Trending Now

ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ നാളെ (26/10/2022) പത്തനംതിട്ടയില്‍  എത്തും

 

konnivartha.com : ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക പരിചയപ്പെടുത്തല്‍ ലക്ഷ്യമാക്കി ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ ജില്ലയില്‍ നാളെ 26/10/2022)എത്തും . ജില്ലയിലെ ദുരന്തങ്ങളെ പഠിക്കാനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രായോഗിക പരിചയപ്പെടുത്തല്‍ നല്‍കുന്നതിനുമാണ് തമിഴ്‌നാട്ടിലെ ആരകോണത്തു നിന്നും ദേശീയ ദുരന്തനിവാരണ സേനയുടെ നാലാം ബറ്റാലിയനിലെ 15 അംഗ സംഘമാണ് എത്തുന്നത്.

ജില്ലയില്‍ എത്തുന്ന സംഘം അടുത്തമാസം ഏഴാം തീയതി വരെ ജില്ലയില്‍ ഉണ്ടാകും. ജില്ലാ കളക്ടറേറ്റില്‍ എത്തുന്ന സംഘം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യരുമായും ദുരന്തനിവാരണ അതോറിറ്റി ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തും.

ജില്ലയിലെ ദുരന്തസാധ്യത പ്രദേശങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തും. ഈ മാസം 27ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അവബോധവും പരിശീലനവും നല്‍കും. ജില്ലയിലെ അഞ്ചു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിശീലനം നല്‍കും. 28ന് ഗവ. എച്ച് എസ് എസ് ചിറ്റാര്‍ , 29ന് ജനറല്‍ ആശുപത്രി പത്തനംതിട്ട, 30ന് ജില്ലയില്‍ പ്രളയം ഉണ്ടായ കോട്ടാങ്ങല്‍, മല്ലപ്പള്ളി, കുട്ടനാട് പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. 31ന് കണ്ണശ സ്മാരക ഗവ.എച്ച്.എസ്.എസ് കടപ്ര, നവംബര്‍ ഒന്നിന് ഗവ.എച്ച്.എസ്.എസ് വെച്ചൂച്ചിറ, രണ്ടിന് ഗവ.എച്ച്.എസ്.എസ് തുമ്പമണ്‍ നോര്‍ത്തിലും പരിശീലനം നടക്കും. മൂന്നിന് ജില്ലയിലെ മറ്റൊരു പ്രളയ സാധ്യത പ്രദേശമായ കോന്നി മണ്ഡലത്തിലെ കരിമാന്‍ന്തോട്, തേക്കുതോട്, കൊക്കാത്തോട്, തണ്ണിത്തോട് എന്നീ പ്രദേശങ്ങളും സന്ദര്‍ശിക്കും.

നവംബര്‍ നാലിന് ഗവ.എച്ച്.എസ്.എസ് തേക്കുതോട്ടിലും അഞ്ചിന് അട്ടത്തോട് ബിംമാരം പ്രദേശങ്ങളിലും ആറിന് ആറന്മുള മണ്ഡലത്തിലെ പന്തളം, ആറന്മുള പ്രദേശങ്ങളും സന്ദര്‍ശിക്കും.

നവംബര്‍ ഏഴിന് ജില്ലയിലെ സന്ദര്‍ശനത്തിന് ഒടുവില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ പറ്റി വിശദമായ ചര്‍ച്ചയും ക്രമീകരിച്ചിട്ടുണ്ട്. ജില്ലയില്‍ എത്തുന്ന ദേശീയ ദുരന്തനിവാരണ അതോറിറ്റി സേനാംഗങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ജില്ലാതല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.