Trending Now

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 21/11/2022)

പി.ആര്‍.ഡിയില്‍ വീഡിയോ സ്്ട്രിംഗര്‍മാരുടെ പാനല്‍:അപേക്ഷ ക്ഷണിച്ചു

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് (ഐ. ആന്‍ഡ്. പി.ആര്‍.ഡി.) വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് വീഡിയോ സ്ട്രിംഗര്‍മാരുടെ പാനല്‍ തയാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ 2022 ഡിസംബര്‍ ഒന്നിന് പകല്‍ അഞ്ചുമണി വരെ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സ്വീകരിക്കും. തപാലിലോ നേരിട്ടോ അപേക്ഷ നല്‍കാം. ഇമെയില്‍ വഴിയുള്ള അപേക്ഷ സ്വീകരിക്കില്ല.
പേര്, വിലാസം, വിദ്യാഭ്യാസയോഗ്യത, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, കൈവശമുള്ള വീഡിയോഗ്രഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി അപേക്ഷയോടൊപ്പം നല്‍കണം. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, മുന്‍പ് എടുത്തു പ്രസിദ്ധീകരിച്ച മൂന്നു വീഡിയോകളുടെ ലിങ്ക് എന്നിവയും ഉള്ളടക്കം ചെയ്യണം. രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തണം. വിശദവിവരത്തിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടാം.  0468-2222657.

യോഗ്യത: പ്രീഡിഗ്രി-പ്ലസ് ടു അഭിലഷണീയം. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയ്സ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരുവര്‍ഷത്തെ പരിചയം. പി.ആര്‍.ഡിയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താമാധ്യമത്തില്‍ എഡിറ്റിംഗില്‍ വീഡിയോഗ്രാഫി/വീഡിയോ എഡിറ്റിംഗില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന.

മറ്റു നിബന്ധനകള്‍: സ്വന്തമായി ഫുള്‍ എച്ച്.ഡി. പ്രൊഫഷണല്‍ ക്യാമറയും നൂതനമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. വേഗത്തില്‍ വിഷ്വല്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ് ഉണ്ടായിരിക്കണം. പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ്വേര്‍ ഇന്‍സ്റ്റോള്‍ ചെയ്ത ലാപ്‌ടോപ് സ്വന്തമായി വേണം. ദൃശ്യങ്ങള്‍ തല്‍സമയം നിശ്ചിത സെര്‍വറില്‍ അയയ്ക്കാനുള്ള സംവിധാനം ലാപ് ടോപില്‍ ഉണ്ടായിരിക്കണം. സ്വന്തമായി എഡിറ്റ് സ്യൂട്ട്, എറ്റവും നൂതനമായ ഇലക്ട്രോണിക് ന്യൂസ് ഗാതറിംഗ്, സൗകര്യങ്ങള്‍ സ്വന്തമായി ഉള്ളത് അധികയോഗ്യതയായി കണക്കാക്കും. തത്സമയ വീഡിയോ ട്രാന്‍സ്മിഷന് സ്വന്തമായി പോര്‍ട്ടബിള്‍ വീഡിയോ ബാക്ക്പാക്ക് പോലുള്ള ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പരിപാടി നടന്ന് അരമണിക്കൂറിനുള്ളില്‍ വാട്സാപ്, ടെലഗ്രാം തുടങ്ങി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിഷ്‌കര്‍ഷിക്കുന്ന മാധ്യമങ്ങളിലൂടെ വീഡിയോ നല്‍കണം.

അപേക്ഷിക്കുന്ന ജില്ലയില്‍ സ്ഥിരതാമസമുള്ള വ്യക്തിയായിരിക്കണം. ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്തണം. പരിപാടി നടക്കുന്ന സ്ഥലത്തുനിന്നുതന്നെ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കാനായി അയയ്ക്കുന്നതിനുള്ള മള്‍ട്ടി സിം ഡോങ്കിള്‍ ഉണ്ടായിരിക്കണം. ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്.

 

 

അപേക്ഷ ക്ഷണിച്ചു
ജില്ലാ ശുചിത്വമിഷനില്‍ നിലവില്‍ ഒഴിവുള്ള അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍(ഐ.ഇ.സി) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വിദ്യാഭ്യാസ യോഗ്യത: സോഷ്യല്‍വര്‍ക്ക്/കമ്മ്യൂണിക്കേഷന്‍സ്/ജേര്‍ണലിസം ആന്റ് പബ്ളിക് റിലേഷന്‍സ് എന്നിവയിലുള്ള മുഴുവന്‍ സമയ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ആര്‍ട്സ് വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദത്തോടൊപ്പം കമ്മ്യൂണിക്കേഷന്‍സ്/ജേര്‍ണലിസം ആന്റ് പബ്ളിക് റിലേഷന്‍സ് എന്നിവയിലുള്ള പി.ജി ഡിപ്ലോമ.

നിശ്ചിത യോഗ്യതയുള്ളവര്‍ നവംബര്‍ 28ന് വൈകുന്നേരം അഞ്ചിന് മുന്‍പായി വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും വിശദമായ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ശുചിത്വമിഷന്‍, ഒന്നാം നില, കിടാരത്തില്‍ ക്രിസ് ടവര്‍, സ്റ്റേഡിയം ജംഗ്ഷന് സമീപം, പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ശുചിത്വ-മാലിന്യ സംസ്‌ക്കരണരംഗത്ത് മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍ :  8129 557 741, 0468 2 322 014.

നോ-സ്‌കാല്‍പല്‍ വാസക്ടമി പക്ഷാചരണത്തിന് തുടക്കമായി
പൊതുജനങ്ങളില്‍ നോ-സ്‌കാല്‍പല്‍ വാസക്ടമി (എന്‍.എസ്.വി)യെപ്പറ്റി അവബോധം സൃഷ്ടിക്കാന്‍ ആരോഗ്യവകുപ്പ് നവംബര്‍ 21 മുതല്‍ ഡിസംബര്‍ നാലുവരെ നോ-സ്‌കാല്‍പല്‍ വാസക്ടമി പക്ഷാചരണം ആചരിക്കുന്നു. കുടുംബാസൂത്രണ മാര്‍ഗങ്ങളില്‍ പുരുഷന്മാര്‍ക്ക് സ്വീകരിക്കാവുന്ന ഏറ്റവും ലളിതവും സുരക്ഷിതവുമായ മാര്‍ഗമാണ് എന്‍.സി.വി. കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ പങ്കാളികളായി പുരുഷന്‍മാര്‍ക്കും ഇപ്പോള്‍ അവരുടെ ഉത്തരവാദിത്വം നിറവേറ്റാം എന്നതാണ് ഈ വര്‍ഷത്തെ പക്ഷാചരണ സന്ദേശം.
പുരുഷവന്ധ്യംകരണ മാര്‍ഗമായ എന്‍.എസ്.വിയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, ആശങ്കകള്‍ മാറ്റുക, കുടുംബാസൂത്രണ മാര്‍ഗമെന്ന നിലയില്‍ സ്വീകാര്യത വര്‍ധിപ്പിക്കുക, സന്തുഷ്ട കുടുംബത്തിനായി പുരുഷ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് പക്ഷാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.

പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എല്ലാ വെള്ളിയാഴ്ചയും എന്‍.എസ്.വി ക്യാമ്പ് നടത്തുന്നുണ്ട്. സ്ത്രീകളില്‍ നടത്തുന്ന കുടുംബാസൂത്രണ മാര്‍ഗങ്ങളില്‍ അനസ്തേഷ്യ, ശസ്ത്രക്രിയ അതിനോടനുബന്ധിച്ച് ആശുപത്രി വാസം, കൂടുതല്‍ ദിവസം വിശ്രമം എന്നിവ ആവശ്യമായി വരുന്നുണ്ട്. എന്നാല്‍ നോ-സ്‌കാല്‍പല്‍ വാസക്ടമി ചെയ്യുമ്പോള്‍ ലോക്കല്‍ അനസ്തേഷ്യ മാത്രമാണ് ആവശ്യമായി വരുന്നത്.

സൂചികൊണ്ടുള്ള സുഷിരം മാത്രമേ എന്‍.എസ്.വി ചെയ്യുവാനായി ഇടുന്നുള്ളൂ. ശസ്ത്രക്രിയയോ, മുറിവോ, തുന്നലോ ആവശ്യമായി വരുന്നില്ല. വളരെ ലളിതമായി കുറച്ച് സമയത്തിനുള്ളില്‍ ചെയ്യുന്ന ഒന്നാണ് എന്‍.എസ്.വി. ഇത് ചെയ്തതിനുശേഷം ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകാനാകും. വന്ധ്യംകരണം ചെയ്തദിവസം കഠിനമായ ജോലി ചെയ്യരുത്. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷം സാധാരണ ജോലികളില്‍ ഏര്‍പ്പെടാം.  ഇനിയും കുട്ടികള്‍ വേണ്ട എന്ന് തീരുമാനിക്കുന്ന ദമ്പതികള്‍ക്ക് നോ-സ്‌കാല്‍പല്‍ വാസക്ടമി സ്വീകരിക്കാവുന്നതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍.അനിതകുമാരി അറിയിച്ചു.

നിയുക്തി മെഗാജോബ് ഫെസ്റ്റ് 2022 ഡിസംബര്‍ മൂന്നിന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ നിയുക്തി മെഗാജോബ് ഫെസ്റ്റ് ഡിസംബര്‍ മൂന്നിന്  ശനിയാഴ്ച പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ സംഘടിപ്പിക്കും. എസ്.എസ്.എല്‍.സി, ഐ.ടി.ഐ, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യത ഉള്ളവര്‍ക്ക് ജോബ് ഫെസ്റ്റില്‍ പങ്കെടുക്കാം. ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. യോഗ്യരായവര്‍ അന്നേദിവസം 9.30ന് ഹാജരാകണം. ഫോണ്‍: 0468 2 222 745, 9746 701 434, 9447 009 324.

വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ജനുവരി മുതല്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകള്‍ക്ക് അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ ഒന്ന്.
1. പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരുവര്‍ഷം): ആകെസീറ്റ്-25. അധ്യയന മാധ്യമം -മലയാളം. യോഗ്യത-ബിടെക് -സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദം. അപേക്ഷ ഫീസ്-200 രൂപ.
2.   സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ ( ഒരു വര്‍ഷം) : പ്രായപരിധി-35 വയസ്. യോഗ്യത – എസ്.എസ്.എല്‍.സി, ആകെസീറ്റ് – 40 (50 ശതമാനം വിശ്വകര്‍മ വിഭാഗത്തിനായി നീക്കി വച്ചിരിക്കുന്നു),അധ്യയന മാധ്യമം – മലയാളം, അപേക്ഷ ഫീസ് – 100രൂപ
3.    ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്: പ്രായപരിധി – ഇല്ല യോഗ്യത – എസ്. എസ്.എല്‍.സി. ആകെസീറ്റ് – 25, അപേക്ഷ ഫീസ് – 200 രൂപ

അപേക്ഷകള്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം,ആറന്മുള, പത്തനംതിട്ട ജില്ല പിന്‍ 689 533 എന്ന മേല്‍ വിലാസത്തില്‍ ലഭ്യമാക്കണം. വെബ്സൈറ്റ് :www.vasthuvidyagurukulam.com. ഫോണ്‍: 0468 2 319 740, 9847 053 294, 9947 739 442, 9847 053 293.

 

 

ശീമകൊന്ന വിതരണം
മലയാലപ്പുഴ കൃഷി ഭവനില്‍ സിഡിബി പദ്ധതി പ്രകാരം ശീമകൊന്ന ഇന്ന് (22) സൗജന്യമായി വിതരണം ചെയ്യും. തെങ്ങുകൃഷി ചെയ്തിട്ടുളള കര്‍ഷകര്‍ കൃഷി ഭവനുമായി ബന്ധപ്പെടണം.


ജില്ലാ വികസന സമിതി യോഗം നവംബര്‍ 26ന്

പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം നവംബര്‍ 26ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.


ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും പിരിഞ്ഞവരും സേവനസോഫ്റ്റ് വെയറില്‍ ഉള്‍പ്പെട്ടവരുമായ ഗുണഭോക്താക്കള്‍ക്ക് 2023 ജനുവരി മുതലുളള പെന്‍ഷന്‍ ലഭിക്കുന്നതിന് വില്ലേജ് ഓഫീസര്‍ /ഗസറ്റഡ് ഓഫീസര്‍/ജില്ല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍/അംഗീകൃത ട്രേഡ് യൂണിയന്‍ സെക്രട്ടറി/ യൂണിയന്‍ പ്രസിഡന്റ് എന്നിവര്‍ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 15നകം ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍ : 0469 2 603 074.


ചക്കുളത്ത്കാവ് പൊങ്കാല ; യോഗം നവംബര്‍ 23ന്

ചക്കുളത്ത്കാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ഡിസംബര്‍ 12ന് നടക്കുന്ന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച് നവംബര്‍ 23ന് ഉച്ചയ്ക്ക് ശേഷം നാലിന് തിരുവല്ല ആര്‍ഡി ഓഫീസില്‍ യോഗം ചേരുമെന്ന് സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി അറിയിച്ചു.

 

നിയമസഭ പരിസ്ഥിതി സമിതി സന്ദര്‍ശനം 23ന്
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിന്മേല്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ പരിശോധിച്ച് വിലയിരുത്തുന്നതിനായി നവംബര്‍ 23ന് ഉച്ചയ്ക്ക് 12ന് പമ്പ ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി യോഗം ചേരും.  ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും സമിതി വിവരശേഖരണം/ തെളിവെടുപ്പ് നടത്തും. ജില്ലയിലെ ഇതര പാരിസ്ഥിതിക വിഷയങ്ങളില്‍ പൊതുജനങ്ങളില്‍ നിന്നു പരാതിയും നിവേദനങ്ങളും സ്വീകരിക്കും. തുടര്‍ന്ന് ശബരിമല സന്നിധാനം സന്ദര്‍ശിക്കും.

വിവരാവകാശ കമ്മീഷന്‍ തെളിവെടുപ്പ്
സംസ്ഥാന വിവരാവകാശ കമ്മീഷന്‍ പത്തനംതിട്ടയില്‍  (നവംബര്‍ 22) തെളിവെടുപ്പ് നടത്തും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 ന് തെളിവെടുപ്പ് ആരംഭിക്കും. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.എ. ഹക്കിം നേതൃത്വം നല്കും. ജില്ലയില്‍ സമര്‍പ്പിക്കപ്പെട്ട വിവരാവകാശ അപേക്ഷകളിലെ രണ്ടാം അപ്പീലുകളാണ് പരിഗണിക്കുക.

അപേക്ഷകരും ബന്ധപ്പെട്ട ഓഫീസര്‍മാരും ഒന്നാം അപ്പീല്‍ അധികാരികളും കമ്മീഷനെ ബോധിപ്പിക്കാനുള്ള രേഖകളും തെളിവുകളുമായി ഹാജരാകണം. ഓഫീസര്‍മാര്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.

ഗുഡ് സമാരിറ്റന്‍ അവാര്‍ഡ് : നാമനിര്‍ദേശം സമര്‍പ്പിക്കാം
മോട്ടോര്‍ വാഹന അപകടങ്ങളില്‍ മാരകമായി പരിക്ക് പറ്റുന്നവരെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് അയ്യായിരം രൂപ പാരിതോഷികം നല്‍കുന്ന ഗുഡ് സമാരിറ്റന്‍ അവാര്‍ഡിനായി നാമനിര്‍ദേശം സമര്‍പ്പിക്കാം.

 

പരിക്കേറ്റ വ്യക്തിയെ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയതും അപകട സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ നിന്ന് സമാരിറ്റന് നല്‍കുന്നതുമായ അംഗീകാരപത്രത്തിന്റെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട പോലീസ് സ്റ്റേഷന്‍ അധികൃതര്‍ ജില്ലാ കളക്ടര്‍ അധ്യക്ഷയായുള്ള ജില്ലാതല അപ്രയ്‌സല്‍ കമ്മിറ്റി മുന്‍പാകെ നാമനിര്‍ദേശം സമര്‍പ്പിക്കണം. അപ്രയ്‌സല്‍ കമ്മിറ്റി മുന്‍പാകെ സമര്‍പ്പിക്കുന്ന അംഗീകാരപത്രത്തിന്റെ പകര്‍പ്പ് ബന്ധപ്പെട്ട സമാരിറ്റനും ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റിലെ ബി 3 സെക്ഷനുമായി ബന്ധപ്പെടണം. ഫോണ്‍:  0468 2 222 515

ഉപന്യാസ രചന, ചിത്രരചന മത്സര ഫലം പ്രഖ്യാപിച്ചു
ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ലഹരിമുക്ത കേരളം പ്രചാരണത്തിന്റെയും ഭാഗമായി ജില്ലാ ഭരണകേന്ദ്രത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും അഭിമുഖ്യത്തില്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കായി നടത്തിയ ഉപന്യാസ രചന, ചിത്രരചന മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു.

ഉപന്യാസ രചന മത്സരത്തില്‍ യുപി വിഭാഗത്തില്‍ തിരുമൂലവിലാസം യുപിഎസിലെ എയ്ഞ്ചല്‍ ആന്‍ എബ്രഹാം ഒന്നാം സ്ഥാനവും തെള്ളിയൂര്‍ എസ് എന്‍ വി യു പി എസി ലെ വി.എസ്. ശിവനന്ദ രണ്ടാം സ്ഥാനവും തെങ്ങമം ഗവ. യുപിഎസിലെ ജെ. ഗൗരീകൃഷ്ണന്‍ മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോന്നി ആര്‍വിഎച്ച്എസ്എസിലെ അപര്‍ണ ജി നാഥ് ഒന്നാം സ്ഥാനം നേടി.

ചിത്രരചന മത്സരത്തില്‍ എല്‍ പി വിഭാഗത്തില്‍ കുളത്തൂര്‍ ഗവ.എല്‍പിഎസിലെ ആരതി സുനില്‍ ഒന്നാം സ്ഥാനവും കല്ലൂപ്പാറ ഗവ.എല്‍പിഎസിലെ ആദിത്യ മോഹനും ജെ. ഗൗരീകൃഷ്ണനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. യുപി വിഭാഗത്തില്‍ കോഴഞ്ചേരി ഗവ.എച്ച്.എസിലെ ഷിന്റോ സൈമണ്‍ ഒന്നാം സ്ഥാനവും കോഴിമല സെന്റ് മേരീസ് യുപിഎസിലെ  വിസ്മയ ജനില്‍ രണ്ടാം സ്ഥാനവും  വളഞ്ഞവട്ടം  കെവിയുപിഎസിലെ അനുരാഗ് രതീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോന്നി ആര്‍ വി എച്ച് എസ് എസിലെ ബി. നിരഞ്ജന്‍ ഒന്നാം സ്ഥാനം നേടി.