Trending Now

തണ്ണിത്തോട് നിന്നുള്ള കെ എസ് ആര്‍ ടി സി ബസ്സ് തിങ്കള്‍ മുതല്‍ സര്‍വീസ് നടത്തും

konnivartha.com :  രണ്ട് വർഷങ്ങളായി നിർത്തലാക്കിയ തണ്ണിത്തോട് പഞ്ചായത്ത് പ്രദേശത്തേക്കുള്ള കെഎസ്ആർടിസി ബസ് സർവീസുകൾ തിങ്കളാഴ്ച മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കും. സിപിഐ തണ്ണിത്തോട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി പത്തനംതിട്ട ഡിറ്റിഓ ഓഫീസിന് മുമ്പിൽ നടത്തിയ സമരത്തെ തുടര്‍ന്ന് ഡിടിഓയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത കൂട്ട ധർണ്ണ സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ ഉത്ഘാടനം ചെയ്തു.

 

പത്തനംതിട്ടയിൽ നിന്നും തണ്ണിത്തോട്, തേക്കുതോട്, കരിമാൻതോട് പ്രദേശത്തേക്ക് ഉണ്ടായിരുന്ന കെഎസ്ആർറ്റിസി ബസ് സർവീസുകൾ നിലച്ചിട്ട് രണ്ട് വർഷം പിന്നിട്ടിരുന്നു. 2020 മാർച്ചിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിലാണ് സർവീസുകൾ നിർത്തലാക്കിയത്. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് ജനജീവിതം സാധരണ നിലയിലായിട്ടും ബസ് സര്‍വ്വീസുകള്‍ പുനസ്ഥാപിച്ചില്ല. കരിമാൻതോട്ടിലേക്ക് രാവിലെ വന്നു പോകുന്ന തിരുവന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസ്സ് ഒഴികെയുള്ള സർവീസുകളെല്ലാം മുടങ്ങി. ഞായറാഴ്ച ഉൾപ്പെടെയുള്ള അവധി ദിനങ്ങളിൽ യാത്ര ചെയ്യേണ്ടി വരുന്നവർ ഇതോടെ വലഞ്ഞു.

 

ജില്ലയിലെ ഏറ്റവും ലാഭകരമായ സർവീസുകളിൽ ഒന്നായിരുന്നു കരിമാൻതോട് – തൃശൂർ ഫാസ്റ്റ് പാസഞ്ചർ ബസ്. കോട്ടയം മെഡിക്കൽ കോളേജ്, അമൃത ആശുപത്രി എന്നിവടങ്ങളിൽ ചികിത്സ തേടുന്ന രോഗികൾക്ക് ഉൾപ്പെടെ ഏറെ പ്രയോജനകരമായിരുന്നു ഈ ബസ്സ്. തണ്ണിത്തോട് പഞ്ചായത്തിൽ സർവീസ് നടത്തുന്ന കെഎസ്ആർറ്റിസി ബസുകൾ വെട്ടൂർ, അട്ടച്ചാക്കൽ, പയ്യനാമൺ, അതുമ്പുംകുളം തുടങ്ങിയ പ്രദേശങ്ങളിലെയും ജനങ്ങളുടെ ആശ്രയമായിരുന്നു. ഇന്നലെ നടത്തിയ സമരത്തോടെ ബസ്സുകള്‍ തിങ്കളാഴ്ച മുതല്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കും.
ധര്‍ണ്ണയില്‍ കെ സന്തോഷ് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി കെ രാജേഷ്, ജില്ലാ കൗണ്‍സില്‍ അംഗം സുമതി നരേന്ദ്രന്‍, ലോക്കല്‍ സെക്രട്ടറി പി സി ശ്രീകുമാര്‍, ബി ഹരിദാസ്, മുണ്ടുകോട്ടക്കല്‍ സുരേന്ദ്രന്‍, പി ആര്‍ രാമചന്ദ്രന്‍പിള്ള, സുകു എ ആര്‍, എന്‍ ചെല്ലപ്പന്‍, പി കെ ലാല്‍കുമാര്‍, പി ആര്‍ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.