konnivartha.com : കോന്നി മെഡിക്കല്‍ കോളജില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശബരിമല വാര്‍ഡിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
30 ഓക്‌സിജന്‍ സംവിധാനമുള്ള ബെഡുകള്‍ കൂടാതെ, കോവിഡ് കേസുകള്‍ ഉളള സാഹചര്യത്തില്‍ ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് കോവിഡ് പോസിറ്റീവ് ആവുകയോ നാട്ടിലേക്ക് തിരിച്ചു പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായി ചികിത്സ ആവശ്യമായി വന്നാല്‍ ഇവര്‍ക്കായി 30 ബെഡുകളും ഉള്ള പ്രത്യേകത വാര്‍ഡ് ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ശബരിമല വാര്‍ഡിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തി. മോണിറ്ററിംഗ് ഐസിയു, ഇസിജി, അള്‍ട്രാ സൗണ്ട് സ്‌കാന്‍, ജീവന്‍ രക്ഷാ മരുന്നുകള്‍, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, ലാബ് ടെസ്റ്റുകള്‍ എന്നിവ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ വിഭാഗം, അറ്റന്‍ഡര്‍മാര്‍ എന്നിവരടക്കമുള്ളവരുടെ 24 മണിക്കൂര്‍ സേവനവും ഉറപ്പു വരുത്തും.
പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കി, വൈസ് പ്രിന്‍സിപ്പല്‍ ഡോ സെസി ജോസ്, സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്‍, മറ്റു ഡോക്ടര്‍മാര്‍, സ്റ്റാഫുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.