www.ihrd.ac.in.
യോഗ പരിശീലനം
പ്രമാടം ഗ്രാമപഞ്ചായത്തിന്റെയും ആയുര്‍വേദ ഡിസ്പെന്‍സറിയുടെയും നേതൃത്വത്തില്‍ നടത്തുന്ന യോഗ പരിശീലനത്തിന് വനിതാ യോഗ പരിശീലകര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള പരിശീലകര്‍ രേഖകളുടെ അസലും പകര്‍പ്പും സഹിതം ഈ മാസം 28ന് രാവിലെ 11ന് പ്രമാടം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. പ്രമാടം ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0468 2 242 215.
ടെന്‍ഡര്‍
പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ജെന്‍ഡര്‍ റിസോഴ്സ് സെന്ററിലെ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററുടെ ഓഫീസിലേക്ക് ഫര്‍ണിച്ചറുകള്‍/ഉപകരണങ്ങള്‍ നല്‍കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30 ഉച്ചയ്ക്ക് രണ്ട് മണി. ഫോണ്‍ – 0473 4 216 444, 9961 629 054.
കേരളോത്സവം
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീന പ്രഭ നിര്‍വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഘോഷയാത്ര സംഘടിപ്പിച്ചു. കലാമത്സരങ്ങള്‍ മോര്‍ണിംഗ് സ്റ്റാര്‍ ഓഡിറ്റോറിയത്തിലും കായിക മത്സരങ്ങള്‍ പഞ്ചായത്ത് സ്റ്റേഡിയം, ന്യൂമാന്‍ സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലും നടന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ആര്‍. തുളസീധരന്‍ പിള്ള സമാപന ചടങ്ങിന്റെ ഉദ്ഘാടനവും സമ്മാനദാനവും നിര്‍വഹിച്ചു.
പി.ആര്‍.ഡിയില്‍ വീഡിയോ സ്്ട്രിംഗര്‍മാരുടെ പാനല്‍: അപേക്ഷ ക്ഷണിച്ചു
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് (ഐ. ആന്‍ഡ്. പി.ആര്‍.ഡി.) വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് വീഡിയോ സ്ട്രിംഗര്‍മാരുടെ പാനല്‍ തയാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
പേര്, വിലാസം, വിദ്യാഭ്യാസയോഗ്യത, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, കൈവശമുള്ള വീഡിയോഗ്രഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി അപേക്ഷയോടൊപ്പം നല്‍കണം. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, മുന്‍പ് എടുത്തു പ്രസിദ്ധീകരിച്ച മൂന്നു വീഡിയോകളുടെ ലിങ്ക് എന്നിവയും ഉള്ളടക്കം ചെയ്യണം. രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തണം. വിശദവിവരത്തിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടാം. 0468-2222657.
സേവനമാണ് നിര്‍വഹിച്ചത്- ആരോഗ്യ മന്ത്രി
ളാഹ അപകടത്തില്‍ പരുക്കേറ്റവരെ മികച്ച രീതിയില്‍ പരിചരിക്കുന്നതില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി ജീവനക്കാര്‍ മികച്ച സേവനമാണ് നിര്‍വഹിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രിയില്‍ പുതിയ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് നിര്‍മാണത്തിനായി 23.75 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
സന്നദ്ധസേന പ്രവര്‍ത്തകര്‍ക്കുള്ള ദുരന്ത മുന്നൊരുക്ക പരിശീലന പരിപാടി
സാമൂഹിക സന്നദ്ധസേനയില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്കും അംഗമാകാന്‍ താത്പര്യമുള്ളവര്‍ക്കും ദുരന്ത മുന്നൊരുക്കങ്ങള്‍ക്കായി സന്നദ്ധസേന ഡയറക്ടറേറ്റും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നവംബര്‍ 28, 30 തീയതികളില്‍ നാലു ബാച്ചുകളിലായി ആയിരത്തിലധികം പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം നവംബര്‍ 28ന് രാവിലെ 9.30ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍വഹിക്കും.
ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കുന്നതിന് വ്യത്യസ്ത
പരിപാടികള്‍ നടത്തണം: പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍
ഭരണഘടനയുടെ ആമുഖത്തിന്റെ മൂല്യം സമൂഹ നന്‍മയ്ക്കായി പ്രാവര്‍ത്തികമാക്കാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നിന്‍ മധുകര്‍ മഹാജന്‍ ഭരണഘടനാ സന്ദേശത്തില്‍ പറഞ്ഞു. അവകാശം മാത്രമല്ല സഹജീവികളോടുള്ള കടമ നിര്‍വഹിക്കാനുള്ള ഉത്തരവാദിത്വവും ഉണ്ടെന്ന് ഓര്‍ക്കണം. നഗരസഭയുടെ സമ്പൂര്‍ണ ഭരണഘടന സാക്ഷരത പദ്ധതി മികച്ച തുടക്കം ആണെന്നും ജില്ലാ പോലിസ് മേധാവി പറഞ്ഞു.
ശബരിമല തീര്‍ഥാടകര്‍ക്കായി പത്തനംതിട്ട ജില്ലയില്‍ 24 ഇടത്താവളങ്ങള്‍
ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ തീര്‍ഥാടകര്‍ക്കായി 24 ഇടത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇടത്താവളങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. എല്ലാ ഇടത്താവളങ്ങളിലും പോലീസ് നൈറ്റ് പട്രോളിംഗ് ഏര്‍പെടുത്തിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് വിരി വയ്ക്കാനുള്ള സൗകര്യം, ആഹാരം, കുടിവെള്ളം, ശൗചാലയം എന്നീ സൗകര്യങ്ങളും എല്ലാ ഇടത്താവളങ്ങളിലും ലഭ്യമാണ്.
പത്തനംതിട്ട ജില്ലയിലെ ഇടത്താവളങ്ങള്‍:
അടൂര്‍ ഏഴംകുളം ദേവി ക്ഷേത്രം, പന്തളം വലിയകോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം,
കോന്നി മുരിങ്ങമംഗലം ക്ഷേത്രം, കൊടുമണ്‍ തോലുഴം ജംഗ്ഷന്‍, പത്തനംതിട്ട നഗരസഭ ഇടത്താവളം, ഓമല്ലൂര്‍ ശ്രീ രക്തകണ്ഠ സ്വാമി ക്ഷേത്രം, മലയാലപ്പുഴ ദേവി ക്ഷേത്രം,
ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം, കോഴഞ്ചേരി ആല്‍ത്തറ ജംഗ്ഷന്‍, അയിരൂര്‍ ക്ഷേത്രം, തെള്ളിയൂര്‍, തിരുവല്ല മുനിസിപ്പല്‍ സ്റ്റേഡിയം, മീന്തലക്കര ശാസ്താ ക്ഷേത്രം, റാന്നി ഇടത്താവളം പഴവങ്ങാടി, റാന്നി രാമപുരം ക്ഷേത്രം, കൂനംകര ശബരീ ശരണാശ്രമം, പെരുനാട് ഇടത്താവളം, പെരുനാട് യോഗമയാനന്ദ ആശ്രമം, വടശേരിക്കര ചെറിയകാവ് ദേവി ക്ഷേത്രം, വടശേരിക്കര പ്രയാര്‍ മഹാ വിഷ്ണു ക്ഷേത്രം, പെരുനാട് കക്കാട്കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രം, പെരുനാട് മാടമണ്‍ ഋഷികേശ ക്ഷേത്രം, കുളനട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കുളനട പഞ്ചായത്ത് ഇടത്താവളം.