Trending Now

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 01/11/2022 )

മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനം അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ വിഷന്‍ 2022-23 പദ്ധതി പ്രകാരം പ്ലസ് വണ്‍ സയന്‍സിന് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും മെഡിക്കല്‍/എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് പ്രവേശനം നേടുന്നതിനാവശ്യമായ കോച്ചിംഗ് നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടിയ 2022-23 വര്‍ഷം പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.

 

കുടുംബ വാര്‍ഷിക വരുമാനം നാലരലക്ഷം രൂപയില്‍ അധികരിക്കുവാന്‍ പാടില്ല. പ്ലസ് വണ്‍, പ്ലസ് ടു പഠനത്തോടൊപ്പം പ്രമുഖ കോച്ചിംഗ് സെന്ററുകള്‍ വഴി (ജില്ലാ കളക്ടറും, ജില്ലാ പട്ടികജാതി വികസന ഓഫീസറും അടങ്ങുന്ന സമിതി തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങള്‍) രണ്ട് വര്‍ഷമാണ് എന്‍ട്രന്‍സ് പരിശീലനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ കുട്ടിയുടെ ജാതി സര്‍ട്ടിഫിക്കറ്റ്, രക്ഷകര്‍ത്താവിന്റെ കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്ലസ് വണ്ണിന് പഠിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പലില്‍ നിന്നും സ്ഥാപനത്തിലെ സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ഥിയാണെന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നവംബര്‍ 15 ന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ/ബ്ലോക്ക്/മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും.

ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ജില്ലാഎയ്ഡ്സ് നിയന്ത്രണവിഭാഗം, പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ റെഡ്റിബണ്‍ ക്ലബ് പ്രവര്‍ത്തിക്കുന്ന കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ വിവിധ കോളേജുകളില്‍ നിന്നായി എട്ട് ടീമുകള്‍ പങ്കെടുത്തു. രണ്ടു പേര്‍ വീതമുള്ള ടീമായി നടന്ന മത്സരത്തില്‍ മെഴുവേലി ഗവ.ഐ.റ്റി.ഐയിലെ ചിപ്പി ബോസ്, എ അതുല്യ എന്നിവര്‍ ഒന്നാം സ്ഥാനവും, പന്തളം എന്‍.എസ്.എസ്.കോളേജിലെ റ്റി.ആര്‍ രുദ്ര, അനശ്വര രവീന്ദ്രന്‍ എന്നിവര്‍ രണ്ടാം സ്ഥാനവും, പരുമല സെന്റ്ഗ്രിഗോറിയോസ് കോളേജ് ഓഫ് ഹെല്‍ത്ത് സയന്‍സിലെ നീതു.എസ്.രാജ്, ദിയ ജബ്ബാര്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ഒന്നും, രണ്ടും സ്ഥാനക്കാര്‍ കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി സംഘടിപ്പിക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. പത്തനംതിട്ട കെ.ജി.എം.ഒ.എ ഹാളില്‍ നടന്ന മത്സരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി ഉദ്ഘാടനം ചെയ്തു.

 

ജില്ലാ ടി.ബി ആന്റ് എയ്ഡ്സ് നിയന്ത്രണ വിഭാഗം ഓഫീസര്‍ ഡോ. നിധീഷ് ഐസക് സാമുവല്‍, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രെറ്റി സക്കറിയ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്റ്  മീഡിയ ഓഫീസര്‍മാരായ വി.ആര്‍ ഷൈലാ ഭായി, ആര്‍.ദീപ, ടിബി -എച്ച്.ഐ.വി കോ-ഓര്‍ഡിനേറ്റര്‍ നിഷ, ബ്ലഡ്ബാങ്ക് കൗണ്‍സിലര്‍ സുനിത, അനൂപ് പ്രഭാകര്‍ എന്നിവര്‍ പങ്കെടുത്തു. എച്ച്.ഐ.വി / എയ്ഡ്സ്, സന്നദ്ധരക്തദാനം, മയക്കുമരുന്നുകളുടെ ദുരുപയോഗം, കൗമാര ആരോഗ്യം എന്നിവയെക്കുറിച്ച് കോളേജ് വിദ്യാര്‍ഥികളില്‍ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളസംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി ഉത്തരം 3.0 എന്ന പേരില്‍ എല്ലാ ജില്ലകളിലും ക്വിസ്മത്സരം സംഘടിപ്പിച്ചത്

വിദ്യാഭ്യാസ ധനസഹായം – അപേക്ഷ ക്ഷണിച്ചു
എം.ബി.ബി.എസ്, ബി.ഡി.എസ്, എഞ്ചിനീയറിംഗ്, ബി.എസ്.സി നഴ്‌സിങ്, എല്‍.എല്‍.ബി,  പോളിടെക്നിക്, ഐ.ടി.ഐ എന്നീ കോഴ്സുകളില്‍ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ചു പഠനം നടത്തുന്ന കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ നല്‍കാം. മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്നവര്‍ക്ക് സര്‍ക്കാര്‍ ഫീസിന് തുല്യമായ തുകയാണ് ധന സഹായമായി അനുവദിക്കുക. അപേക്ഷ ഫോം www.kmtboard.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0495 2 966 577

 

ഹരിതകേരളത്തിന് ഹരിതോര്‍ജ്ജവും ഇ വി ചാര്‍ജ്ജിംഗ് ശൃംഖലയും; ജില്ലാതല ഉദ്ഘാടനം മൂന്നിന്
സംസ്ഥാന സര്‍ക്കാരും കെഎസ്ഇബി ലിമിറ്റഡും സംയുക്തമായി ചേര്‍ന്ന് ഹരിതകേരളത്തിന് ഹരിതോര്‍ജ്ജവും ഇ വി ചാര്‍ജ്ജിംഗ് ശൃംഖലയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നവംബര്‍ മൂന്നിന് രാവിലെ 10ന് ആരോഗ്യ കുടുംബക്ഷേമ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് വൈദ്യുത ഭവനില്‍ നിര്‍വഹിക്കും.

 

പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക പെട്രോള്‍ വിലവര്‍ധനവ് മൂലമുളള പ്രയാസം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇ-വെഹിക്കിള്‍ പോളിസി നടപ്പാക്കുന്നത്. ജില്ലയില്‍ 36 സ്ഥലങ്ങളിലായി വിപുലമായ ചാര്‍ജ്ജിംഗ് ശൃംഖലയാണ് കെ.എസ്.ഇ.ബി യുടെ ഉടമസ്ഥതയില്‍ സ്ഥാപിച്ചിരിക്കുന്നത്.

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു സന്നിഹിതനാവും. ആന്റോ ആന്റണി എം.പി, അഡ്വ.മാത്യൂ റ്റി തോമസ് എം.എല്‍.എ, അഡ്വ. കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ, അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കള്കടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ദേശീയ യൂത്ത് അവാര്‍ഡ് 2020-21 നോമിനേഷന്‍ ക്ഷണിച്ചു
സാമൂഹ്യ സേവന രംഗത്തും വികസന പ്രവര്‍ത്തനങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തുന്ന യുവജനങ്ങള്‍ക്കും /സന്നദ്ധ സംഘടനകള്‍ക്കും 2020-21 വര്‍ഷത്തെ ദേശീയ യൂത്ത് അവാര്‍ഡ് നല്‍കുന്നതിന് കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയം നോമിനേഷന്‍ ക്ഷണിച്ചു.

 

ലഭ്യമാകുന്ന അപേക്ഷകളില്‍ നിന്നും വ്യക്തികളെയും/ സന്നദ്ധ സംഘടനകളെയും യുവജനക്ഷേമ വകുപ്പ് സെക്രട്ടറി ചെയര്‍മാനായുള്ള സംസ്ഥാനതല തെരഞ്ഞെടുപ്പ് കമ്മിറ്റി പരിശോധിച്ച് കേന്ദ്ര മന്ത്രാലയത്തിലേയ്ക്ക് ശുപാര്‍ശ ചെയ്യും. അപേക്ഷകള്‍ നവംബര്‍ മൂന്നിനകം മെമ്പര്‍ സെക്രട്ടറി കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദന്‍ യൂത്ത് ഭവന്‍, ദൂര്‍ദര്‍ശന്‍ കേന്ദ്രത്തിനു സമീപം കുടപ്പനക്കുന്ന് പി.ഒ തിരുവനന്തപുരം-43 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. https://awards.gov.in/എന്ന വെബ് ലിങ്കില്‍ വിവരങ്ങള്‍ ലഭ്യമാണ്. ഫോണ്‍: 0471 2 733 139, 2 733 602, 2 733 777.

ജലവിതരണം മുടങ്ങും
കോഴിപ്പാലം-കാരക്കാട് റോഡ് നിര്‍മാണപ്രവൃത്തികളുടെ ഭാഗമായി പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ മാസം 30 വരെ ആറന്മുള പഞ്ചായത്തില്‍ ജലവിതരണം മുടങ്ങുമെന്ന് കേരള വാട്ടര്‍ അതോറിറ്റി അടൂര്‍ അസി.എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 0473 4 224 839.
(

തെരഞ്ഞെടുപ്പ് പരിശീലന പരിപാടി
പരുമല പെരുനാള്‍ പ്രമാണിച്ച് തിരുവല്ല താലൂക്കില്‍ പ്രാദേശിക അവധിയായതിനാല്‍ നവംബര്‍ ഒന്‍പതിന് നടക്കുന്ന ഡി03 പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷന്‍, പുളിക്കീഴ്ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷന്‍ എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നവംബര്‍ രണ്ടിന് പുളിക്കീഴ് ബ്ലോക്ക് ഓഫീസില്‍ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് പരിശീലന പരിപാടി മൂന്നിലേക്ക് മാറ്റിയിട്ടുള്ളതായി ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
നവംബര്‍ എട്ട്, ഒന്‍പത്, 10 തീയതികളില്‍ തിരുവനന്തപുരം എല്‍.എന്‍.സി.പിയില്‍ നടക്കുന്ന പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴിലുളള എം.ആര്‍.എസ് പ്രീമെട്രിക്/പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികളുടെ സംസ്ഥാനതല കായികമേള കളിക്കളം 2022ല്‍ പങ്കെടുപ്പിക്കുന്നതിന് ചിറ്റാര്‍ പ്രീമെട്രിക് ഹോസ്റ്റലിലെ 14 പെണ്‍കുട്ടികളെയും കടുമീന്‍ചിറ പ്രീമെട്രിക് ഹോസ്റ്റലിലെ ഏഴ് ആണ്‍കുട്ടികളെയും ഇരുഹോസ്റ്റലില്‍ നിന്നുമുളള മൂന്ന് ജീവനക്കാരെയും ചേര്‍ത്ത് 24 വ്യക്തികളെ കൊണ്ടുപോയി തിരികെ എത്തിക്കുന്നതിനായി വാഹനം ലഭ്യമാക്കുന്നതിന് താത്പര്യമുളള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഇന്ന് (2) വൈകുന്നേരം നാലു വരെ. ഫോണ്‍ :0473 5 227 703.

നാറ്റ്പാക് പരിശീലനം
സ്ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം നവംബര്‍ 10,11,12 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. ഫോണ്‍ : 0471 2 779 200, 9074 882 080.