Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 23/11/2022 )

ഗോള്‍ചലഞ്ച് സംഘടിപ്പിച്ചു
മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഗോള്‍ചലഞ്ച് സംഘടിപ്പിച്ചു. കര്‍ത്തവ്യം കിനാവള്ളി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഗോള്‍ ചലഞ്ച് പഞ്ചായത്ത് പ്രസിഡന്റ്  എസ്.ഉഷ കുമാരി ഉദ്ഘാടനം നിര്‍വഹിച്ചു. മയക്കുമരുന്നിനെതിരെ ഫുട്‌ബോള്‍ ലഹരി എന്ന മുദ്രാവാക്യമുയര്‍ത്തി ലഹരി മുക്ത കേരളം രണ്ടാം കാമ്പയിന്റെ ഭാഗമായാണ് ഗോള്‍ ചലഞ്ച് നടത്തിയത്. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീകുമാരി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീരേഖ ആര്‍ നായര്‍, വാര്‍ഡ് അംഗം റോസമ്മ മത്തായി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷാഫി, സി. ഡി.എസ്, കുടുംബശ്രീ അംഗങ്ങള്‍, ബാലസഭ കുട്ടികള്‍ എന്നിവര്‍ പങ്കെടുത്തു.

 

 

കേരളോത്സവം സംഘടിപ്പിച്ചു
മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ കേരളോത്സവം മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ചു. കേരളോത്സവത്തിന്റെ സമാപന സമ്മേളന ഉദ്ഘാടനം 20ന് വൈകിട്ട് ആറന്മുള ഗവ. വി എച്ച് എസ് സ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി. പ്രദീപ് കുമാര്‍ നിര്‍വഹിച്ചു. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിച്ചു.
15 വയസ് മുതല്‍ 40 വയസ് വരെയുള്ള യുവജനങ്ങള്‍ക്കായി വ്യക്തിഗതമായും ക്ലബ് അടിസ്ഥാനത്തിലുമാണ് കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ഇതിനോടനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്ക് വൈസ് പ്രസിഡന്റ് റ്റി. പ്രദീപ് കുമാര്‍, ബ്ലോക്ക് അംഗം ജിജി ചെറിയാന്‍, സ്റ്റാന്റഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി പി.കെ.മുഹമ്മദ് ഷാഫി, വിവിധ വാര്‍ഡ് അംഗങ്ങള്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍, ഭാരവാഹികള്‍, എഡിഎസ് ഭാരവാഹികള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കേരളോത്സവത്തിന്റെ ഉദ്ഘാടനം കിനാവള്ളി സ്റ്റേഡിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി നിര്‍വഹിച്ചു.
കേരളോത്സവം വിപുലമായി സംഘടിപ്പിച്ച്

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്

കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം 2022 ന്റെ സമാപന സമ്മേളനം എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ മലയാളിയായ ഷേയ്ക്ക് ഹസന്‍ ഖാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ് ജോണിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് ചടങ്ങ് ക്രമീകരിച്ചത്.
രണ്ട് ദിവസമായി നടന്ന കലാ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ഷെയ്ക്ക് ഹസന്‍ ഖാനെ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാനതലത്തില്‍ ഡ്രംസ് ഐറ്റത്തില്‍ ജേതാവായി നാഷണല്‍ ലെവലിലേക്ക് മത്സരാര്‍ഥിയായ ഹേമന്ത് കൃഷ്ണനെ പഞ്ചായത്ത് ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. 2021 -22 വര്‍ഷം 10,12 ക്ലാസുകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികളെ മെമെന്റോ നല്‍കി അനുമോദിച്ചു.
വിളംബര ജാഥയോടെ തുടക്കം കുറിച്ച കേരളോത്സവത്തില്‍ കായിക മത്സരങ്ങളായ വോളിബോള്‍, ഫുട്‌ബോള്‍, വടംവലി, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, അത്ലറ്റികസ് മത്സരങ്ങളും കലാ മത്സരങ്ങളും സംഘടിപ്പിച്ചു.
വൈസ് പ്രസിഡന്റ് മിനി സുരേഷ്, സ്ഥിരം സമിതി അധ്യക്ഷരായ റോയി ഫിലിപ്പ്, സുനിത ഫിലിപ്പ്, സുമിത ഉദയകുമാര്‍, ബ്ലോക്ക് അംഗം സാറാമ്മ ഷാജന്‍, ജനപ്രതിനിധികളായ ടി.ടി വാസു, ബിജോ .പി മാത്യു, ബിജിലി .പി ഈശോ, മേരിക്കുട്ടി, റാണി കോശി, സോണി കൊച്ചുതുണ്ടിയില്‍, സാലി ഫിലിപ്പ്, ഗീതു മുരളി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുധാ ശിവദാസ്, സെക്രട്ടറി ഷാജി .എ തമ്പി, മറ്റു പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, കായിക പ്രേമികള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. 

സ്പോട്ട് അഡ്മിഷന്‍
കേരള സര്‍ക്കാര്‍ സാങ്കേതിക വകുപ്പിന്റെയും എ.ഐ.സി.ടി.ഇ. യുടെയും അംഗീകാരത്തോടെ ഇടുക്കി പൈനാവിലെ ഐഎച്ച്ആര്‍ഡി മോഡല്‍ പോളിടെക്നിക് കോളേജില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകളില്‍ 2022-23 വര്‍ഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ 23 മുതല്‍ 29 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തും. പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള ഓപ്ഷന്‍ അതാത് സ്ഥാപനങ്ങളുടെ ഇന്‍സ്റ്റിറ്റിയൂഷന്‍ ലോഗിനില്‍ ഉണ്ടായിരിക്കും. അത്തരക്കാര്‍ക്ക് ഓണ്‍ലൈനായി ഫീസ് അടച്ച് ഒറ്റതവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയക്കി കാന്‍ഡിഡേറ്റ് ലോഗിന്‍ വഴി പുതിയ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാം.

പോളിടെക്‌നിക് പ്രവേശനത്തിനായി  ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പെടാത്തവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം. എസ് സി /എസ് റ്റി/ ഒഇസി/ഒബിസി-എച്ച് വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യവും സ്‌കോളര്‍ഷിപ്പും ലഭിക്കും. ഫോണ്‍ : 0486 2 297 617 , 9447 847 816 , 8547 005 084, 9495 276 791.
സഹചാരി പദ്ധതി: അപേക്ഷ ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എന്‍എസ്എസ്/എന്‍സിസി/എസ്പിസി യൂണിറ്റുകളെ ആദരിക്കുന്ന പദ്ധതിയായ സഹചാരിയിലേക്ക് അപേക്ഷിക്കാം. ഗവണ്‍മെന്റ് /എയ്ഡഡ്/പ്രൊഫെഷണല്‍ കോളേജുകള്‍് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ ഭിന്നശേഷിക്കാരായ കുട്ടികളെയും പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും സഹായിക്കുകയും വിദ്യാഭ്യാസ സ്ഥാപനത്തിനു പുറത്തും അവര്‍ക്കായി നടപ്പാക്കുന്ന മെഡിക്കല്‍ ക്യാമ്പ് പോലുള്ള വിവിധ പരിപാടികളിലും സഹായം നല്‍കുകയും ചെയ്യുന്ന ജില്ലയിലെ മികച്ച മൂന്ന് എന്‍എസ്എസ് /എന്‍സിസി/എസ്പിസി യൂണിറ്റുകള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശംസാ പത്രവും മൊമെന്റോയും നല്‍കും. താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ജില്ല സാമൂഹ്യനീതി ഓഫീസര്‍, ജില്ല സാമൂഹ്യനീതി ഓഫീസ്, മണ്ണില്‍ റീജന്‍സി ബില്‍ഡിംഗ്, പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷിക്കണം.അവസാന തീയതി നവംബര്‍ 28. ഫോണ്‍: 0468 2 325 168
സ്വാശ്രയ പദ്ധതി; അപേക്ഷ ക്ഷണിച്ചു

70 ശതമാനമോ അതിലധികമോ തീവ്ര ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന മകനെ/മകളെ സംരക്ഷിക്കുന്ന ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട വിധവയോ ഭര്‍ത്താവ് ഉപേക്ഷിച്ചവരോയായവര്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനുള്ള ധനസഹായ പദ്ധതിയായ സ്വാശ്രയ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഡിസംബര്‍ അഞ്ചിനകം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേന ജില്ല സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2 325 168
ലൈഫ് 2020: കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

ലൈഫ് 2020 പ്രകാരം പുതിയ അപേക്ഷകളുടെ രണ്ടാം ഘട്ടം അപ്പീലിന് ശേഷമുള്ള ഗുണഭോക്തൃ പട്ടിക www.life2020.kerala.gov.in എന്ന വെബ്സൈറ്റിലും അതാത് തദ്ദേശസ്ഥാപന നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിച്ചതായി ലൈഫ് മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കരട് ഗുണഭോക്തൃ പട്ടികയില്‍ ഭൂമിയുള്ള ഭവന രഹിതരില്‍ 10356 അര്‍ഹരും, 9173 അനര്‍ഹരും, ഭൂരഹിത ഭവനരഹിതരില്‍ 5104 അര്‍ഹരും, 2468 അനര്‍ഹരുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 53 തദ്ദേശസ്ഥാപനങ്ങളിലെ ഗുണഭോക്തൃപട്ടികയാണ് പുറത്തിറങ്ങിയത്.ജല പരിശോധന ലാബ്: ടെന്‍ഡര്‍ തീയതി നീട്ടി
നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ രസതന്ത്ര ലാബിനോടനുബന്ധിച്ച് പ്രാഥമിക ജലഗുണനിലവാര ലാബുകള്‍ സ്ഥാപിക്കുന്നതിന് മത്സരാധിഷ്ഠിത ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ പരസ്യം www.haritham.kerala.gov.in  എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലായി 313 ലാബുകളാണ് സ്ഥാപിക്കേണ്ടത്. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30 വൈകുന്നേരം നാലുവരെ നീട്ടി.
ലൈഫ് മിഷന്‍ : ജില്ലയില്‍ 3432 വീടുകള്‍ പൂര്‍ത്തീകരിച്ചു
ലൈഫ് മിഷന്‍ ജില്ലയില്‍ 3432 വീടുകള്‍ പൂര്‍ത്തീകരിച്ചു. പ്രവര്‍ത്തനങ്ങളില്‍ ജില്ല ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചത്. അര്‍ഹരായ മുഴുവന്‍ ഭവനരഹിതര്‍ക്കും കിടപ്പാടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തില്‍ 2034 ഗുണഭോക്താക്കള്‍ ഇതിനോടകം ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യതൊഴിലാളി, കുടുംബങ്ങളുടെ ലിസ്റ്റുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ലഭ്യമാക്കിയ ലിസ്റ്റില്‍പെട്ട അര്‍ഹരായ കരാര്‍ വച്ച ഗുണഭോക്താക്കളില്‍ 719 പേര്‍ ഇതിനോടകം ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ചു.
പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് നടപ്പാക്കുന്നത്. ഭൂമിയും വീടും ഇല്ലാത്തവരായി ജില്ലയില്‍ കണ്ടെത്തിയിട്ടുള്ള അര്‍ഹരായ കരാര്‍ വച്ച ഗുണഭോക്താക്കളില്‍ 679 പേര്‍ ഇതിനോടകം ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ചു.

 

ടെന്‍ഡര്‍ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണു സംരക്ഷണ ഓഫീസ് മുഖേന സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന 11 മണ്ണ് സംരക്ഷണ പദ്ധതികളുടെ ടെന്‍ഡര്‍ ക്ഷണിച്ചു. ഫോണ്‍ : 0468 2 224 070. വെബ് സൈറ്റ് : www.etenders.kerala.gov.in
ലേലം

ഉപയോഗമല്ലാത്ത പഴയ കെട്ടിടങ്ങളും കെട്ടിട അവശിഷ്ടങ്ങളും പൊളിച്ചു മാറ്റുന്നതിനുളള ലേലം നവംബര്‍ 30ന് രാവിലെ 11ന് പെരുനാട് പോലീസ് സ്റ്റേഷനില്‍ നടത്തും. ഫോണ്‍ : 0468 2 222 630.

സ്പോട്ട് അഡ്മിഷന്‍ 26ന്
വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുളള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ നവംബര്‍ 26ന് നടത്തും. രജിസ്ട്രേഷന്‍ സമയം അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10.30വരെ. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ അപേക്ഷകര്‍ക്കും ഇതുവരെ പോളിടെക്നിക് അഡ്മിഷനായി അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ഫീസും സഹിതം രക്ഷകര്‍ത്താവിനൊപ്പം പ്രവേശനത്തിന് എത്തിച്ചേരണം. ഫീസ് ഒടുക്കുന്നതിന് എടിഎം കാര്‍ഡ് കൊണ്ടുവരണം. പി.ടി.എ ഫണ്ടിനും ബസ് ഫണ്ടിനും യൂണിഫോമിനും ഉളള തുക പണമായി കൈയ്യില്‍ കരുതണം. പ്രവേശനത്തില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. വെബ്സൈറ്റ്:  www.polyadmission.org. ഫോണ്‍:  0473 5 266 671.

ശില്പശാല നടത്തി
മല്ലപ്പള്ളി താലൂക്കിലെ സംരംഭകര്‍ക്കായി പധാനമന്ത്രിയുടെ ഭക്ഷ്യസംസ്‌കരണ സംരംഭങ്ങളുടെ രൂപവല്‍ക്കരണ പദ്ധതിക്കായി ശില്പശാല (പി.എം.എഫ്.എം.ഇ സ്‌കീം) മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ വൈസ്പ്രസിഡന്റ് റിമി ലിറ്റി കൈപ്പള്ളില്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി. എന്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം എഡിഐഒ കെ. അനൂപ് ഷിനു, തിരുവല്ല എഡിഐഒ സ്വപ്ന ദാസ്, മല്ലപള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ലൈല അലക്‌സാണ്ടര്‍, ജോയിന്റ് ബിഡിഒ കണ്ണന്‍, മല്ലപള്ളി ബ്ലോക്ക് ഐഇഒ ജയ്സണ്‍ ഡേവിഡ്, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സാധ്യതകളെക്കുറിച്ച് സംരംഭക രാജശ്രീ, പി.എം.എഫ്.എം.ഇ പദ്ധതിയെക്കുറിച്ച് ജില്ലാ റിസോഴ്സ് പേഴ്സണ്‍ ആര്‍.രമ്യ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.ടെന്‍ഡര്‍
പറക്കോട് ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ അങ്കണവാടികള്‍ക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ ഏഴിന് ഉച്ചയ്ക്ക് ഒന്നു വരെ. ഫോണ്‍ : 0473 4 217 010, 9446 524 441.
2)

ശബരിമല തീര്‍ഥാടനം;  കര്‍ശന നിരോധനം

ഏര്‍പ്പെടുത്തി പെരുനാട് പഞ്ചായത്ത്
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ പ്രധാന തീര്‍ഥാടന പാതകളിലും മറ്റ് പാതകളിലും പാര്‍ക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങള്‍ക്ക് സമീപം ഭക്ഷണം പാകം ചെയ്യുന്നതും പഞ്ചായത്ത് പ്രദേശത്ത് ഭിക്ഷാടനം നടത്തുന്നതും തീര്‍ഥാടക പാതകളുടെ വശങ്ങളില്‍ ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുളള ഭക്ഷണശാലകളില്‍ മാംസാഹാരം ശേഖരിച്ചു വെക്കുന്നതും പാചകം ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും ളാഹ മുതല്‍ സന്നിധാനം വരെയുളള ഹോട്ടലുകള്‍ ഒരേ സമയം അഞ്ച് ഗ്യാസ് സിലിണ്ടറുകളില്‍ കൂടുതല്‍ സൂക്ഷിക്കുന്നതും ഗ്യാസ് സിലിണ്ടറുകള്‍ അപകടകരമായി പൊതുസ്ഥലത്ത് സൂക്ഷിക്കുന്നതും ഏത് തരത്തിലുളള നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുന്നതും മാലിന്യങ്ങള്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്നതും സംസ്‌കരിക്കുന്നതും കര്‍ശനമായി നിരോധിച്ചതായി റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
 

സ്വയം തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ (ആര്‍എസ് ഇറ്റിഐ) ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന സൗജന്യ സിസിറ്റിവി, സെക്യൂരിറ്റി അലാറം, സ്മോക്ക് ഡിറ്റെക്ടര്‍ എന്നിവയുടെ ഇന്‍സ്റ്റാലേഷന്‍, സര്‍വീസിംഗ് കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങും. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 8330 010 232.