ഫിഫ ലോകകപ്പിന് ഖത്തറിൽ വർണാഭമായ തുടക്കം:ആദ്യ ജയം സ്വന്തമാക്കി ഇക്വഡോര്‍

 

konnivartha.com : ഫിഫ ലോകകപ്പിന് ഖത്തറിൽ വർണാഭമായ തുടക്കം. ആതിഥേയരായ ഖത്തറും ദക്ഷിണഅമേരിക്കൻ ശക്തികളായ ഇക്വഡോറും തമ്മിലുള്ള ആദ്യ മത്സരത്തോടെ കളിത്തട്ടുണർന്നു.

ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി ഇക്വഡോര്‍. ഗ്രൂപ്പ് എയില്‍ നടന്ന ഏകപക്ഷീയമായ മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇക്വഡോര്‍ പരാജയപ്പെടുത്തിയത്.

ഇരട്ട ഗോളുകള്‍ നേടി ക്യാപ്റ്റന്‍ എന്നെര്‍ വലന്‍സിയയാണ് എക്വഡോറിനായി തിളങ്ങിയത്.16-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെയാണ് വലൻസിയ ആദ്യ ഗോൾ നേടിയത്. 31-ാം മിനിട്ടിൽ തകർപ്പനൊരു ഹെഡറിലൂടെ വലൻസിയ രണ്ടാം ഗോൾ നേടി. പ്രെസിയാഡോ മറിച്ചുനൽകിയ ക്രോസിൽനിന്നായിരുന്നു വലൻസിയയുടെ ഗോൾ. ഈ ഗോളോടെ, ഇക്വഡോറിനുവേണ്ടി ലോകകപ്പിൽ അഞ്ച് ഗോളെന്ന നേട്ടത്തിലെത്താനും വലൻസിയയ്ക്ക് കഴിഞ്ഞു. ഇക്വഡോറിന് വേണ്ടി ലോകകപ്പിൽ ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന നേട്ടവും വലൻസിയ സ്വന്തമാക്കി.

സംഗീതവും നൃത്തവും മറ്റു കലാപ്രകടനങ്ങളും കൈകോർക്കുന്നതായിരുന്നു ഉദ്ഘാടനചടങ്ങ്. മുന്‍ ഫ്രാന്‍സ്താരം മാഴ്‌സല്‍ ഡെസൈലി ലോകകപ്പ് കിരീടം പ്രദര്‍ശിപ്പിച്ചു.

ഖത്തറിന്റെ സാംസ്കാരികത്തനിമയ്ക്കൊപ്പം ഫിഫ ലോകകപ്പിന്റെ ചരിത്രവും വിളിച്ചോതുന്ന വ്യത്യസ്തമായ പരിപാടികളും അരങ്ങിലെത്തി.അമേരിക്കൻ നടനും അവതാരകനുമായ മോർഗൻ ഫ്രീമാൻ, പ്രശസ്ത ദക്ഷിണ കൊറിയൻ ബാൻഡായ ബിടിഎസിലെ അംഗമായ ജുങ്‌കൂക്ക് എന്നിവർ ഉദ്ഘാടനച്ചടങ്ങിലെ നിറസാന്നിധ്യമായി.

error: Content is protected !!