ലോകത്തിലെ ഏറ്റവും മികച്ച സിനിമകളെയും മനോഹരസ്രഷ്ടാക്കളെയും ഒരിക്കൽകൂടി ഒരുകുടക്കീഴിൽ കൊണ്ടുവരുന്ന, ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 53-ാം പതിപ്പിന് ഇന്ന്, 2022 നവംബർ 20ന്, ഗോവയിലെ പനാജിയിലെ ഡോ. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ ആവേശോജ്വല തുടക്കം. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനും എന്റർടൈൻമെന്റ് സൊസൈറ്റി ഓഫ് ഗോവയും സംയുക്തമായി നടത്തുന്ന ചലച്ചിത്രവിരുന്നിന്റെ ഈ പതിപ്പിൽ 79 രാജ്യങ്ങളിൽനിന്നുള്ള 280 ചിത്രങ്ങളുടെ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. 25 കഥാചിത്രങ്ങളും 20 കഥേതരചിത്രങ്ങളും ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
9 ദിവസം നീളുന്ന ചലച്ചിത്രമഹോത്സവത്തിന് ദീപംതെളിച്ച്, നമ്മുടെ ജനങ്ങളുടെ കഴിവുകളോടെയും, വ്യവസായപ്രമുഖരുടെയും നവീകരണത്തിന്റെയും പിന്തുണയോടെയും, സിനിമാചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ഏവരും താൽപ്പര്യപ്പെടുന്ന ഇടമാക്കി ഇന്ത്യയെ മാറ്റുക എന്നതാണു തന്റെ കാഴ്ചപ്പാടെന്നു കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ-യുവജനകാര്യ-കായിക മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. “ഐഎഫ്എഫ്ഐയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ഒരു പരിപാടിയിൽമാത്രം ഒതുങ്ങുന്നില്ല. അമൃതമഹോത്സവത്തിൽനിന്ന് അമൃതകാലത്തേയ്ക്കു മാറി ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷം ആഘോഷിക്കുമ്പോൾ എന്തായിരിക്കണം ഐഎഫ്എഫ്ഐ എന്നതിനുള്ള കാഴ്ചപ്പാടാണുള്ളത്! ഇന്ത്യയെ ഉള്ളടക്കനിർമാണത്തിന്റെ ശക്തികേന്ദ്രമാക്കി മാറ്റാനാണു ഞങ്ങൾ ലക്ഷ്യമിടുന്നത്. വിശേഷിച്ച്, പ്രാദേശികമേളകൾക്കു കരുത്തേകി പ്രാദേശിക സിനിമയെ”- അദ്ദേഹം പറഞ്ഞു.
53-ാം ഐഎഫ്‌എഫ്‌ഐ എണ്ണമറ്റ ഊർജസ്വലമായ സംസ്കാരങ്ങളുടേയും സിനിമാമികവിന്റെ ദൃശ്യാവിഷ്കാരങ്ങളുടേയും സംഗമഭൂമിയായി മാറുമെന്നു ശ്രീ താക്കൂർ പറഞ്ഞു. “ഒരു രാജ്യത്തിന്റെ സമ്പന്നമായ സംസ്കാരം, പാരമ്പര്യം, പൈതൃകം, പ്രതീക്ഷകൾ,
സ്വപ്നങ്ങൾ, അഭിലാഷങ്ങൾ എന്നിവയുടെയും, ഏറ്റവും പ്രധാനമായി, ചരിത്രത്തിലെ ഏതുകാലത്തും ആ സമയത്തെ ജനങ്ങളുടെ കൂട്ടായ മാനസികാവസ്ഥയുടെയും, സംഗമമാണു ചലച്ചിത്രങ്ങൾ പകർത്തുന്നതും ദൃശ്യമാക്കുന്നതും”- അദ്ദേഹം കൂട്ടിച്ചേർത്തു.
1952ൽ ആരംഭിച്ചതുമുതൽ, ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കാഴ്ചപ്പാടും മൂല്യങ്ങളും ‘വസുധൈവ കുടുംബകം’ എന്ന വിഷയത്തിൽ വേരൂന്നിയതാണ്-ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ചലച്ചിത്രമേളയുടെ ഓർമകൾ പങ്കുവച്ചു ശ്രീ അനുരാഗ് താക്കൂർ പറഞ്ഞു. ലോകം ഒരു കുടുംബമെന്ന നിലയിൽ സമാധാനപരമായ സഹവർത്തിത്വം എന്ന സാരംശമുൾക്കൊള്ളുന്നതാണിത്. “ആഗോളതലത്തിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന പങ്കും ജി20 അധ്യക്ഷപദവും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ‘ഒരു ഭൂമി, ഒരേ കുടുംബം, ഒരേ ഭാവി’ എന്ന ഈ വിഷയത്തെ ചുറ്റിപ്പറ്റിയാണ്”.
“ഇന്ത്യൻ സിനിമകളുടെയും വിദേശസിനിമകളുടെയും ഒടിടികളിലെ ഒറിജിനൽ പരമ്പരകളുടെയും ഉത്സവാന്തരീക്ഷത്തിലുള്ള ആദ്യ പ്രദർശനം ഐഎഫ്എഫ്ഐയിൽ നടക്കും. ഇന്നു ലോകത്തിലെ ഏറ്റവും പ്രശസ്തരായ ഇസ്രായേലി താരങ്ങൾ അണിനിരക്കുന്ന, ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട പരമ്പര, ഫൗദയുടെ നാലാം സീസണിന്റെ ആദ്യ പ്രദർശനവും ഇതിലുൾപ്പെടും. ഈ ഷോയുടെ അടുത്ത സീസണും ഐഎഫ്‌എഫ്‌ഐയിൽ തുടക്കംകുറിക്കുമെന്ന വിവരം പങ്കിടാൻ ഞാൻ ആഗ്രഹിക്കുകയാണ്”- മന്ത്രി പറഞ്ഞു.ഫ്രാൻസുമായുള്ള ദൃഢബന്ധത്തിന് ആദരമായി ‘കൺട്രി ഓഫ് ഫോക്കസ്’
ഐഎഫ്‌എഫ്‌ഐയിലെ ‘കൺട്രി ഓഫ് ഫോക്കസ്’ സെഷൻ ചൂണ്ടിക്കാട്ടി, ഈ വർഷം ഇന്ത്യ-ഫ്രാൻസ് ബന്ധത്തിന് 75 വർഷം തികയുന്നുവെന്നു മന്ത്രി പറഞ്ഞു. ഇക്കാര്യം അടയാളപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളുടെയും നേതാക്കളായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ വർഷത്തെ കാൻ ചലച്ചിത്രോത്സവത്തിലും ‘കൺട്രി ഓഫ് ഓണർ’ രാജ്യം ഇന്ത്യയായിരുന്നു. “75-ാമത് കാൻ ചലച്ചിത്രോത്സവത്തിൽ മാർഷെ ഡി ഫിലിംസിലെ ഇന്ത്യയുടെ ‘കൺട്രി ഓഫ് ഓണർ’ മനോഭാവം പിന്തുടർന്ന് ഐഎഫ്എഫ്ഐയുടെ 53-ാം പതിപ്പിൽ ഫ്രാൻസിനെ ‘കൺട്രി ഓഫ് ഫോക്കസ്’ ആയി സ്വാഗതം ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്”- ശ്രീ താക്കൂർ പറഞ്ഞു.
നാളത്തെ സർഗാത്മക മനസുകൾ’ – രണ്ടാം പതിപ്പ്
‘നാളത്തെ 75 സർഗാത്മകമനസുകൾ’ എന്ന സംരംഭത്തിന്റെ ഭാഗമായി അതിന്റെ രണ്ടാം പതിപ്പിൽ, സംവിധാനം, എഡിറ്റിങ്, പിന്നണി ഗാനാലാപനം, തിരക്കഥാരചന, അനിമേഷൻ, അഭിനയം എന്നിങ്ങനെ 10 വിഭാഗങ്ങളിലായി 1000-ത്തോളം അപേക്ഷകരിൽനിന്നു കർശനമായ പ്രക്രിയയ്ക്കുശേഷം ‘നാളത്തെ 75 സർഗാത്മകമനസുകളെ’ ആജീവനാന്തപുരസ്കാരജേതാവ്, എൻഎഫ്എ, ഗ്രാമി, ഓസ്കാർ ജേതാക്കൾ എന്നിവരുൾപ്പെടുന്ന പ്രമുഖ ജൂറി തിരഞ്ഞെടുത്തു. “19 സംസ്ഥാനങ്ങളെ പ്രതിനിധാനംചെയ്യുന്ന ‘നാളത്തെ സർഗാത്മക മനസുകൾ’ ജയന്തിയാ കുന്നുകൾ (മേഘാലയ), ലഖീംപുർ (അസം), ഖോർധ (ഒഡിഷ) തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ്. അവരിലെ ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് 18 വയസാണുള്ളത്!”- മന്ത്രി കൂട്ടിച്ചേർത്തു.
ആജീവനാന്തമികവിനുള്ള ഈ വർഷത്തെ സത്യജിത് റായി പുരസ്കാരം നേടിയ പ്രശസ്ത സ്പാനിഷ് ചലച്ചിത്രകാരൻ കാർലോസ് സൗറയെ മന്ത്രി അഭിനന്ദിച്ചു. ഇന്ത്യയുടെ ഇക്കൊല്ലത്തെ ചലച്ചിത്രവ്യക്തിത്വത്തിനുള്ള പുരസ്കാരം തെന്നിന്ത്യൻ നടൻ ചിരഞ്ജീവിക്കു നൽകുമെന്നും മന്ത്രി അറിയിച്ചു. ഐഎഫ്‌എഫ്‌ഐയുടെ ഈ പതിപ്പ് മണിപ്പൂരി സിനിമയുടെ 50 വർഷത്തിന്റെ സ്മരണയ്ക്കായി പ്രത്യേകം ഒരുക്കിയ മണിപ്പുരി കഥ-കഥേതര ചിത്രങ്ങളുടെ പാക്കേജ് പ്രദർശിപ്പിക്കുമെന്നും താക്കൂർ പറഞ്ഞു.
ഐഎഫ്‌എഫ്‌ഐയുടെ ഭാഗമായി ഒരുക്കുന്ന ഫിലിം ബസാറിന്റെ പ്രാധാന്യത്തെക്കുറിച്ചും ശ്രീ അനുരാഗ് താക്കൂർ സംസാരിച്ചു. “ഇതാദ്യമായി, കൺട്രി പവലിയനുകൾ അവതരിപ്പിച്ച്, ഐഎഫ്എഫ്ഐ ഫിലിം ബസാറിന്റെ വ്യാപ്തി വർധിപ്പിച്ചു. ഫിലിം ബസാറിന്റെ 15-ാം പതിപ്പിൽ പ്രദർശിപ്പിക്കുന്ന 40-ലധികം പവലിയനുകൾ സന്ദർശിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. സിനിമാലോകത്തെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങൾ പ്രദർശിപ്പിക്കുന്നതിനായി ഇതാദ്യമായി ഐഎഫ്എഫ്‌ഐ ടെക്നോളജി ഹബ്ബ് സ്ഥാപിക്കും”- മന്ത്രി വ്യക്തമാക്കി.
ചലച്ചിത്രമേഖല ഏവരെയും ഉൾക്കൊള്ളുന്നതാക്കുന്നതിന്റെയും എല്ലാവർക്കും പ്രാപ്യമാക്കുന്നതിന്റെയും ഭാഗമായി ദിവ്യാംഗർക്കുള്ള (ഭിന്നശേഷിയുള്ളവർ) പ്രദർശനത്തിനായി പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്- ശ്രീ താക്കൂർ പറഞ്ഞു. “അവരുടെ ആവശ്യകതകൾ കണക്കിലെടുത്ത്, ഈ വിഭാഗത്തിലെ ചലച്ചിത്രങ്ങൾക്കു പ്രത്യേക ഓഡിയോ വിവരണങ്ങളും സബ്‌ടൈറ്റിലുകളുമുള്ള ഓഡിയോ-വിഷ്വൽ സജ്ജീകരണങ്ങളുണ്ടായിരിക്കും. ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്‌ടിഐഐ) ഓട്ടിസം ബാധിച്ച വ്യക്തികൾക്കായി ‘സ്മാർട്ട്‌ഫോൺ ഫിലിം മേക്കിങ്ങിൽ’ രണ്ട് പ്രത്യേക കോഴ്സുകളും വീൽചെയർ ഉപയോക്താക്കൾക്കായി ‘സ്ക്രീൻ ആക്ടിങ്ങിൽ’ അടിസ്ഥാന പരിശീലനവും നൽകും”- അദ്ദേഹം പറഞ്ഞു.കലയുടെയും സിനിമയുടെയും ലോകത്തെ അതിരുകൾ മായ്ക്കുന്ന ഐഎഫ്‌എഫ്‌ഐ
കോവിഡിനുശേഷം വന്ന ഐഎഫ്എഫ്‌ഐയുടെ ഈ 53-ാം പതിപ്പ് അതിന്റെ ചടുലമായ തലത്തിലേക്കു തിരിച്ചെത്തുമെന്നു കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ മുരുകൻ പറഞ്ഞു. “ഐഎഫ്‌എഫ്‌ഐ കലയുടെയും സിനിമയുടെയും ലോകത്തെ അതിരുകൾ മായ്ച്ചുകളയും. വ്യത്യസ്ത ചലച്ചിത്രസംസ്കാരങ്ങളെ പരസ്പരം ഇടപഴകാനും സഹകരിക്കാനുമുള്ള സാധ്യതകൾ ആരായാനും അനുവദിക്കുന്നു. വിവിധ രാഷ്ട്രങ്ങളിൽ നിന്നും സമൂഹങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ തമ്മിലുള്ള സമന്വയം പ്രോത്സാഹിപ്പിക്കുന്ന ചലച്ചിത്രോത്സവം എന്നാണ് നമ്മുടെ പ്രധാനമന്ത്രി ഐഎഫ്എഫ്‌ഐയെ വിശേഷിപ്പിച്ചത്. സർഗാത്മകമായ 75 മനസുകൾ, മാസ്റ്റർക്ലാസ്സുകൾ, ബോക്സ് ഓഫീസ് ഫ്ലേവർ, ഫിലിം ബസാർ, ആഗോള സിനിമ എന്നിങ്ങനെ ഒരു സിനിമാ പ്രേമി ആഗ്രഹിക്കുന്നതെല്ലാം ഐഎഫ്‌എഫ്‌ഐ 53-ൽ ഉണ്ട്” – അദ്ദേഹം കൂട്ടിച്ചേർത്തു.
കോ-പ്രൊഡക്ഷൻ കരാറുകൾക്കുള്ള പ്രോത്സാഹനങ്ങൾ, ഏകജാലക ഫിലിം സൗകര്യങ്ങൾ കാര്യക്ഷമമാക്കൽ, മികച്ച എവിജിസി (ആനിമേഷൻ, വിഷ്വൽ ഇഫക്‌റ്റ്‌സ്, ഗെയിമിംഗ്, കോമിക്) സാധ്യതകൾ പ്രാപ്യമാക്കൽ തുടങ്ങി വിവിധ സംരംഭങ്ങളിലൂടെ ഇന്ത്യയെ ലോകത്തിന്റെ ഉള്ളടക്ക ഉൽപ്പാദന കേന്ദ്രമായി മാറ്റാൻ വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി മുന്നിൽ നിന്ന് നയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സത്യജിത് റായി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിന് അർഹനായ സ്പാനിഷ് ഡയറക്ടർ കാർലോസ് സൗറയെ മന്ത്രി അഭിനന്ദിച്ചു. അന്തരിച്ച മനോഹർ പരീക്കറുടെ നേതൃത്വത്തിലും ഇപ്പോൾ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ കീഴിലും ഐഎഫ്‌എഫ്‌ഐയുടെ വിജയത്തിനായി ഗോവ സംസ്ഥാനം നൽകിയ മഹത്തായ സംഭാവനയെക്കുറിച്ചും ഡോ. എൽ.മുരുഗൻ പറഞ്ഞു.
പുതിയ ലോകോത്തര മൾട്ടിപ്ലക്സും കൺവെൻഷൻ സെന്ററും ഗോവയിൽ ഉടൻ സജ്ജമാക്കുംഗോവയിൽ ലോകോത്തര മൾട്ടിപ്ലക്സും കൺവെൻഷൻ സെന്ററും സ്ഥാപിക്കുന്നത് അവസാന ഘട്ടത്തിലാണെന്നും പുതിയ വേദിയിൽ 2025ലെ ഐഎഫ്‌എഫ്‌ഐ ആഘോഷിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായിഡോ. ശ്യാമ പ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ ആവേശഭരിതരായ സദസ്സിനെ അഭിസംബോധനചെയ്തു ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഈ വർഷം ഐഎഫ്എഫ്‌ഐയിൽ, ഗോവൻ ചലച്ചിത്ര സമിതിയുടെ പ്രത്യേക മാസ്റ്റർ ക്ലാസുകൾ നടത്താൻ സംസ്ഥാന ഗവണ്മെന്റ് മുൻകൈയെടുത്തിട്ടുണ്ടെന്നു ചലച്ചിത്രോത്സവത്തിനു പ്രാദേശികമുഖം നൽകുന്നതിനുള്ള ശ്രമങ്ങൾ പരാമർശിച്ചു പ്രമോദ് സാവന്ത് പറഞ്ഞു. അതിൽ ഹിന്ദി, മറാത്തി ചലച്ചിത്ര വിഭാഗങ്ങളിലെ പ്രശസ്തരായ ചലച്ചിത്ര പ്രവർത്തകർ പങ്കെടുക്കും. “ഒരു ഗോവൻ വിഭാഗവും ഈ വർഷം പ്രത്യേകം ഒരുക്കുന്നുണ്ട്. ഇന്ത്യൻ പനോരമയിൽ നിന്നുള്ള മൂന്ന് ജൂറി അംഗങ്ങൾ അടങ്ങുന്ന പ്രത്യേക ജൂറി ആറ് ഹ്രസ്വചിത്രങ്ങളും ഒരു ഡോക്യുമെന്ററി ചിത്രവും തിരഞ്ഞെടുത്തു. ഫെസ്റ്റിവൽ മൈൽ, എന്റർടൈൻമെന്റ് സോൺ, ഹെറിറ്റേജ് പരേഡ് തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ വിനോദസഞ്ചാരികളുടെയും ഗോവയിലെ ജനങ്ങളുടെയും ശ്രദ്ധ ആകർഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു”- അദ്ദേഹം പറഞ്ഞു. ഗോവയിൽ ഉടനീളം കാരവാനുകൾ വിന്യസിക്കുമെന്നും പൊതുജനങ്ങൾക്കായി സ്ക്രീനിങ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവ്യാംഗർക്കായുള്ള പ്രത്യേക സിനിമാ പ്രദർശനം നടത്തുമെന്നും ഗോവ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗോവയെ ഐഎഫ്എഫ്‌ഐയുടെ സ്ഥിരം വേദിയാക്കി മാറ്റിയ അന്തരിച്ച മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറെയും പ്രമോദ് സാവന്ത് അനുസ്മരിച്ചുഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന് ലോകത്തിന് മുന്നിൽ അതിന്റെ പ്രതിഭ പ്രദർശിപ്പിക്കാനും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് സിനിമയിലെ മികച്ച സമ്പ്രദായങ്ങൾ ക്ഷണിക്കാനുമുള്ള ഒരു വേദിയാണ് ഐഎഫ്എഫ്ഐ എന്ന് അതിഥികളെ സ്വാഗതം ചെയ്ത് വാർത്താവിതരണ പ്രക്ഷേപണ സെക്രട്ടറി അപൂർവ ചന്ദ്ര ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സന്ദേശവും സെക്രട്ടറി വായിച്ചു. ‘ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രോത്സവമെന്ന നിലയിൽ, വിവിധ രാജ്യങ്ങളിൽ നിന്നും സമൂഹങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾക്കിടയിൽ, സിനിമയാൽ ഏകീകരിക്കപ്പെട്ട ഉത്തേജിതമായ സമന്വയത്തെയാണ് ഐഎഫ്എഫ്ഐ പ്രോത്സാഹിപ്പിക്കുന്നത്’- സന്ദേശത്തിൽ പറയുന്നു.
ഗോവ ചീഫ് സെക്രട്ടറി പുനീത് കുമാർ ഗോയൽ, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ രവീന്ദർ ഭകർ, മറ്റു പ്രമുഖർ എന്നിവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. മൃണാൽ താക്കൂർ, വരുൺ ധവാൻ, കാതറിൻ തെരേസ, സാറ അലി ഖാൻ, കാർത്തിക് ആര്യൻ, അമൃത ഖാൻവിൽക്കർ തുടങ്ങിയ സിനിമാതാരങ്ങളും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.