Trending Now

പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുന്നതിലും ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിലും കെഎസ്ഇബിയുടെ പങ്ക് വലുത്: മന്ത്രി വീണാ ജോര്‍ജ്

 

konnivartha.com : സമാന്തര ഊര്‍ജ സ്രോതസുകള്‍ ഉപയോഗിച്ചുകൊണ്ട് പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുന്നതിലും ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിലും സുപ്രധാന പങ്കാണ് കെഎസ്ഇബി വഹിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ഇവി ചാര്‍ജിംഗ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വൈദ്യുതി ഭവനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പരിസ്ഥിതിയെ ഉള്‍ക്കൊള്ളുന്ന വികസനത്തിന് മാതൃകയാവുകയാണ് ഈ പദ്ധതി. വൈദ്യുത മേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്നതിനാല്‍ കെഎസ്ഇബി ജനകീയ വകുപ്പായി മാറിയെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായിട്ടാണ് കെഎസ്ഇബി ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത് അതോടൊപ്പം പ്രസരണനഷ്ടം കുറയ്ക്കുന്നതിലും അതി ബൃഹത്തായതും ഫലവത്തായതുമായ പദ്ധതികള്‍ പൂര്‍ത്തിയാക്കി വരുന്നതിലും കെഎസ്ഇബി ഒരുപടി മുന്‍പിലാണെന്നും മന്ത്രി പറഞ്ഞു.

ഹരിതോര്‍ജം പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമാകുന്ന നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാരും കെഎസ്ഇബിയും ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതെന്നും ഇതിന്റെ ഭാഗമായിട്ടാണ് നമ്മുടെ ജില്ലയില്‍ പത്തനംതിട്ട കൂടാതെ തിരുവല്ല, പമ്പ എന്നിവിടങ്ങളിലായി മൂന്ന് ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുള്ളത്. മൂന്ന് ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷന്‍ കൂടാതെ 33 പോള്‍ മൗണ്ടഡ് സ്റ്റേഷനുകളും കൂടി ഉള്‍പ്പെടുന്ന വിപുലമായ ചാര്‍ജിംഗ് ശൃംഖലയാണ് ജില്ലയില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ചാര്‍ജിംഗിനുളള മൊബൈല്‍ ആപ്ലിക്കേഷന്‍ ചാര്‍ജ് മോഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് നിര്‍മിച്ചിരിക്കുന്നത്. സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നതിന് ഓപ്പറേറ്ററുടെ സഹായമാവശ്യമില്ലെന്നതും ഇവി ചാര്‍ജിംഗിന്റെ പ്രത്യേകതയാണ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ അഡ്വ. റോഷന്‍ നായര്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, എന്‍സിപി ജില്ലാ വൈസ് പ്രസിഡന്റ് എം. മുഹമ്മദ് സാലി, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് നിസാര്‍ നൂര്‍ മഹല്‍, കെഎസ്ഇബി ഡയറക്ടര്‍ ആര്‍. സുകു, ഡെപ്യുട്ടി ചീഫ് എന്‍ജിനിയര്‍ വി.എന്‍. പ്രസാദ്, എക്‌സിക്യൂട്ടീവ് എന്‍ജീനീയര്‍മാരായ എ.ബി. ഹരികുമാര്‍, നൈനാന്‍ സി. മാത്യൂസ്, കെ. അനിത, അസി. എന്‍ജിനീയര്‍മാരായ ബി. ജയകൃഷ്ണന്‍, അന്‍ഷാദ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു

error: Content is protected !!