konnivartha.com : സുരക്ഷിതമായ തീര്‍ഥാടന പാതയൊരുക്കുന്നതിന് ഈ വര്‍ഷവും സേഫ് സോണ്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി നാനൂറോളം കിലോമീറ്റര്‍ പാത സേഫ് സോണ്‍ നിരീക്ഷണത്തില്‍ ആയിരിക്കും. ഇലവുങ്കലില്‍ പ്രധാന കണ്‍ട്രോള്‍ റൂമും, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളില്‍ സബ്കണ്‍ട്രോള്‍ റൂമും ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കും.
അപകടകള്‍ ഒഴിവാക്കുന്നതിനും, രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും, മറ്റ് സേവനങ്ങള്‍ക്കുമായി പട്രോളിംഗ് ടീമുകള്‍ ശബരീ പാതയില്‍ ഉണ്ടാകും. അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ആംബുലന്‍സ്, ക്രയിന്‍, റിക്കവറി സംവിധാനങ്ങളോടുകൂടിയ ക്യുക്ക് റെസ്പോണ്‍സ് ടീമിനെ നിയോഗിക്കും. അപകടത്തില്‍പ്പെട്ടതോ, തകരാറിലായതോ ആയ വാഹനങ്ങള്‍ക്ക് അടിയന്തിര സാങ്കേതിക സഹായം നല്‍കുന്നതിനായി വിവിധ വാഹന നിര്‍മാതാക്കളുടേയയും, ഡീലര്‍മാരുടേയും സേവനം ലഭ്യമാക്കും.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ദൂര-ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇരുത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പതിച്ച ബോര്‍ഡുകള്‍ നിശ്ചിത ഇടവേളകളില്‍ റോഡില്‍ സ്ഥാപിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന്, ഗതാഗത കമ്മീഷണര്‍ ബി. ശ്രീജിത്ത് സേഫ് സോണ്‍ പദ്ധതി നടപ്പാക്കാന്‍ ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി പത്തനംതിട്ടയില്‍ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്നു. ദക്ഷിണ മേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ. ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിലെ ആര്‍ടിഒ, എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒ, മറ്റ് സേഫ് സോണ്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഇതര ജില്ലകളില്‍ നിന്ന് ചരക്ക് വാഹനങ്ങളിലും, ഓട്ടോറിക്ഷകളിലും തീര്‍ഥാടനത്തിന് എത്തുന്നത് ഒഴിവാക്കണമെന്ന് പത്തനംതിട്ട ആര്‍ടിഒ എ.കെ. ദിലു അറിയിച്ചു.