Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 17/11/2022 )

 

 

ഓംബുഡ്സ്മാന്‍ സിറ്റിംഗ് 21ന്
മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍ സിറ്റിംഗ് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നവംബര്‍ 21ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നടക്കും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളിലെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ അറിയിച്ചു. ഫോണ്‍ : 9447 556 949.

ഡെങ്കിപ്പനി വ്യാപിക്കുന്നു അതീവശ്രദ്ധ വേണം: ഡിഎംഒ
ജില്ലയുടെ കൂടുതല്‍ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അതീവ ശ്രദ്ധയോടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. കോട്ടാങ്ങല്‍, ഏനാദിമംഗലം, പന്തളംതെക്കേക്കര, പെരിങ്ങര, അരുവാപ്പുലം, പുറമറ്റം, റാന്നി പെരുനാട്, തുമ്പമണ്‍, ആനിക്കാട് പഞ്ചായത്ത് പ്രദേശത്തുനിന്നാണ് ഈ മാസം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ കോട്ടാങ്ങലില്‍ ഒരു മരണവും ഉണ്ടായി. ഇടവിട്ട് പെയ്യുന്ന മഴമൂലം വീടിനു ചുറ്റും അലക്ഷ്യമായി കിടക്കുന്ന വസ്തുക്കളില്‍ വെള്ളം കെട്ടി നില്‍ക്കാനും അവയില്‍ ഡെങ്കിപ്പനി പരത്തുന്ന കൊതുക് മുട്ടയിട്ട് വ്യാപിക്കാനും ഉള്ള സാഹചര്യമാണുള്ളത്.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
വീടിന്റെ പരിസരത്ത് വെള്ളം ശേഖരിക്കപ്പെടാന്‍ സാധ്യതയുള്ള പാത്രങ്ങള്‍, പൊട്ടിയ കളിപ്പാട്ടങ്ങള്‍, ടയറുകള്‍, ചിരട്ട, മുട്ടത്തോട് തുടങ്ങിയവയിലെ വെള്ളം കളഞ്ഞശേഷം അവ ശേഖരിച്ച് വെള്ളം വീഴാത്ത സ്ഥലത്ത് സൂക്ഷിക്കുകയോ ശരിയായ വിധം ഒഴിവാക്കുകയോ ചെയ്യുക. വീടിനു വെളിയില്‍ ഉപയോഗത്തിലുള്ള ടാര്‍പോളിന്‍, പ്ലാസ്റ്റിക് ഷീറ്റ് തുടങ്ങിയവയില്‍ വെള്ളം കെട്ടിനിന്ന് കൊതുക് വളരുന്നില്ലെന്ന് ഉറപ്പു വരുത്തണം. മണിപ്ലാന്റ് വളര്‍ത്തുന്ന പാത്രത്തിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ മാറ്റണം.

ചെടിച്ചെട്ടിയുടെ അടിയിലെ പാത്രത്തില്‍ ശേഖരിക്കപ്പെടുന്ന വെള്ളം ആഴ്ചയിലൊരിക്കല്‍ മാറ്റുക. സ്ഥിരമായി ഉപയോഗിക്കാത്ത ക്ലോസെറ്റിലെ വെള്ളത്തില്‍ മണ്ണെണ്ണ, ഡീസല്‍ തുടങ്ങിയവ ഒഴിച്ച് കൂത്താടി വളരുന്നില്ലെന്ന് ഉറപ്പു വരുത്തുക. വീടിന്റെ മുകള്‍ഭാഗം, സണ്‍ഷെയ്ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാത്തവിധം വൃത്തിയാക്കുക. ഓവര്‍ ഹെഡ് ടാങ്കുകള്‍ക്ക് ശരിയായവിധം മൂടി ഉണ്ടെന്ന് ഉറപ്പാക്കണം.

കെട്ടിട നിര്‍മ്മാണത്തിനായും വീട്ടാവശ്യത്തിനായും ശേഖരിച്ചുവെച്ചിരിക്കുന്ന പാത്രങ്ങളിലെ വെള്ളം ആഴ്ചയിലൊരിക്കലെങ്കിലും ഒഴിവാക്കി ഉള്‍വശം നന്നായി ഉരച്ചു കഴുകിയശേഷം മാത്രം വീണ്ടും വെള്ളം ശേഖരിക്കുക. കക്കൂസ് ടാങ്കിന്റെ വെന്റ് പൈപ്പിന്റെ മുകള്‍ഭാഗത്ത് കൊതുക് പുറത്തു വരാത്തവിധം വലകെട്ടുക. ശരീരം പരമാവധി മൂടുന്നവിധം വസ്ത്രം ധരിക്കുക. കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക.

 

കേരള മീഡിയ അക്കാദമി: വീഡിയോ എഡിറ്റിംഗ് കോഴ്സ്
കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ ആരംഭിക്കുന്ന വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് നവംബര്‍ 25വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറു മാസമാണ് കോഴ്സിന്റെ കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 30,000 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. വിദ്യാഭ്യാസയോഗ്യത പ്ലസ് ടു. കോഴ്സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നല്‍കും.

അപേക്ഷകള്‍ ഓണ്‍ലൈനായി keralamediaacademy.org വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന അടച്ച രേഖയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 25.  ഫോണ്‍:  0484 2 422 275, 9447 607 073.

സൗജന്യ മത്സരപരീക്ഷാ പരിശീലനം
അടൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷന്‍ ഗൈഡന്‍സ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എസ്എസ്എല്‍ സി /പ്ലസ് ടു/ഡിഗ്രി അടിസ്ഥാന യോഗ്യതയാക്കി കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി പരിശീലനം ആരംഭിക്കും. നവംബര്‍ 23ന് ആരംഭിക്കുന്ന സൗജന്യ മത്സരപരീക്ഷാ ക്ലാസുകള്‍ക്ക് പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 21ന് മുന്‍പായി അടൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍ : 0473 4 224 810.

പെയിന്റിംഗ്, ഉപന്യാസ മത്സരങ്ങള്‍ നടത്തും
ലോകമണ്ണ് ദിനമായ ഡിസംബര്‍ അഞ്ചിന് ജില്ലയില്‍ സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് വെട്ടിപ്പുറം ഗവ. എല്‍.പി.എസില്‍ നവംബര്‍ 26ന് രാവിലെ 9.30ന് പെയിന്റിംഗ്, ഉപന്യാസ മത്സരങ്ങള്‍ നടത്തും. പെയിന്റിംഗ് (വാട്ടര്‍ കളര്‍ ) യു.പി വിഭാഗത്തിനും ഉപന്യാസ രചന മത്സരം എച്ച്.എസ് വിഭാഗത്തിനുമാണ് നടത്തുന്നത്. മത്സരാര്‍ഥികള്‍ 0468 2323105, 9495 117 874  എന്നീ ഫോണ്‍ നമ്പറുകളില്‍  പേര് രജിസ്റ്റര്‍ ചെയ്യണം. വെബ്സൈറ്റ് : [email protected].

error: Content is protected !!