Trending Now

കോന്നി ഗവ.മെഡിക്കല്‍ കോളേജ് റോഡ് വികസനം: ഇനിയും സ്ഥലം വിട്ടു നല്കാന്‍ തയാറാകാത്തവരുടെ ഭൂമി നിയമപരമായ നടപടികളിലൂടെ ഏറ്റെടുക്കും

konnivartha.com : റോഡുനിര്‍മാണം വേഗത്തില്‍ ആരംഭിക്കാന്‍ കഴിയത്തക്ക നിലയില്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ. കോന്നി മെഡിക്കല്‍ കോളജ് റോഡ് വികസനം വേഗത്തിലാക്കാന്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തില്‍ തീരുമാനമായി.

ഇതിനായി വസ്തു ഏറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ഇലക്ട്രിക്ക് പോസ്റ്റുകളും, കുടിവെള്ള പൈപ്പ് ലൈനുകളും മാറ്റി സ്ഥാപിക്കുകയും ചെയ്യും.
കോന്നി മുരിങ്ങമംഗലം ജംഗ്ഷന്‍ മുതല്‍ വട്ടമണ്‍ വരെയും, പയ്യനാമണ്‍ മുതല്‍ വട്ടമണ്‍ വരെയുമുള്ള 4.5 കിലോമീറ്റര്‍ റോഡ് 12 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്. 14 കോടി രൂപയാണ്  റോഡ് വികസനത്തിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇരുവശങ്ങളിലും ഓടയും ഒന്‍പതു മീറ്റര്‍ ടാറിംഗുമാണ്  വിഭാവനം  ചെയ്യുന്നത്.

225 പേരുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് റോഡ് വികസനത്തിനായി ഏറ്റെടുക്കുന്നത്. ഇതില്‍ 125 പേരുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ളവയില്‍ 40 പേരുടെ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ആധാരം എഴുത്ത് ഓഫീസിലും ജില്ലാ ഗവണ്‍മെന്റ് പ്ലീഡറുടെ ഓഫീസിലും  പുരോഗമിക്കുകയാണ്. തുക അനുവദിച്ചിട്ടും സ്ഥലത്ത് താമസം ഇല്ലാത്ത പത്തുപേരുടെ  ഭൂമിയുടെ രേഖകള്‍ അടിയന്തരമായി സംഘടിപ്പിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുവാന്‍ എംഎല്‍എ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

നിയമപരമായ അഭിപ്രായം ലഭിക്കുന്നതിനുവേണ്ടി ജില്ലാ ഗവണ്‍മെന്റ് പ്ലീഡറുടെ ഓഫീസില്‍  ഉള്ള  ഫയലുകള്‍ തീര്‍പ്പാക്കുവാന്‍ ഗവണ്‍മെന്റ് പ്ലീഡറുടെയും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയും സംയുക്ത യോഗം വിളിച്ചുചേര്‍ക്കും. നിരവധി തവണ ഇടപെട്ട് അഭ്യര്‍ഥിച്ചിട്ടും റോഡ് വികസനത്തിനായി ഇനിയും ഭൂമി വിട്ടു നല്‍കാന്‍ തയാറാകാത്തവരുടെ ഭൂമി ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കും.

 

റോഡ് വികസനത്തിന്റെ മുന്നോരുക്കങ്ങളുടെ ഭാഗമായി  കെഎസ്ഇബിയുടെ നിലവിലുള്ള മുഴുവന്‍ പോസ്റ്റുകളും മാറ്റി പുനസ്ഥാപിക്കും. കേരള വാട്ടര്‍ അതോറിറ്റിയുടെ കോന്നി താഴം ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് ലൈനുകളും   മാറ്റി സ്ഥാപിക്കേണ്ടി വരും. ഇതിനായി വിശദമായ എസ്റ്റിമേറ്റ് രണ്ടു ദിവസത്തിനകം  സമര്‍പ്പിക്കാന്‍  കേരളാ വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി അസി. എന്‍ജിനീയര്‍മാര്‍ക്ക് എംഎല്‍എ നിര്‍ദേശം നല്‍കി.

യോഗത്തില്‍  എംഎല്‍എ യോടൊപ്പം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, സ്പെഷ്യല്‍ തഹസീല്‍ദാര്‍ എം.എസ്. വിജു കുമാര്‍, പൊതുമരാമത്ത് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി. വിനു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി. ബിനു, അസിസ്റ്റന്റ് എന്‍ജിനീയര്‍ രൂപക്ക് ജോണ്‍, കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ അശ്വിനി കുമാര്‍, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ സ്‌കറിയാ മാത്യു, റവന്യൂ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!