
പ്ലാസ്റ്റിക് ഒഴിവാക്കണം: മന്ത്രി കെ. രാധാകൃഷ്ണന്‍
ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. ശബരിമലയുടെ പ്രകൃതിഭംഗിയും, പച്ചപ്പും അതേ രീതിയില്‍ നിലനിര്‍ത്തുകയും, ആ പ്രദേശത്തിന്റെ ഹരിതഭംഗിക്ക് പോറലേല്‍പ്പിക്കാതിരിക്കുകയും ചെയ്യുക എന്നത് നമ്മളോരോരുത്തരുടേയും ഉത്തരവാദിത്തം തന്നെയാണെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മ്മിപ്പിച്ചു.
ഒരു തീര്‍ത്ഥാടന കാലത്തില്‍ ദശലക്ഷക്കണക്കിന് ഭക്തരാണ് ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നത്. ഇത്രയും പേരെ ഉള്‍ക്കൊള്ളുമ്പോഴുണ്ടാകുന്ന മാലിന്യങ്ങള്‍ ഒരുകാരണവശാലും ശബരിമലയുടെ ജൈവികവ്യവസ്ഥയെ ദോഷകരമായി ബാധിക്കുവാന്‍ പാടില്ല. അതിനാല്‍ ഇത്തവണയും മണ്ഡലകാലത്തില്‍ ഹരിത പ്രോട്ടോകോള്‍ കര്‍ശനമായി നടപ്പിലാക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ശബരിമലയില്‍ എത്തുന്ന ഭക്തന്മാര്‍ അവിടേക്ക് പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുവരുന്നത് ഒഴിവാക്കണം എന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
കുടിവെള്ളത്തിനായി പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരം മറ്റു കുപ്പികള്‍ ഉപയോഗിക്കുവാനും, പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് പകരം തുണി സഞ്ചിയോ, പേപ്പര്‍ ബാഗോ ഉപയോഗിക്കുവാനും, പമ്പ നദിയില്‍ തുണികളും, പ്ലാസ്റ്റിക് വസ്തുക്കളും വലിച്ചെറിയുന്നത് ഒഴിവാക്കുവാനും കൂടി ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ശ്വാസം മുട്ടല്‍; നെഞ്ചുവേദന
വിളിക്കുക 04735 203232
ശബരിമല കയറ്റത്തില്‍ അയ്യപ്പഭക്തര്‍ക്ക് ശ്വാസംമുട്ടലോ നെഞ്ചുവേദനയോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം. കണ്‍ട്രോള്‍ റൂം നമ്പര്‍ -0473-5203232.
ശബരിമല വിശേഷങ്ങള്‍
(22.11 2022)
പുലര്‍ പുലര്‍ച്ചെ 2.30 മണിക്ക് പള്ളി ഉണര്‍ത്തല്‍
3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
11.30. ന് ..25 കലശാഭിഷേകം
12.00ന് …. കളഭാഭിഷേകം
12.30ന് …. ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കല്‍
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്… ദീപാരാധന
7 മുതല്‍ പുഷ്പാഭിഷേകം
9.30 മണിക്ക് …അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.
നിയമസഭ പരിസ്ഥിതി സമിതി സന്ദര്‍ശനം 23ന്
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിന്മേല്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ പരിശോധിച്ച് വിലയിരുത്തുന്നതിനായി നവംബര്‍ 23ന് ഉച്ചയ്ക്ക് 12ന് പമ്പ ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി യോഗം ചേരും.
ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും സമിതി വിവരശേഖരണം/ തെളിവെടുപ്പ് നടത്തും. ജില്ലയിലെ ഇതര പാരിസ്ഥിതിക വിഷയങ്ങളില്‍ പൊതുജനങ്ങളില്‍ നിന്നു പരാതിയും നിവേദനങ്ങളും സ്വീകരിക്കും. തുടര്‍ന്ന് ശബരിമല സന്നിധാനം സന്ദര്‍ശിക്കും.
ഭക്തരുടെ മനം കീഴടക്കി ഉദ്യോഗസ്ഥരുടെ ഭക്തി ഗാനസുധ
അയ്യപ്പ ഭക്തരുടെ മനം കീഴടക്കി റെവന്യൂ – ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഭക്തി ഗാനസുധ. ) രാത്രിയിലായിരുന്നു ശാസ്താ ഓഡിറ്റോറിയത്തില്‍ ഭക്തി ഗാനസുധ അരങ്ങേറിയത്.
റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായ കിഷോര്‍ കുമാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ അരുണ്‍കുമാര്‍, പ്രശാന്ത് ബി. ഉണ്ണിത്താന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. ശബരിമല എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് ഷാജി, ദേവസ്വം പിആര്‍ഒ സുനില്‍ അരുമാനൂര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ആഗ്രഹസാഫല്യത്തിന് ഭസ്മകുളത്തിലെ മുങ്ങിക്കുളി
കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ ഭസ്മക്കുളത്തില്‍ അയ്യപ്പഭക്തര്‍ സ്‌നാനം ചെയ്യുന്നത് പുറരാരംഭിച്ചു. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഭസ്മക്കുളത്തില്‍ മുങ്ങിക്കുളി അനുവദിക്കുന്നത്.
ശബരിമലയില്‍ എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് മനഃസുഖത്തിനും ശാന്തിക്കുമായി ഭസ്മക്കുളത്തില്‍ സ്‌നാനം ചെയ്യുക പതിവാണ്. മുമ്പ് ഇവിടെയെത്തി മുങ്ങിക്കുളിച്ച് ദേഹശുദ്ധിവരുത്തിയ ശേഷമായിരുന്നു ഭക്തര്‍ അയ്യനെ വണങ്ങാറുള്ളത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സന്നിധാനത്തെ ഫ്‌ളൈ ഓവറിന് സമീപമായിരുന്നു കുളം എങ്കിലും, പിന്നീട് തീര്‍ത്ഥാടക തിരക്ക് വര്‍ധിച്ചതോടെ ഭക്തരുടെ സൗകര്യാര്‍ത്ഥം ശ്രീകോവിലിന് പിന്‍ഭാഗത്ത് താഴെയായി ജലരാശി കണ്ടെത്തി ഇവിടേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.
ഇപ്പോള്‍ മാളികപ്പുറത്തുനിന്നു 100 മീറ്റര്‍ അകലെയാണ് കുളം. ക്ഷേത്രത്തിലെ പൂജാരിമാര്‍ ഭസ്മക്കുളത്തില്‍ മുങ്ങിക്കുളിച്ചാണ് ശാന്തി നടത്തിയിരുന്നത്.
ശാന്തിക്കായി ഉപയോഗിച്ചിരുന്ന പാത്രങ്ങളും മറ്റും വൃത്തിയാക്കുന്നതിനു ഭസ്മക്കുളത്തിനു സമീപം പാത്രക്കുളവുമുണ്ട്. നാലുവശവും കല്‍പ്പടവുകളാല്‍ നിര്‍മ്മിതമായതും നടുക്ക് കരിങ്കല്‍ പാകിയതുമാണ് ഭസ്മക്കുളം.
പഴയ ഭസ്മക്കുളത്തില്‍ ഉരക്കുഴി തീര്‍ത്ഥത്തില്‍ നിന്നുമുള്ള ജലമാണ് എത്തിയിരുന്നത്.
ഭസ്മക്കുളത്തില്‍ മുങ്ങിക്കുളിച്ച് സന്നിധാനത്ത് ശയനപ്രദിക്ഷിണം നടത്തിയാല്‍ ആഗ്രഹസാഫല്യം ഉണ്ടാകുമെന്നാണ് വിശ്വസിച്ചുപോരുന്നത്. ഭസ്മക്കുളത്തില്‍ കുളിക്കുന്നവര്‍ സോപ്പോ, എണ്ണയോ ഉപയോഗിച്ച് ജലം മലിനപ്പെടുത്താന്‍ പാടില്ല.
അയ്യപ്പസ്വാമിമാര്‍ക്ക് പാനനാശിനിയായി ഉരക്കുഴി സ്നാനം
അയ്യപ്പാനുഗ്രഹത്തിനായി മലകയറുന്ന തീര്‍ത്ഥാടകര്‍ക്ക് പാപമോക്ഷത്തിനായുള്ള പുണ്യതീര്‍ത്ഥമായി പാണ്ടിത്താവളത്തിനടുത്തെ ഉരക്കുഴി ജലപാതം. അയ്യപ്പദര്‍ശനശേഷം ഇവിടെ മുങ്ങിക്കുളിച്ചാണ് മിക്കവരും മലയിറങ്ങുന്നത്.പരമ്പരാഗത കാനനപാതവഴി സന്നിധാനത്ത് വരുന്നവര്‍ ഇവിടെ മുങ്ങിയതിന് ശേഷം ദര്‍ശനം നടത്തുന്നു.
മഹിഷീ നിഗ്രഹത്തിനുശേഷം അയ്യപ്പന്‍ ഈ കാനനതീര്‍ത്ഥത്തില്‍ മുങ്ങിക്കുളിച്ച് സന്നിധിയില്‍ എത്തിയെന്നാണ് വിശ്വാസം. ഇതിന്റെ ചുവട് പിടിച്ചാണ് അയ്യപ്പഭക്തര്‍ ഉരക്കുഴി വെള്ളച്ചാട്ടത്തില്‍ മുങ്ങിക്കുളിക്കുന്നത്.
പമ്പാനദിയുടെ കൈവഴിലെ കുമ്പളം തോട്ടില്‍നിന്നും പാറക്കെട്ടുകള്‍ക്കിടയിലൂടെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന് കീഴെയാണ് ഉരക്കുഴി തീര്‍ത്ഥം. വെള്ളം സ്ഥിരമായി പതിച്ച പാറ ഉരല്‍പോലെ കുഴിയായെന്നും ഉരല്‍ക്കുഴി ലോപിച്ച് ഉരക്കുഴി ആയെന്നുമാണ് വിശ്വാസം. ഒരുസമയം ഒരാള്‍ക്ക് മാത്രമാണിവിടെ മുങ്ങിക്കുളിക്കാന്‍ കഴിയുക. ഉരല്‍ക്കുഴിയിലെ കുളി പാപനാശിനിയാണെന്ന് ഭക്തര്‍ കരുതുന്നു.
അയ്യപ്പദര്‍ശനത്തിന് മുന്‍പും ദര്‍ശനത്തിന് ശേഷവും ഇവിടെയത്തി മുങ്ങിക്കുളിച്ചാല്‍ പാപമോക്ഷം നേടുമെന്നാണ് വിശ്വാസം. ഉരക്കുഴി കാണാനും ഇവിടെ കുളിക്കാനുമായി നിരവധി ഭക്തരാണെത്തുന്നത്.
ശര്‍ക്കര പായസവും വെള്ള നിവേദ്യവും സൗജന്യമായി വാങ്ങാം
ശബരിമല അയ്യപ്പസ്വാമിയുടെ വഴിപാട് പ്രസാദവുമായ വെള്ള നിവേദ്യം കൗണ്ടറില്‍ നിന്ന് വാങ്ങാവുന്നതാണ്. അരി കൊണ്ടുവരുന്നവര്‍ ആവശ്യപ്പെടുന്ന പക്ഷം സൗജന്യമായി വെള്ള നിവേദ്യം നല്‍കും. കൂടാതെ 25 രൂപ വെള്ള നിവേദ്യ കൗണ്ടറില്‍ അടച്ചും വെള്ള നിവേദ്യ പ്രസാദം വാങ്ങാവുന്നതാണ്.
അരിയും ശര്‍ക്കരയും കൊണ്ടുവരുന്ന അയ്യപ്പഭക്തര്‍ക്ക് ആവശ്യാനുസരണം ശര്‍ക്കര പായസം സൗജന്യ പ്രസാദമായി നല്‍കും. 25 രൂപാ വിലയ്ക്കും ശര്‍ക്കര പായസം ലഭിക്കും. അരവണ വിതരണ കൗണ്ടറിന് മുന്നിലാണ് വെള്ള, ശര്‍ക്കര പായസ കൗണ്ടര്‍ സ്ഥിതി ചെയ്യുന്നത്.
തിരുമുറ്റം, ഫ്‌ളൈ ഓവര്‍, മാളികപ്പുറം, വെള്ള കൗണ്ടര്‍ എന്നിവിടങ്ങളില്‍ ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്ന അരി, ശര്‍ക്കര തുടങ്ങിയ വഴിപാട് സാധനങ്ങള്‍ വേര്‍തിരിച്ച് അതിലുള്ള നോട്ടും നാണയങ്ങളും കാണിക്ക വഞ്ചിയില്‍ നിക്ഷേപിക്കും.
അരി അരിച്ച് വേര്‍തിരിച്ച് അളന്ന് തിട്ടപ്പെടുത്തി സ്റ്റോര്‍ സൂപ്രണ്ടിനെ ഏല്‍പ്പിക്കും. ശര്‍ക്കര വെള്ള നിവേദ്യ പ്രസാദ കൗണ്ടറിലെ സ്പെഷ്യല്‍ ഓഫീസര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ എഴ് ദേവസ്വം ജീവനക്കാരും 52 ദിവസവേതന ജീവനക്കാരും അടങ്ങുന്ന ടീമാണ് ശര്‍ക്കര, വെള്ള നിവേദ്യ കൗണ്ടറിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
സന്നിധാനത്ത് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്റര്‍ തുടങ്ങി
അയ്യപ്പഭക്തര്‍ക്കായി സന്നിധാനം തിരുമുറ്റത്ത് സഹാസിന്റെ നേതൃത്വത്തില്‍ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്റര്‍ തുടങ്ങി. പടികയറിയെത്തുന്ന ഭക്തര്‍ക്ക് പെട്ടെന്ന് ശരീര വൈഷമ്യമുണ്ടായാല്‍ അടിയന്തര ചികിത്സ ലഭ്യമാക്കുകയാണ് ഈ സെന്റര്‍ ലക്ഷ്യമിടുന്നത്. വര്‍ഷങ്ങളായി സഹാസ് ആണ് ഇവിടെ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്റര്‍ നടത്തുന്നത്.
ഇന്നലെ (21) രാവിലെ ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് ഭദ്രദീപംകൊളുത്തി സെന്റര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, സഹാസ് സെക്രട്ടറിയും ജനറല്‍ സര്‍ജനുമായ ഡോ. ഒ. വാസുദേവന്‍ തുടങ്ങിയവരും ഭദ്രദീപം കൊളുത്തി. ശേഷം ശബരിമല തന്ത്രിയുടെ ബിപി പരിശോധിച്ചുകൊണ്ട് ഇവിടെനിന്നുള്ള ചികിത്സയ്ക്കും തുടക്കം കുറിച്ചു.
പതിനെട്ടാം പടി കയറിയശേഷം നെഞ്ചുവേദന, ശ്വാസംമുട്ടല്‍, തളര്‍ച്ച തുടങ്ങിയവ നേരിടുന്ന ഭക്തര്‍ക്ക് ഇവിടെ ചികിത്സ തേടാവുന്നതാണ്. ബി.പി, ഓക്സിജന്റെ അളവ്, ശ്വാസം മുട്ടല്‍ തുടങ്ങിയ അവശത അനുഭവിക്കുന്ന ഭക്തര്‍ക്ക് ഇവിടെ അടിയന്തര പ്രാഥമിക ചികിത്സ ലഭ്യമാക്കുകയും ശേഷം ഗവ. ആശുപത്രിയിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്.
പരിശോധനയ്ക്കായി എഇഡി മെഷ്യന്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തിരക്ക് ഏറെയുള്ള സമയങ്ങളിലാണ് ഈ സെന്റര്‍ പ്രവര്‍ത്തിക്കുക. ഒരു ഡോക്ടറുടെയും നഴ്സിന്റെയും സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.
ശബരിമലയെ പവിത്രമാക്കാന്‍ പവിത്രം ശബരിമല പദ്ധതി
ശബരിമലയെ കൂടുതല്‍ പവിത്രമാക്കി ദേവസ്വം ബോര്‍ഡിന്റെ പവിത്രം ശബരിമല പദ്ധതി. ശബരിമല, പമ്പ, നിലയ്ക്കല്‍, ശബരിമല ഇടത്താവളങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ദേവസ്വം ബോര്‍ഡിന്റെ പവിത്രം ശബരിമല പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒന്‍പതുമുതല്‍ ഒരു മണിക്കൂര്‍ സമയമാണ് ഈ കേന്ദ്രങ്ങള്‍ വൃത്തിയക്കാനായി നീക്കിവച്ചിരിക്കുന്നത്.
ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് പുറമേ, ഡ്യൂട്ടിയിലുള്ള മറ്റ് വകുപ്പ് ജീവനക്കാര്‍, അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍, വിശുദ്ധി സേനാംഗങ്ങള്‍ തുടങ്ങിയവരും ഈ ശുചീകരണ, ബോധവത്കരണ പരിപാടിയില്‍ സജീവമായി പങ്കാളികളാകുന്നുണ്ട്.
ശബരിമലയെ പൂര്‍ണമായി പരിശുദ്ധിയോടെ കാത്തുസൂക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള പവിത്രം ശബരിമല പദ്ധതി ഇത്തവണത്തെ മണ്ഡല മഹോത്സവ കാലം ആരംഭിച്ച വൃശ്ചികം ഒന്നിനാണ് അവതരിപ്പിച്ചത്. പ്ലാസ്റ്റികും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത്, പിന്നീട് ഇവ വേര്‍തിരിച്ചശേഷം ഇന്‍സിനറേറ്റില്‍ എത്തിച്ച് അതത് ദിവസം തന്നെ സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. ഇതോടൊപ്പം പൂങ്കാവനം ശുചിത്വപൂര്‍മായി കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അയ്യപ്പഭക്തര്‍ക്കിടയില്‍ ബോധവത്കരണവും നടത്തുന്നുണ്ട്.