Trending Now

ഗുജറാത്ത് തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി; ഡിസംബർ ഒന്നിനും അഞ്ചിനും വോട്ടെടുപ്പ്, എട്ടിന് വോട്ടെണ്ണൽ

 

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഡിസംബർ ഒന്നിന് ഒന്നാം ഘട്ട വോട്ടെടുപ്പും അഞ്ചിന് രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കും. ഹിമാചൽ പ്രദേശിനൊപ്പം ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.

ഡൽഹിയിൽ ഉച്ചയ്ക്ക് 12 മണിയോടെ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്.ആകെ 182 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

ആദ്യഘട്ടത്തിൽ 89 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തിൽ 93 മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ആകെ 4,9089,765 വോട്ടർമാരാണുള്ളത്. ഇതിൽ 4,61,494 പേർ കന്നിവോട്ടർമാരാണ്. 51,782 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുക.കേവല ഭൂരിപക്ഷത്തിന് വേണ്ടത് 92 സീറ്റുകളാണ്. 2017ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 99 സീറ്റുകളും കോൺഗ്രസിന് 77 സീറ്റുകളുമാണ് ലഭിച്ചത്. മറ്റുപാർട്ടികൾക്ക് ആറു സീറ്റുകളും ലഭിച്ചു. തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് അംഗങ്ങളിൽ ചിലർ പലപ്പോഴായി ബിജെപിയിലേക്ക് ചേക്കേറിയതോടെ നിലവിൽ ബിജെപിക്ക് 111 സീറ്റുകളാണുള്ളത്. കോൺഗ്രസിന് 62 സീറ്റുകളും മറ്റുള്ളവർക്ക് നാലു സീറ്റുകളുമുണ്ട്. അഞ്ച് സീറ്റുകൾ നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്.1998 മുതൽ ബിജെപിയാണ് ഗുജറാത്തിൽ അധികാരത്തിലുള്ളത്.