Trending Now

അരിവില നിയന്ത്രിക്കാൻ ശക്തമായ നടപടിയുമായി ഭക്ഷ്യവകുപ്പ്

കേരളപ്പിറവി: മുൻഗണനേതര റേഷൻ കാർഡുടമകൾക്ക് സ്‌പെഷ്യൽ അരി ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ

 

കേരളത്തിൽ പൊതുവിപണിയിൽ അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നവംബർ ഒന്നു മുതൽ കേരളത്തിലെ എല്ലാ മുൻഗണനേതര (വെള്ള, നീല) കാർഡുടമകൾക്ക് 8 കിലോ ഗ്രാം അരി സ്‌പെഷ്യലായി 10.90 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

കൂടാതെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ ‘അരിവണ്ടി’ സംസ്ഥാനത്തെ 500 ലധികം കേന്ദ്രങ്ങളിലെത്തി സൗജന്യ നിരക്കിൽ നാല് ഇനം അരി വിതരണം ചെയ്യും. ജയ, കുറുവ, മട്ട അരി, പച്ചരി എന്നീ നാല് ഇനങ്ങളായി കാർഡ് ഒന്നിന് 10 കിലോ വീതം അരി വിതരണം ചെയ്യും. ഓരോ താലൂക്കിലും സപ്ലൈകോയോ മാവേലിസ്‌റ്റോറോ ഇല്ലാത്ത പ്രദേശങ്ങളിലാണ് അരിവണ്ടി എത്തുന്നതെന്നും മന്ത്രി അറിയിച്ചു.

 

ആന്ധ്രപ്രദേശ് ഭക്ഷ്യമന്ത്രിയുമായി ചർച്ച 

സംസ്ഥാനത്ത് പൊതുവിപണിയിൽ അരിവില നിയന്ത്രിക്കുന്നതിന് ഭക്ഷ്യ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി ആന്ധ്രയിൽ നിന്നും നേരിട്ട് അരി, മുളക് എന്നിവ ഇറക്കുമതി ചെയ്യുന്നതിനെ സംബന്ധിച്ച കാര്യങ്ങൾ (നവംബർ 1) തലസ്ഥാനത്ത് എത്തുന്ന ആന്ധ്രപ്രദേശ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി കെ.പി. നാഗേശ്വര റാവുമായി ചർച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു.

രണ്ടാഴ്ച മുൻപ് ആന്ധ്ര സർക്കാരുമായി സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി നടത്തിയ ചർച്ചയുടെ ഭാഗമായാണ് ആന്ധ്ര ഭക്ഷ്യ വകുപ്പ് മന്ത്രി കേരളത്തിലെത്തുന്നത്. കേരളത്തിന് ആവശ്യമുള്ള ആന്ധ്ര ജയ അരി ഇടനിലക്കാരില്ലാതെ കുറഞ്ഞ വിലയ്ക്ക് കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള കാര്യങ്ങൾ ചർച്ച ചെയ്യപ്പെടും. എത്ര ക്വിന്റൽ അരി, വില എന്നിവ ചർച്ച ചെയ്തു തീരുമാനിക്കും. രാവിലെ 10.30ന് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന ചർച്ചയിൽ ആന്ധ്രപ്രദേശ് സിവിൽ സപ്ലൈസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ആന്ധ്ര മന്ത്രിയോടൊപ്പം പങ്കെടുക്കും. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി അലി അസ്ഗർ പാഷ, പൊതുവിതരണ വകുപ്പു കമ്മീഷണർ സജിത് ബാബു, സപ്ലൈകോ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ സഞ്ജീവ് പട്‌ജോഷി എന്നിവരും ചർച്ചയിൽ പങ്കെടുക്കും.