വിവിധ ജില്ലകളില്‍ ലഹരി വിരുദ്ധ ശൃംഖല തീര്‍ത്തു: ലഹരിവിരുദ്ധ ശൃംഖല മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു ; മന്ത്രിമാരും എം പി മാര്‍ എം എല്‍ എമാര്‍ മറ്റ് ജന പ്രതിനിധികളും അധ്യാപകരും വിദ്യാര്‍ഥികളും വിവിധയിടങ്ങളിൽ കണ്ണിചേര്‍ന്നു
ലഹരിക്കെതിരായ കേരളത്തിന്‍റെ പോരാട്ടം തുടരും; രണ്ടാം ഘട്ട ക്യാംപെയിൻ നവംബർ 14 മുതൽ ജനുവരി 26 വരെ: മുഖ്യമന്ത്രി
KONNIVARTHA.COM :ലഹരിക്കെതിരായി കേരളം നടത്തുന്ന പോരാട്ടം തുടരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ‘നോ ടു ഡ്രഗ്സ്‘ ക്യാംപെയിന്റെ അടുത്ത ഘട്ടം നവംബർ 14 മുതൽ ജനുവരി 26 വരെ സംഘടിപ്പിക്കുമെന്നും ചർച്ചകൾക്കു ശേഷം വിശദാംശങ്ങൾ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നോ ടു ഡ്രഗ്സ് ക്യാംപെയിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ചങ്ങല സൃഷ്ടിച്ച ശേഷം സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളപ്പിറവി ദിനത്തിൽ കേരളം ഒരുക്കിയ ലഹരി വിരുദ്ധ ചങ്ങലയോടെ ലഹരിക്കെതിരായ പോരാട്ടം അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ലഹരിക്കെതിരായി തീർത്ത ചങ്ങലയുടെ കണ്ണി പൊട്ടില്ലെന്നും ലഹരി വിരുദ്ധ നിലപാട് ജീവിതത്തിലുടനീളം തുടരുമെന്നുമായിരിക്കണം ഓരോരുത്തരുടേയും പ്രതിജ്ഞയും നിലപാടും. സംസ്ഥാനത്തെ എല്ലാ ആളുകളും ഏതെങ്കിലും തരത്തിൽ നോ ടു ഡ്രഗ്സ് ക്യാംപെയിന്റെ ആദ്യ ഘട്ടത്തിൽ ഭാഗഭാക്കായി. ഇതിൽ വിദ്യാർഥി സമൂഹത്തിന്റെ പങ്കു വലുതാണ്. ലഹരിയുണ്ടാക്കുന്ന വൈകൃതത്തിന് ഇരയാകില്ലെന്നു വിദ്യാർഥികൾ തീരുമാനിച്ചുറപ്പിച്ച് ക്യാംപെയിനു പിന്നിൽ അണിനിരന്നു. കേരളമാകെ സൃഷ്ടിച്ച ലഹരി വിരുദ്ധ ശൃംഖല ഇതിന്റെ പ്രത്യക്ഷ തെളിവായി. വിദ്യാർഥികൾ നൽകുന്ന ഈ സന്ദേശം ലഹരിക്കെതിരായ പോരാട്ടത്തിനു വലിയ കരുത്തു പകരുന്നതാണ്.
വിദ്യാർഥികളേയും പിഞ്ചുകുഞ്ഞുങ്ങളേയും ലഹരി മാഫിയ ലക്ഷ്യമിടുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇവരുടെ പ്രവർത്തനങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ അടിപ്പെടുകയോ ദുസ്വാധീനത്തിനു കീഴ്പ്പെടുകയോ ചെയ്യില്ലെന്ന് കേരളത്തിലെ വിദ്യാർഥികൾ ഉറക്കെ പ്രഖ്യാപിക്കുകയാണ്. നാടിന്റെ ഭാവിയെ സംബന്ധിച്ചു വലിയ പ്രതീക്ഷ നൽകുന്നതാണിത്. നോ ടു ഡ്രഗ്സ് ക്യംപെയിന്റെ ഭാഗമായി അധ്യാപകർ, രക്ഷകർത്താക്കൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥവൃന്ദം തുടങ്ങി ആബാലവൃദ്ധം ജനങ്ങൾ ഒന്നിച്ച് അണിനിരന്നു. പൊലീസ്, എക്സൈസ് വകുപ്പുകൾ ക്യാംപെയിനിൽ ഫലപ്രദമായി ഇടപെട്ടു പ്രവർത്തിച്ചു. ലഹരിക്കെതിരേ അവബോധം സൃഷ്ടിക്കുന്നതിനൊപ്പം കുറ്റം ചെയ്യുന്നവരുടെ കൃത്യമായ പട്ടിക തയാറാക്കി നടപടിയെടുക്കാൻ കഴിഞ്ഞു. ആവർത്തന സ്വഭാവത്തോടെ ഇത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവർക്കെതിരേ കർക്കശ നടപടികളിലേക്കു നീങ്ങി. പഴുതടച്ചുള്ള നിയമ നടപടികൾ, കരുതൽ തടങ്കൽ, കഠിന ശിക്ഷ ഉറപ്പാക്കുന്ന വകുപ്പുകൾ ചേർക്കൽ തുടങ്ങി എല്ലാ നടപടികളും ലഹരി മാഫിയയ്ക്കെതിരേ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഒന്നാം ഘട്ടത്തിനു നൽകിയ പൂർണ പിന്തുണ രണ്ടാം ഘട്ടത്തിലും ഉണ്ടാകണമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മന്ത്രിമാരായ കെ. രാജൻ, എം.ബി. രാജേഷ്, ആർ. ബിന്ദു, ആന്റണി രാജു, ജി.ആർ. അനിൽ, വി.കെ. പ്രശാന്ത് എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഡി.ജി.പി. അനിൽ കാന്ത്, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
തിരുവനന്തപുരം നഗരത്തിൽ ഒരുക്കിയ ലഹരി വിരുദ്ധ ശൃംഖലയിൽ ആയിരക്കണക്കിനു വിദ്യാർഥികളും യുവാക്കളും കണ്ണിചേർന്നു ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ശൃംഖലയിൽ കണ്ണിചേർന്നു. പൊതുസമ്മേളനത്തിനു ശേഷം പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിച്ചു കുഴിച്ചിട്ടു. രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കലാ കായിക താരങ്ങൾ തുടങ്ങിയവർ ലഹരി വിരുദ്ധ ശൃംഖലയിൽ കണ്ണിചേർന്നു.
കോന്നിയില്‍ നടന്ന മനുഷ്യ മഹാ ശൃംഖലയ്ക്ക് കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ നേതൃത്വം നല്‍കി
ലഹരി മാഫിയായ്ക്ക് മുന്നറിയിപ്പായി അടൂര്‍ നഗരത്തില്‍ മനുഷ്യശൃംഖല
കുട്ടികളെ വഴിതെറ്റിക്കാന്‍ ലഹരിമാഫിയ ശ്രമിക്കുന്നു: ഡെപ്യുട്ടി സ്പീക്കര്‍
കേരളത്തിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികളെ വഴിതെറ്റിക്കാന്‍ ലഹരിമാഫിയ ശ്രമിക്കുകയാണെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ലഹരി വിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി അടൂരില്‍ സംഘടിപ്പിച്ച മനുഷ്യ മഹാ ശൃംഖലയ്ക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു ഡെപ്യുട്ടി സ്പീക്കര്‍.
വിദ്യാര്‍ഥികളുടെ ഭാവിയെ ഇല്ലാതാക്കി ജീവിതത്തിന് കോട്ടം തട്ടുന്ന തരത്തില്‍ കുടുംബത്തേയും സമൂഹത്തേയും ലഹരി ഉപയോഗം നശിപ്പിക്കുന്നു. അതിനാല്‍, കേരളത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന മയക്കുമരുന്ന് ശൃംഖലയെ ഇല്ലാതാക്കാന്‍ എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. അതിനെ നിയമസഭ ഒന്നടങ്കം കക്ഷി രാഷ്ട്രീയഭേദമില്ലാതെ പിന്തുണച്ചു. അതിന്റെ ഭാഗമായാണ് കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുന്ന മയക്കുമരുന്നിന് എതിരായ ജനകീയ യുദ്ധമാണ് ഒക്ടോബര്‍ രണ്ട് മുതല്‍ ആരംഭിച്ചത്. വലിയ പിന്തുണയും സ്വീകാര്യതയും ആണ് ഈ പരിപാടിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യശൃംഖല അടൂര്‍ യുഐടി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് അടൂര്‍ ഗാന്ധി സ്മൃതി മൈതാനത്ത് സമാപിച്ചു. അടൂര്‍ നഗരസഭ, എക്സൈസ് വകുപ്പ്, വിമുക്തി ജില്ലാ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ അടൂര്‍ നഗര പ്രദേശങ്ങളിലെ സ്‌കൂളുകള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍, ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളജ്, മാര്‍ ക്രിസോസ്റ്റം കോളജ്, ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളജ്, അടൂര്‍ ബിഎഡ് സെന്റര്‍, യുഐടി അടൂര്‍, സിന്ധു ഐടിസി എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, യുവജന സംഘടനകള്‍ എന്നിവര്‍ ഈ ശൃംഖലയില്‍ അണിചേര്‍ന്നു. ലഹരിവിരുദ്ധ നൃത്തശില്പം അടൂര്‍ സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ചു. വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മനുഷ്യശൃംഖലയില്‍ അണിചേര്‍ന്ന എല്ലാവരും പ്രതിജ്ഞ ഏറ്റുചൊല്ലി.
അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, അടൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, ആര്‍ഡിഒ തുളസീധരന്‍ പിള്ള, ഡിവൈഎസ്പി ബിനു, വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ എം.എസ്. രേണുക ഭായ്, വിഎച്ച്എസ്ഇ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ആര്‍. സിന്ധു, വിമുക്തി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീയ്ക്കല്‍, അടൂര്‍ നഗരസഭയിലെ ജനപ്രതിനിധികള്‍, വിവിധ സാമൂഹ്യ, രാഷ്ട്രീയ നേതാക്കളായ അഡ്വ. എസ്. മനോജ്, വര്‍ഗീസ് പേരയില്‍, ഏഴംകുളം അജു, ഇട്ടി വര്‍ഗീസ്, മഹേഷ് കുമാര്‍, അപ്സര സനല്‍, രമേശ് വാരിക്കോലില്‍, രജനി രമേശ്, കുഞ്ഞന്നാമ്മ കുഞ്ഞ്, എ. അനിത ദേവി, ഫാ. ഗീവര്‍ഗീസ് ബ്ലാഹേത്ത്, ഫാ.ഡാനിയേല്‍ ബഥേല്‍, സുനില്‍ബാബു, അയല്‍ക്കൂട്ടം സിഡിഎസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവല്ലയില്‍ ലഹരിക്കെതിരേ വിദ്യാര്‍ഥികളുടെ ശൃംഖല;ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നേതൃത്വം നല്‍കി
സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി തിരുവല്ല എസ് സി എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ലഹരിക്കെതിരേ ശൃംഖല തീര്‍ത്തു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ലഹരിക്കെതിരായ വിദ്യാര്‍ഥികളുടെ ശൃംഖല ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ ഒപ്പ് ശേഖരണത്തില്‍ ജില്ലാ കളക്ടര്‍ ആദ്യ പങ്കാളിയായി. മാര്‍ത്തോമ്മാ സഭ അധ്യക്ഷന്‍ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ലഹരി വിരുദ്ധ ലഘുലേഖ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മേരി കെ ജോണിന് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
ലഹരിക്കെതിരേ ബഹുജനപങ്കാളിത്തത്തോടെ പോരാട്ടം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒക്ടോബര്‍ രണ്ടിന് ആണ് ലഹരി വിമുക്ത കേരളം പ്രചാരണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് വിദ്യാര്‍ഥികളുടെ ശൃംഖല തീര്‍ത്തത്.
എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ എന്‍സിസി, എന്‍എസ്എസ്, ജെആര്‍സി, ലിറ്റില്‍ കൈറ്റ്സ് തുടങ്ങിയ വിവിധ സംഘടനകളും വിദ്യാര്‍ഥികള്‍ക്കൊപ്പം ശൃംഖലയില്‍ പങ്കുചേര്‍ന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോണ്‍ കെ. തോമസ് സംസാരിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടൈറ്റസ് ബിഎഡ് കോളജിലെ അധ്യാപക വിദ്യാര്‍ഥികളും സ്‌കൂള്‍ കുട്ടികളും ലഹരിക്കെതിരേ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. എസ് സി എസ് ജംഗ്ഷന്‍ മുതല്‍ റോഡിന്റെ വശത്ത് വിദ്യാര്‍ഥികള്‍ ശൃംഖലയില്‍ അണിനിരന്നത് ഏറെ ശ്രദ്ധേയമായി.
അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സേന
റാന്നി നിയോജകമണ്ഡലത്തില്‍ കേരളപ്പിറവി ദിനത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സേന ഒരുങ്ങി. റാന്നി ഇനീഷ്യേറ്റീവ് എഗന്‍സ്റ്റ് നാര്‍കോട്ടിക്സ് (റാന്നി റെയിന്‍) എന്ന പേരിലാണ് റാന്നി കേന്ദ്രമാക്കി ലഹരിക്കെതിരെ വിശാലമായ സേന രൂപീകരിച്ചത്. നിയോജക മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളും ഹയര്‍ സെക്കന്‍ഡറികളും കോളജുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഇതില്‍ പങ്കാളികളാകുന്നത്. റാന്നി നോളജ് വില്ലേജിന്റെ ഭാഗമായി വിദ്യാര്‍ഥികളേയും അധ്യാപകരെയും സന്നദ്ധ സംഘടന പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയാണ് സേന രൂപീകരിച്ചത്.
സ്‌കൂള്‍ പാര്‍ലമെന്റ് രീതിയില്‍ രൂപീകരിച്ച സേനയില്‍ ഓരോ സ്‌കൂളിലും ഇതിനായി നിയോഗിക്കപ്പെട്ട അധ്യാപകന്‍ ചുമതല വഹിക്കും. ക്ലാസ്, സ്‌കൂള്‍തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ലീഡര്‍മാരാണ് സേനയ്ക്ക് നേതൃത്വം നല്‍കുന്നത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗവും ലഹരി വില്പനയും തടയുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ലഹരിയുടെ ആദ്യ ഉപയോഗം ഒഴിവാക്കുന്നതിന് കുട്ടികളെ ബോധവാന്മാരാക്കുക വഴി ഇവരെ ലഹരിയുടെ പിടിയിലേക്ക് അടുക്കുന്നത് ഒഴിവാക്കാനാകും.
ലഹരി വില്‍ക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും സ്രോതസുകള്‍ കണ്ടെത്തി പോലീസിനെയും എക്സൈസിനെയും അറിയിക്കുക വഴി വില്പന തടയാനാകും. ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സ നല്‍കി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അധ്യാപകരുടെയും കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും പോലീസിന്റെയും എക്സൈസിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായം ലഭ്യമാക്കി കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ലഹരിമുക്തമാക്കുകയാണ് ലക്ഷ്യം.