Trending Now

ലഹരി വ്യാപനത്തിനെതിരെ സമൂഹ മനസാക്ഷി ഉണരണം: സബ് ജഡ്ജ് ദേവന്‍ കെ മേനോന്‍

ലഹരി വ്യാപനത്തിനെതിരെ സമൂഹ മനസാക്ഷി ഉണരണമെന്ന് സബ് ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ ദേവന്‍ കെ മേനോന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിമുക്ത നവകേരളം  കാമ്പയിന്റെ ഭാഗമായി ”ലഹരിയുടെ കടന്നുകയറ്റത്തില്‍ പ്രായം, സാമൂഹ്യ മാധ്യമങ്ങള്‍, സിനിമയും മറ്റു കലാരൂപങ്ങളും എന്നിവയുടെ സ്വാധീനം” എന്ന വിഷയത്തെ അടിസ്ഥാനമാക്കി പത്തനംതിട്ട വലഞ്ചുഴി  അമൃത വിദ്യാലയത്തില്‍ നടത്തിയ ജില്ലാതല ഡിബേറ്റ് മത്സരം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ട ജില്ലയിലെ ഏഴ് എക്സൈസ് റേഞ്ച് ഓഫീസ് പരിധിയില്‍ നിന്നായി രണ്ടു കുട്ടികള്‍ വീതം അടങ്ങുന്ന ഏഴു ടീമുകള്‍ ജില്ലാതല ഡിബേറ്റ് മത്സരത്തില്‍ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ ടീമുകള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. പങ്കെടുത്ത ഏഴ് ടീമിലെ 14 അംഗങ്ങള്‍ക്കും വിമുക്തി എന്ന് പ്രിന്റ് ചെയ്ത നോട്ട് ബുക്കുകളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
മത്സരത്തില്‍ ഒന്നാം സ്ഥാനം തുമ്പമണ്‍ കീരുകുഴി സെന്റ് ജോണ്‍സ് ഹൈസ്‌കൂളിലെ ഷിഹദാ രാജന്‍, നന്ദിദ ലതീഷ് എന്നിവര്‍ ഉള്‍പ്പെട്ട ടീം കരസ്ഥമാക്കി. ഈ ടീമിനെ സംസ്ഥാന മത്സരത്തിലേക്ക് തിരഞ്ഞെടുത്തു. പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ്, വിമുക്തി മാനേജര്‍ എസ്. സുനില്‍ കുമാരപിള്ള, വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളിക്കല്‍, അമൃത വിദ്യാലയം വൈസ് പ്രിന്‍സിപ്പല്‍ സുമംഗല എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളും രക്ഷിതാക്കളും അടക്കം 500 പേര്‍ പങ്കെടുത്തു