Trending Now

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ /വാര്‍ത്തകള്‍ ( 19/10/2022 )

konnivartha.com : കേന്ദ്ര ഭക്ഷ്യ സംസ്ക്കരണ ജലശക്തി സഹമന്ത്രി പ്രഹ്ളാദ് സിംഗ് ഇന്ന് ശബരിമല ദർശനം നടത്തി
Union Minister of State for Food Processing Industries and Jal Shakti Shri Prahlad Singh Patel visited the Lord Ayyappa temple at Sabarimala in Pathanamthitta district today and offered prayers.
ഗുജറാത്തിലെ അദാലജിലെ ത്രിമന്ദിറില്‍ മികവിന്റെ വിദ്യാലയങ്ങള്‍ ദൗത്യത്തിനു പ്രധാനമന്ത്രി തുടക്കം കുറിച്ചു
 
ന്യൂ ഡല്‍ഹി: ഒക്ടോബര്‍ 19, 2022
 
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ അദാലജിലെ ത്രിമന്ദിറില്‍ മികവിന്റെ വിദ്യാലയങ്ങള്‍ ദൗത്യം ഉദ്ഘാടനം ചെയ്തു. 10,000 കോടി രൂപ ചെലവിട്ടാണു ദൗത്യം വിഭാവനംചെയ്തിരിക്കുന്നത്. ത്രിമന്ദിറില്‍ നടന്ന ചടങ്ങില്‍ 4260 കോടിയോളംരൂപയുടെ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പുതിയ ക്ലാസ് മുറികള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍, സംസ്ഥാനത്തെ സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യങ്ങളുടെ മൊത്തത്തിലുള്ള നവീകരണം എന്നിവയൊരുക്കി ഗുജറാത്തിലെ വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ ദൗത്യം സഹായിക്കും.
 
അമൃതകാലത്തിനായുള്ള അമൃതതലമുറയെ സൃഷ്ടിക്കുന്നതിനുള്ള മഹത്തായ ചുവടുവയ്പാണ് ഇന്നു ഗുജറാത്ത് നടത്തുന്നതെന്നു സമ്മേളനത്തെ അഭിസംബോധനചെയ്തു പ്രധാനമന്ത്രി പറഞ്ഞു. ‘വികസിത ഇന്ത്യയ്ക്കും വികസിത ഗുജറാത്തിനും ഈ അവസരം നാഴികക്കല്ലായി മാറും’- പ്രധാനമന്ത്രി പറഞ്ഞു. മികവിന്റെ വിദ്യാലയം ദൗത്യത്തിന്റെ കാര്യത്തില്‍ ഗുജറാത്തിലെ എല്ലാ പൗരന്മാരെയും അധ്യാപകരെയും യുവജനങ്ങളെയും വരുംതലമുറകളെയും അദ്ദേഹം അഭിനന്ദിച്ചു.
 
സമീപകാലത്തെ 5ജി സാങ്കേതികവിദ്യയുടെ വികാസത്തിലേക്കു വെളിച്ചംവീശി, നാം ഒന്നുമുതല്‍ 4 വരെ തലമുറ ഇന്റര്‍നെറ്റ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും, 5ജി ഇന്ത്യയിലുടനീളം പരിവര്‍ത്തനത്തിനു തുടക്കമിടുമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ‘കടന്നുപോകുന്ന ഓരോ തലമുറയിലും, സാങ്കേതികവിദ്യ ജീവിതത്തിന്റെ എല്ലാ ചെറിയ വശങ്ങളിലേക്കും നമ്മെ ബന്ധിപ്പിച്ചിരിക്കുന്നു’- ശ്രീ മോദി തുടര്‍ന്നു. ‘അതുപോലെ, നാം വ്യത്യസ്തതലമുറയില്‍പ്പെടുന്ന വിദ്യാലയങ്ങളും കണ്ടു.’ സ്മാര്‍ട്ട് സൗകര്യങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, സ്മാര്‍ട്ട് അധ്യയനം എന്നിവയ്ക്കപ്പുറം വിദ്യാഭ്യാസസമ്പ്രദായത്തെ അടുത്ത ഘട്ടത്തിലേക്കു കൊണ്ടുപോകുമെന്നും 5ജി സാങ്കേതികവിദ്യയുടെശേഷി എടുത്തുകാട്ടി പ്രധാനമന്ത്രി പറഞ്ഞു. ‘നമ്മുടെ കുരുന്നുവിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ വെര്‍ച്വല്‍ റിയാലിറ്റിയുടെ ശക്തിയും വിദ്യാലയങ്ങളില്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സും അനുഭവിക്കാന്‍ കഴിയും’- അദ്ദേഹം പറഞ്ഞു. മികവിന്റെ വിദ്യാലയം ദൗത്യത്തിലൂടെ ഗുജറാത്ത് രാജ്യത്തെ ആദ്യത്തേതും സുപ്രധാനവുമായ ചുവടുവയ്പു നടത്തിയതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഈ മഹത്തായ നേട്ടത്തിനു മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
 
കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ വിദ്യാഭ്യാസമേഖലയില്‍ ഗുജറാത്തിലുണ്ടായ മാറ്റങ്ങളുടെ നിരയില്‍ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. ഗുജറാത്തിലെ വിദ്യാഭ്യാസമേഖലയുണ്ടായിരുന്ന ശോച്യാവസ്ഥ അനുസ്മരിച്ച പ്രധാനമന്ത്രി, 100ല്‍ 20 കുട്ടികളും ഒരിക്കലും വിദ്യാലയങ്ങളില്‍ പോയിരുന്നില്ലെന്ന കാര്യം പറഞ്ഞു. സ്‌കൂളിലെത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായതോടെ വിദ്യാര്‍ഥികള്‍ എട്ടാം ക്ലാസിനുശേഷം പഠനം ഉപേക്ഷിക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു. സ്‌കൂളില്‍ പോകുന്നതില്‍ നിന്നു തടയപ്പെട്ട പെണ്‍കുട്ടികളുടെ അവസ്ഥ മറ്റുള്ളവരേക്കാള്‍ മോശമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗിരിവര്‍ഗമേഖലകളിലെ വിദ്യാഭ്യാസകേന്ദ്രങ്ങളുടെ ദൗര്‍ലഭ്യത്തെക്കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, ശാസ്ത്രവിദ്യാഭ്യാസത്തിനു പദ്ധതികളൊന്നും നിലവിലില്ലായിരുന്നെന്നും ചൂണ്ടിക്കാട്ടി. ‘ഈ രണ്ടു ദശാബ്ദങ്ങളില്‍ ഗുജറാത്തിലെ ജനങ്ങള്‍ അവരുടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പരിവര്‍ത്തനം പ്രകടമാക്കി’- ശ്രീ മോദി പറഞ്ഞു. ഈ രണ്ടുപതിറ്റാണ്ടിനിടെ ഗുജറാത്തില്‍ 1.25 ലക്ഷത്തിലധികം പുതിയ ക്ലാസ് മുറികള്‍ നിര്‍മിച്ചതായും 2 ലക്ഷത്തിലധികം അധ്യാപകരെ നിയമിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. ”ശാല പ്രവേശനോത്സവ്, കന്യാ കെളവാണി മഹോത്സവ് തുടങ്ങിയ പരിപാടികള്‍ ആരംഭിച്ച ദിവസം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. മകനും മകളും ആദ്യമായി സ്‌കൂളില്‍ പോകുമ്പോള്‍ അത് ഉത്സവം പോലെ ആഘോഷിക്കാനായിരുന്നു ശ്രമം”- ശ്രീ മോദി പറഞ്ഞു. 
 
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തില്‍ ഊന്നല്‍ നല്‍കുന്ന ഉത്സവമായ ‘ഗുണോത്സവ’വും പ്രധാനമന്ത്രി അനുസ്മരിച്ചു. ഇതിലൂടെ, വിദ്യാര്‍ഥികളുടെ വൈദഗ്ധ്യവും ശേഷിയും വിലയിരുത്തുകയും ശരിയായ പ്രതിവിധികള്‍ നിര്‍ദേശിക്കുകയും ചെയ്തു. ‘ഗുണോത്സവ’ത്തിന്റെ കൂടുതല്‍ നൂതനമായ സാങ്കേതികവിദ്യാധിഷ്ഠിത പതിപ്പ് ഗുജറാത്തിലെ വിദ്യാസമീക്ഷാകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ‘വിദ്യാഭ്യാസരംഗത്തു സവിശേഷവും ബൃഹത്തായതുമായ ചില പരീക്ഷണങ്ങളുടെ ഭാഗമാണു ഗുജറാത്ത്. ഗുജറാത്തിലെ ആദ്യത്തെ അധ്യാപക പരിശീലന സര്‍വകലാശാലയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്‌സ് എഡ്യൂക്കേഷന്‍ ഞങ്ങള്‍ സ്ഥാപിച്ചു’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച സമയം അനുസ്മരിച്ച്, താന്‍ ഗ്രാമങ്ങള്‍തോറും യാത്രചെയ്തിട്ടുണ്ടെന്നും എല്ലാ ജനങ്ങളോടും അവരുടെ പെണ്‍മക്കളെ സ്‌കൂളില്‍ അയയ്ക്കാന്‍ അഭ്യര്‍ഥിച്ചുവെന്നും അദ്ദേഹം അറിയിച്ചു. ‘ഇന്ന് ഗുജറാത്തിലെ മിക്കവാറും എല്ലാ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്‌കൂളില്‍ എത്താനും സ്‌കൂള്‍ കഴിഞ്ഞ് കോളേജില്‍ പോകാനും തുടങ്ങിയിരിക്കുന്നു എന്നതാണ് ഇതിന്റെ ഫലം.’ കുട്ടികളെ സ്‌കൂളില്‍ അയക്കാനുള്ള തന്റെ അഭ്യര്‍ഥനകള്‍ മാനിച്ച രക്ഷിതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. 
 
20,000 സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ എയ്ഡഡ് ലേണിങ് ലാബുകള്‍ക്കു പുറമെ ഗുജറാത്തിലെ 15,000 സ്‌കൂളുകളിലും ഒരുപതിറ്റാണ്ടുമുമ്പു ടിവി എത്തിയിരുന്നുവെന്നും അത്തരം നിരവധി സംവിധാനങ്ങള്‍ ഗുജറാത്തിലെ സ്‌കൂളുകളുടെ അവിഭാജ്യഘടകമായി മാറിയെന്നും പ്രധാനമന്ത്രി അറിയിച്ചു. വിദ്യാഭ്യാസരംഗത്ത് സാങ്കേതികവിദ്യയുടെ നിര്‍ണായകപങ്കിന് അടിവരയിട്ട്, ഇന്നു ഗുജറാത്തില്‍ ഒരുകോടിയിലധികം വിദ്യാര്‍ഥികളും 4 ലക്ഷത്തിലധികം അധ്യാപകരും ഓണ്‍ലൈന്‍ ഹാജര്‍ രേഖപ്പെടുത്തുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്നു ഗുജറാത്തിലെ 20,000 സ്‌കൂളുകള്‍ വിദ്യാഭ്യാസത്തിന്റെ 5ജി യുഗത്തിലേക്കു പ്രവേശിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. 
 
മികവിന്റെ വിദ്യാലയം ദൗത്യത്തിനുകീഴിലുള്ള പദ്ധതികള്‍ ശ്രദ്ധയില്‍പ്പെടുത്തിയ പ്രധാനമന്ത്രി, ഈ സ്‌കൂളുകളില്‍ 50,000 പുതിയ ക്ലാസ് മുറികളും ഒരുലക്ഷത്തിലധികം സ്മാര്‍ട്ട് ക്ലാസ് റൂമുകളും നിര്‍മിക്കാന്‍ പോകുകയാണെന്നും അറിയിച്ചു. ഈ സ്‌കൂളുകളില്‍ ആധുനികവും ഡിജിറ്റലും ഭൗതികവുമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക മാത്രമല്ല, കുട്ടികളുടെ ജീവിതത്തിലും അവരുടെ വിദ്യാഭ്യാസത്തിലും വലിയ മാറ്റമുണ്ടാക്കാനുമുള്ള ക്യാമ്പയിന്‍ കൂടിയാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ‘കുട്ടികളുടെ കഴിവു വര്‍ധിപ്പിക്കുന്നതിനുള്ള എല്ലാ മേഖലകളിലും ഇവിടെ പ്രവര്‍ത്തനങ്ങളുണ്ടാകും’- അദ്ദേഹം പറഞ്ഞു. 
 
5ജിയുടെ വരവോടെ ഈ നടപടികളെല്ലാം ഏറെ പ്രയോജനം ചെയ്യുമെന്നു പ്രധാനമന്ത്രി പറഞ്ഞു. വിദൂരമേഖലകളിലുള്‍പ്പെടെ എല്ലാവര്‍ക്കും മികച്ച ഉള്ളടക്കവും അധ്യാപനവും അധ്യാപകരെയും ലഭ്യമാക്കാന്‍ ഇതു സഹായിക്കും. ‘വിദ്യാഭ്യാസത്തിനായി പരിഗണിക്കേണ്ട കാര്യങ്ങളുടെ വൈവിധ്യവും തെരഞ്ഞെടുക്കാനുള്ള അവസരങ്ങളും പുതിയ ദേശീയ വിദ്യാഭ്യാസനയത്തെ താഴെത്തട്ടിലെത്തിക്കും. ‘- അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന 14,500 പിഎം-ശ്രീ സ്‌കൂളുകളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. അവ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിനുള്ള മാതൃകാ സ്‌കൂളുകളാകുമെന്നും 27,000 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. 
 
”അടിമത്തമനോഭാവത്തില്‍നിന്നു രാജ്യത്തെ മോചിപ്പിക്കാനും കഴിവും നവീകരണവും പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമമാണു പുതിയ ദേശീയ വിദ്യാഭ്യാസ നയം”- പ്രധാനമന്ത്രി വിശദീകരിച്ചു. ഇംഗ്ലീഷ് ഭാഷയിലുള്ള അറിവാണു ബുദ്ധിയുടെ അളവുകോലായി സ്വീകരിച്ചിരുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഭാഷ ആശയവിനിമയത്തിനുള്ള മാധ്യമം മാത്രമാണ്. എന്നാല്‍ പതിറ്റാണ്ടുകളായി ഗ്രാമങ്ങളിലെയും ദരിദ്രകുടുംബങ്ങളിലെയും പ്രതിഭകളുടെ പ്രയോജനം രാജ്യത്തിനു ലഭിക്കാത്തവിധം ഭാഷ തടസമായി മാറിയിരുന്നു. ”ഇപ്പോള്‍ ഈ സ്ഥിതി മാറുകയാണ്. ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ ഭാഷകളിലും ശാസ്ത്രം, സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം എന്നിവ പഠിക്കാനുള്ള അവസരം ലഭിച്ചു തുടങ്ങിയിരിക്കുന്നു. ഗുജറാത്തി ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ ഭാഷകളില്‍ കോഴ്‌സുകള്‍ നടത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു”- പ്രധാനമന്ത്രി പറഞ്ഞു. വികസിത ഇന്ത്യക്കുവേണ്ടിയുള്ള ‘കൂട്ടായ പരിശ്രമത്തി’ന്റെ സമയമായതിനാല്‍ പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ‘ആരെയും വിട്ടുകളയരുത്’ എന്ന ആശയവും അദ്ദേഹം ആവര്‍ത്തിച്ചു. 
 
ശാസ്ത്രത്തിന്റെയും വിജ്ഞാനത്തിന്റെയും മേഖലകളില്‍ ഇന്ത്യയുടെ പൂര്‍വികര്‍ നല്‍കിയ സംഭാവനകളെ അനുസ്മരിച്ചു പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: ”പുരാതനകാലം മുതല്‍ വിദ്യാഭ്യാസമാണ് ഇന്ത്യയുടെ വികസനത്തിന്റെ വഴിത്തിരിവ്”. ഇന്ത്യ സ്വാഭാവികമായി വിജ്ഞാനത്തെ പിന്തുണയ്ക്കുന്ന രാജ്യമാണെന്നും നൂറുകണക്കിനു വര്‍ഷങ്ങള്‍ക്കുമുമ്പു ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലകള്‍ നിര്‍മിക്കുകയും ഏറ്റവും വലിയ വായനശാലകള്‍ സ്ഥാപിക്കുകയും ചെയ്തതു നമ്മുടെ പൂര്‍വികരാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യ ആക്രമിക്കപ്പെടുകയും ഇന്ത്യയുടെ ഈ സമ്പത്തു നശിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുകയുംചെയ്ത കാലഘട്ടത്തെക്കുറിച്ചും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം നേടുന്നതിനായി നിര്‍ബന്ധിക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ ഉപേക്ഷ വിചാരിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്നും വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും ലോകത്ത്, നവീകരണത്തില്‍ ഇന്ത്യക്ക് വ്യത്യസ്തമായ സ്വത്വമുണ്ട് എന്നതിന്റെ കാരണം ഇതാണ്. ‘ആസാദി കാ അമൃത് കാലില്‍, അതിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള അവസരമുണ്ട്’- ശ്രീ മോദി പറഞ്ഞു. 
 
പ്രസംഗം ഉപസംഹരിക്കവേ, ലോകത്തിലെ വലിയ വിജ്ഞാന സമ്പദ്വ്യവസ്ഥയായി മാറാനുള്ള ഇന്ത്യയുടെ അപാരമായ സാധ്യതകള്‍ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍, ശാസ്ത്രവുമായി ബന്ധപ്പെട്ട മിക്ക കണ്ടുപിടിത്തങ്ങളും, സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മിക്ക കണ്ടുപിടിത്തങ്ങളും ഇന്ത്യയിലായിരിക്കുമെന്ന് അവകാശപ്പെടാന്‍ എനിക്കു മടിയേതുമില്ല’- അദ്ദേഹം പറഞ്ഞു. ഗുജറാത്തിനു മികച്ച അവസരമാണു മുന്നിലുള്ളതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘ഇതുവരെ ഗുജറാത്തിനു വ്യാപാര-വ്യവസായമേഖലകളില്‍ ഖ്യാതി ലഭിച്ചിട്ടുണ്ട്. അത് ഉല്‍പ്പാദനത്തിനാണ്. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഗുജറാത്ത് രാജ്യത്തിന്റെ വിജ്ഞാന കേന്ദ്രമായി, നവീനാശയ കേന്ദ്രമായി വികസിക്കുകയാണ്. മികവിന്റെ വിദ്യാലയം ദൗത്യം ഈ മനോഭാവമുയര്‍ത്തുമെന്ന് എനിക്കുറപ്പുണ്ട്”- പ്രധാനമന്ത്രി ഉപസംഹരിച്ചു. 
 
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, സംസ്ഥാന മന്ത്രി ജിതുഭായ് വഘാനി, ശ്രീ കുബേര്‍ഭായ് ദിന്‍ഡോര്‍, ശ്രീ കിരിത്സിന്‍ഹ് വഘേല എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 
 
ഗുജറാത്തിലെ ഗാന്ധിനഗറിലെ മഹാത്മാ മന്ദിര്‍ സമ്മേളന-പ്രദര്‍ശന കേന്ദ്രത്തില്‍ പ്രധാനമന്ത്രി ഡിഫ്എക്‌സ്‌പോ22 ഉദ്ഘാടനംചെയ്തു
 
ന്യൂ ഡല്‍ഹി: ഒക്ടോബര്‍ 19, 2022
 
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ ഗാന്ധിനഗറിലെ മഹാത്മാമന്ദിര്‍ സമ്മേളന-പ്രദര്‍ശനകേന്ദ്രത്തില്‍ ഡിഫ്എക്‌സ്‌പോ22 ഉദ്ഘാടനംചെയ്തു. ഇന്ത്യ പവലിയനില്‍, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് രൂപകല്‍പ്പനചെയ്ത തദ്ദേശീയ പരിശീലനവിമാനമായ എച്ച്ടിടി-40 പ്രധാനമന്ത്രി പുറത്തിറക്കി. പരിപാടിയില്‍ പ്രധാനമന്ത്രി ഡിഫ്സ്‌പേസ് ദൗത്യത്തിനു തുടക്കംകുറിക്കുകയും ഗുജറാത്തിലെ ഡീസ എയര്‍ഫീല്‍ഡിനു തറക്കല്ലിടുകയുംചെയ്തു.
 
സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, പ്രധാനമന്ത്രി എന്ന നിലയിലും ഗുജറാത്തിന്റെ പുത്രന്‍ എന്ന നിലയിലും കഴിവുറ്റവരുടെയും സ്വയംപര്യാപ്ത ഇന്ത്യയുടെയും പരിപാടിയിലേക്കു പ്രതിനിധികളെ അദ്ദേഹം സ്വാഗതംചെയ്തു.
 
ഡിഫ്എക്‌സ്‌പോ 2022ന്റെ സംഘാടനത്തെ പരാമര്‍ശിച്ച്, അമൃതകാലത്തിന്റെ വേളയില്‍ ദൃഢനിശ്ചയം ചെയ്തുകൊണ്ടിരിക്കുന്ന പുതിയ ഇന്ത്യയുടെയും അതിന്റെ കഴിവുകളുടെയും ചിത്രമാണ് ഇതു വരയ്ക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതു രാജ്യത്തിന്റെ വികസനത്തിന്റെയും സംസ്ഥാനങ്ങളുടെ സഹകരണത്തിന്റെയും സമന്വയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇതിനു യുവാക്കളുടെ ശക്തിയും സ്വപ്നങ്ങളുമുണ്ട്. യുവാക്കളുടെ നിശ്ചയദാര്‍ഢ്യവും കഴിവുമുണ്ട്. ഇതില്‍ ലോകത്തിനു പ്രതീക്ഷകളും സുഹൃദ് രാജ്യങ്ങള്‍ക്ക് അവസരങ്ങളുമുണ്ട്’- പ്രധാനമന്ത്രി പറഞ്ഞു. 
 
ഡിഫ്എക്‌സ്പോയുടെ ഈ പതിപ്പിന്റെ പ്രത്യേകതയ്ക്ക് അടിവരയിട്ടു പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: ‘ഇന്ത്യന്‍ കമ്പനികള്‍മാത്രം പങ്കെടുക്കുന്ന ആദ്യത്തെ പ്രതിരോധ എക്‌സ്പോയാണിത്. ഇതില്‍ ഇന്ത്യയില്‍ നിര്‍മിച്ച ഉപകരണങ്ങള്‍ മാത്രമാണുള്ളത്.’ ‘സര്‍ദാര്‍ പട്ടേലെന്ന ഉരുക്കുമനുഷ്യന്റെ നാട്ടില്‍നിന്നു ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ കഴിവുകളുടെ മാതൃകയാണു നാം സൃഷ്ടിക്കുന്നത്’- അദ്ദേഹം പറഞ്ഞു. എക്‌സ്പോയില്‍ ഇന്ത്യയുടെ പ്രതിരോധമേഖല, പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട ചില സംയുക്തസംരംഭങ്ങള്‍, എംഎസ്എംഇകള്‍, 100ലധികം സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന 1300ലധികം പ്രദര്‍ശകരുണ്ട്. ഒരൊറ്റച്ചിത്രത്തില്‍ ഇന്ത്യയുടെ കഴിവിന്റെയും സാധ്യതയുടെയും നേര്‍ക്കാഴ്ചയാണ് ഇതു നല്‍കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 400ലധികം ധാരണാപത്രങ്ങളില്‍ ഇതാദ്യമായാണ് ഒപ്പുവയ്ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
 
വിവിധ രാജ്യങ്ങളില്‍നിന്നുള്ള മികച്ച പ്രതികരണം ചൂണ്ടിക്കാട്ടി, ഇന്ത്യ സ്വപ്നങ്ങള്‍ക്കു രൂപംനല്‍കുമ്പോള്‍, ആഫ്രിക്കയില്‍നിന്നുള്ള 53  സുഹൃദ് രാജ്യങ്ങള്‍ നമുക്കൊപ്പം സഞ്ചരിക്കുന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. രണ്ടാം ഇന്ത്യ-ആഫ്രിക്ക പ്രതിരോധചര്‍ച്ചയും ഈ അവസരത്തില്‍ നടക്കുമെന്നു പ്രധാനമന്ത്രി അറിയിച്ചു. ‘ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള ഈ ബന്ധം കാലം തെളിയിച്ച വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതു കൂടുതല്‍ ആഴമേറിയതും കാലക്രമേണ പുതിയതലങ്ങള്‍ സ്പര്‍ശിക്കുന്നതുമാണ്’- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ആഫ്രിക്കയും ഗുജറാത്തും തമ്മിലുള്ള മുന്‍കാലബന്ധത്തെക്കുറിച്ചു സംസാരിക്കവേ, ആഫ്രിക്കയിലെ ആദ്യത്തെ റെയില്‍വേ ലൈനുകളില്‍ കച്ചില്‍നിന്നുള്ള ജനങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്നുവെന്നു പ്രധാനമന്ത്രി അനുസ്മരിച്ചു. ആഫ്രിക്കയിലെ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന പല വാക്കുകളുടെയും ഉത്ഭവം ആഫ്രിക്കയിലെ ഗുജറാത്തി സമൂഹത്തില്‍നിന്നാണ്. ‘മഹാത്മാഗാന്ധിയെപ്പോലുള്ള ആഗോളനേതാവിന്റെ കാര്യത്തിലായാലും, ഗുജറാത്ത് അദ്ദേഹത്തിന്റെ ജന്മസ്ഥലമാണെങ്കില്‍പോലും, ആഫ്രിക്കയാണ് അദ്ദേഹത്തിന്റെ ആദ്യത്തെ ‘കര്‍മഭൂമി’. ആഫ്രിക്കയോടുള്ള ഈ അടുപ്പം ഇപ്പോഴും ഇന്ത്യയുടെ വിദേശനയത്തിന്റെ കാതലാണ്. കൊറോണക്കാലത്തു ലോകം മുഴുവന്‍ പ്രതിരോധമരുന്നിനെക്കുറിച്ച് ആശങ്കാകുലരായപ്പോള്‍, ആഫ്രിക്കയിലെ നമ്മുടെ സുഹൃദ് രാജ്യങ്ങള്‍ക്കു മുന്‍ഗണന നല്‍കിയാണ് ഇന്ത്യ പ്രതിരോധമരുന്നെത്തിച്ചത്’- അദ്ദേഹം പറഞ്ഞു.
 
സമാധാനം, വളര്‍ച്ച, സ്ഥിരത, സമൃദ്ധി എന്നിവ പരിപോഷിപ്പിക്കുന്നതിന്, ഇന്ത്യന്‍ മഹാസമുദ്രമേഖലാ(ഐഒആര്‍+) രാജ്യങ്ങള്‍ക്കിടയില്‍ പ്രതിരോധ സഹകരണം പ്രോത്സാഹിപ്പിക്കാന്‍ സമഗ്രമായ ചര്‍ച്ചകള്‍ക്കു വേദിയൊരുക്കുന്ന, രണ്ടാമത് ഐഒആര്‍+ കോണ്‍ക്ലേവും എക്‌സ്പോയില്‍ നടക്കും. മേഖലയിലെ എല്ലാവര്‍ക്കും സുരക്ഷയും വളര്‍ച്ചയും (സാഗര്‍) ഉറപ്പാക്കുന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനനുസൃതമായാണിത്. ‘ഇന്ന്, അന്താരാഷ്ട്ര സുരക്ഷമുതല്‍ ആഗോള വ്യാപാരംവരെ, സമുദ്ര സുരക്ഷ ആഗോള മുന്‍ഗണനയായി ഉയര്‍ന്നുവന്നിരിക്കുന്നു. ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ മര്‍ച്ചന്റ് നേവിയുടെ പങ്ക് വികസിച്ചു’- അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയിലുള്ള ലോകത്തിന്റെ പ്രതീക്ഷകള്‍ വര്‍ധിച്ചു. ഇന്ത്യ അവ നിറവേറ്റുമെന്നു ഞാന്‍ ലോക സമൂഹത്തിന് ഉറപ്പുനല്‍കുന്നു. അതിനാല്‍, ഈ പ്രതിരോധ എക്‌സ്പോ ഇന്ത്യയോടുള്ള ആഗോള വിശ്വാസത്തിന്റെ പ്രതീകം കൂടിയാണ്’- പ്രധാനമന്ത്രി പറഞ്ഞു.
 
വികസനത്തിലും വ്യാവസായികശേഷിയിലും ഗുജറാത്തിന്റെ സ്വത്വത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ‘ഈ പ്രതിരോധ എക്‌സ്പോ ഈ സ്വത്വത്തിന് പുതിയ മാനങ്ങളേകും’- അദ്ദേഹം പറഞ്ഞു. വരുംദിവസങ്ങളില്‍ പ്രതിരോധവ്യവസായത്തിന്റെ പ്രധാനകേന്ദ്രമായി ഗുജറാത്ത് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
ഫോര്‍വേഡ് എയര്‍ഫോഴ്സ് ബേസ് രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്നു ഗുജറാത്തിലെ ഡീസ എയര്‍ഫീല്‍ഡിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ചു പ്രധാനമന്ത്രി പറഞ്ഞു. അതിര്‍ത്തിക്കരികിലാണു ഡീസ എന്നു ചൂണ്ടിക്കാട്ടി, പടിഞ്ഞാറന്‍ അതിര്‍ത്തികളിലെ ഏതു ദുര്‍ഘടസാഹചര്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ ഇന്ത്യ ഇപ്പോള്‍ മികച്ച തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘ഗവണ്മെന്റിന്റെ ഭാഗമായശേഷം, ഡീസയില്‍ പ്രവര്‍ത്തനതാവളം സ്ഥാപിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ സേനയുടെ ഈ പ്രതീക്ഷ ഇന്നു പൂര്‍ത്തീകരിക്കുകയാണ്. ഈ പ്രദേശം ഇപ്പോള്‍ രാജ്യത്തിന്റെ സുരക്ഷിതത്വത്തിന്റെ ഫലപ്രദമായ കേന്ദ്രമായി മാറും’- ശ്രീ മോദി കൂട്ടിച്ചേര്‍ത്തു. 
 
‘കരുത്തുറ്റ ഏതൊരു രാജ്യത്തിനും ഭാവിയില്‍ സുരക്ഷ എന്തായിരിക്കുമെന്നതിന്റെ ഉദാഹരണമാണു ബഹിരാകാശ സാങ്കേതികവിദ്യ. ഈ മേഖലയിലെ വിവിധ വെല്ലുവിളികള്‍ മൂന്നു സൈനികവിഭാഗങ്ങളും അവലോകനം ചെയ്യുകയും തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. അവ പരിഹരിക്കാന്‍ നാം വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്’- അദ്ദേഹം പറഞ്ഞു. ‘പ്രതിരോധ സ്‌പേസ് ദൗത്യം നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും നമ്മുടെ സേനയെ ശക്തിപ്പെടുത്തുകയും ചെയ്യുക മാത്രമല്ല, പുതിയതും നൂതനവുമായ പ്രതിവിധികളേകുകയും ചെയ്യും’- പ്രധാനമന്ത്രി പറഞ്ഞു. ബഹിരാകാശ സാങ്കേതികവിദ്യ ഇന്ത്യയുടെ ഉദാരമായ ബഹിരാകാശ നയകുശലതയുടെ പുതിയ നിര്‍വചനങ്ങള്‍ രൂപപ്പെടുത്തുകയും പുതിയ സാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ‘പല ആഫ്രിക്കന്‍ രാജ്യങ്ങളും മറ്റു പല ചെറിയ രാജ്യങ്ങളും ഇതില്‍നിന്നു പ്രയോജനം നേടുന്നുണ്ട്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 60ലധികം വികസ്വര രാജ്യങ്ങളുമായി ഇന്ത്യ ബഹിരാകാശവിദ്യകള്‍ പങ്കിടുന്നുണ്ടെന്നു പ്രധാനമന്ത്രി അറിയിച്ചു. ‘ദക്ഷിണേഷ്യന്‍ ഉപഗ്രഹം ഇതിന്റെ ഫലപ്രദമായ ഉദാഹരണമാണ്. അടുത്ത വര്‍ഷത്തോടെ പത്ത് ആസിയാന്‍ രാജ്യങ്ങള്‍ക്കും ഇന്ത്യയുടെ ഉപഗ്രഹവിവരങ്ങള്‍ തത്സമയം പ്രാപ്യമാക്കും. യൂറോപ്പ്, അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങള്‍പോലും നമ്മുടെ ഉപഗ്രഹങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ഉപയോഗിക്കുന്നു’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
പ്രതിരോധമേഖലയില്‍, ഉദ്ദേശ്യശുദ്ധി, നവീകരണം, നടപ്പാക്കല്‍ എന്നീ മന്ത്രങ്ങളുമായി പുതിയ ഇന്ത്യ മുന്നോട്ടുപോകുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. 8 വര്‍ഷം മുമ്പുവരെ ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ഇറക്കുമതി രാജ്യമായാണ് ഇന്ത്യ അറിയപ്പെട്ടിരുന്നത്. എന്നാല്‍ പുതിയ ഇന്ത്യ ഉദ്ദേശ്യശുദ്ധി വെളിവാക്കി. ഇച്ഛാശക്തി വെളിപ്പെടുത്തി. ‘മേക്ക് ഇന്‍ ഇന്ത്യ’ ഇന്നു പ്രതിരോധമേഖലയില്‍ വിജയഗാഥയായി മാറുകയാണ്. ‘കഴിഞ്ഞ 5 വര്‍ഷത്തിനിടെ നമ്മുടെ പ്രതിരോധകയറ്റുമതി 8 മടങ്ങു വളര്‍ന്നു. ലോകത്തെ 75ലധികം രാജ്യങ്ങളിലേക്കു നാം പ്രതിരോധസാമഗ്രികളും ഉപകരണങ്ങളും കയറ്റുമതിചെയ്യുന്നു. 2021-22ല്‍ ഇന്ത്യയില്‍നിന്നുള്ള പ്രതിരോധ കയറ്റുമതി 1.59 ബില്യണ്‍ ഡോളറിലെത്തി; അതായത്, ഏകദേശം 13,000 കോടിരൂപ. വരുംകാലങ്ങളില്‍ 5 ബില്യണ്‍ ഡോളര്‍, അതായത് 40,000 കോടി രൂപയിലെത്താനാണു നാം ലക്ഷ്യമിടുന്നത്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ഇന്ത്യയുടെ സൈന്യം തങ്ങളുടെ കഴിവു തെളിയിച്ചതിനാലാണു ലോകം ഇന്ന് ഇന്ത്യയുടെ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത്. ഇന്ത്യന്‍ നാവികസേന ഐഎന്‍എസ്-വിക്രാന്ത് പോലുള്ള അത്യാധുനിക വിമാനവാഹിനിക്കപ്പലുകളെ തങ്ങളുടെ കപ്പലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മിച്ചതാണ് എന്‍ജിനിയറിങ് വിസ്മയവും ബൃഹത്തായതുമായ ഈ മികച്ച സൃഷ്ടി. ‘ഇന്ത്യന്‍ വ്യോമസേനയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്കുകീഴില്‍ വികസിപ്പിച്ച ‘പ്രചണ്ഡ്’ ലഘുപോര്‍ ഹെലികോപ്റ്ററുകളുടെ ഉള്‍പ്പെടുത്തല്‍ ഇന്ത്യയുടെ പ്രതിരോധശേഷിയുടെ വ്യക്തമായ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. 
 
ഇന്ത്യയുടെ പ്രതിരോധമേഖലയെ സ്വയംപര്യാപ്തമാക്കുന്നതിലേക്കു വെളിച്ചംവീശി, രാജ്യത്തിനകത്തുനിന്നും മാത്രം വാങ്ങുന്ന ഉപകരണങ്ങളുടെ രണ്ടുപട്ടിക സൈന്യവും തീരുമാനിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. അത്തരത്തിലുള്ള 101 ഇനങ്ങളുടെ പട്ടികയാണ് ഇന്നു പുറത്തിറക്കുന്നത്. ഈ തീരുമാനങ്ങള്‍ സ്വയംപര്യാപ്ത ഇന്ത്യയുടെ സാധ്യതയും വെളിപ്പെടുത്തുന്നു. ഈ പട്ടികയനുസരിച്ച്, അത്തരത്തില്‍ 411 ഉപകരണങ്ങളുണ്ടാകും. പ്രതിരോധമേഖലയിലെ ഈ ഉപകരണങ്ങള്‍ ‘മേക്ക് ഇന്‍ ഇന്ത്യ’ പ്രകാരം മാത്രമാകും വാങ്ങുക. ഇത്തരമൊരു ബൃഹത്തായ ബജറ്റ് ഇന്ത്യന്‍ കമ്പനികളുടെ അടിത്തറ ശക്തിപ്പെടുത്തുമെന്നും അവയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതു രാജ്യത്തെ യുവാക്കളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
പ്രതിരോധ വിതരണരംഗത്തു കുറച്ചു കമ്പനികള്‍ സൃഷ്ടിച്ച കുത്തകയ്ക്കുപകരമായി വിശ്വസനീയമായി പരിഗണിക്കാവുന്നവ ഇപ്പോള്‍ കൂണുപോലെ മുളച്ചുപൊങ്ങുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ”പ്രതിരോധ വ്യവസായത്തിലെ കുത്തക തകര്‍ക്കാനുള്ള ശക്തിയുണ്ടെന്ന് ഇന്ത്യയിലെ യുവാക്കള്‍ തെളിയിച്ചു. നമ്മുടെ യുവാക്കളുടെ ഈ പരിശ്രമം ആഗോളനന്മയ്ക്കുവേണ്ടിയാണ്”- ശ്രീ മോദി പറഞ്ഞു. വിഭവങ്ങളുടെ അഭാവത്താല്‍ സുരക്ഷിതത്വത്തില്‍ പിന്നാക്കം നില്‍ക്കുന്ന ലോകത്തിലെ ചെറിയ രാജ്യങ്ങള്‍ ഇപ്പോള്‍ ഇതില്‍നിന്നു വലിയ നേട്ടങ്ങള്‍ കൊയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
 
”പ്രതിരോധമേഖലയെ അവസരങ്ങളുടെ അനന്തവിഹായസായാണ് ഇന്ത്യ കാണുന്നത്; അതായത് ഗുണപരമായ സാധ്യതകളായി”- പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധമേഖലയിലെ നിക്ഷേപസാധ്യതകളെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, യുപിയിലും തമിഴ്നാട്ടിലും ഇന്ത്യ രണ്ടു പ്രതിരോധ ഇടനാഴികള്‍ നിര്‍മിക്കുകയാണെന്നും ലോകത്തെ നിരവധി വന്‍കിട കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ വരുന്നുണ്ടെന്നും അറിയിച്ചു. ഈ മേഖലയിലെ എംഎസ്എംഇകളുടെ ശക്തിയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നിക്ഷേപത്തിനു പിന്നില്‍ വിതരണശൃംഖലകളുടെ വലിയ ശൃംഖല സൃഷ്ടിക്കുമ്പോള്‍ ഈ വലിയ കമ്പനികളെ നമ്മുടെ എംഎസ്എംഇകള്‍ പിന്തുണയ്ക്കുമെന്നും അറിയിച്ചു. ”ഈ മേഖലയിലെ ഇത്രയധികം നിക്ഷേപങ്ങള്‍ യുവാക്കള്‍ മുമ്പു ചിന്തിക്കാതിരുന്ന മേഖലകളില്‍പ്പോലും വലിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും”- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 
 
പ്രതിരോധ എക്‌സ്പോയില്‍ പങ്കെടുത്ത എല്ലാ കമ്പനികളോടും, ഭാവിയിലെ ഇന്ത്യയെ കേന്ദ്രമാക്കി, ഈ അവസരങ്ങള്‍ക്ക് രൂപം നല്‍കണമെന്ന് പ്രധാമന്ത്രി ആഹ്വാനംചെയ്തു. ‘നിങ്ങള്‍ നവീകരിക്കുക. ലോകത്തിലെ ഏറ്റവും മികച്ചതായിരിക്കുമെന്നു പ്രതിജ്ഞയെടുക്കുക. ശക്തമായ വികസിത ഇന്ത്യ എന്ന സ്വപ്നത്തിനു രൂപംനല്‍കുക. നിങ്ങളെ പിന്തുണയ്ക്കുന്ന എന്നെ അവിടെ നിങ്ങള്‍ക്കെപ്പോഴും കാണാനാകും’ അദ്ദേഹം പറഞ്ഞു.
 
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍, കേന്ദ്ര പ്രതിരോധസെക്രട്ടറി ഡോ. അജയ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 
പശ്ചാത്തലം : 
 
പ്രധാനമന്ത്രി ഡിഫ്എക്‌സ്‌പോ 22 ഉദ്ഘാടനം ചെയ്തു. ”അഭിമാനത്തിലേക്കുള്ള പാത” എന്ന ആശയത്തില്‍ നടക്കുന്ന എക്‌സ്പോ, ഇന്നുവരെ നടന്നിട്ടുള്ള ഇന്ത്യന്‍ പ്രതിരോധ പ്രദര്‍ശനത്തിലെ ഏറ്റവും വലിയ പങ്കാളിത്തത്തിനാണു സാക്ഷ്യം വഹിക്കുന്നതമ്.  ഇതാദ്യമായി, വിദേശ ഒ.ഇ.എമ്മു (ഒറിജിനല്‍ എക്യൂപ്മെന്റ് മാന്യുഫാക്ചറര്‍)കളുടെ ഇന്ത്യന്‍ അനുബന്ധ സ്ഥാപനങ്ങള്‍, ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ ഡിവിഷന്‍, ഇന്ത്യന്‍ കമ്പനിയുമായി സംയുക്ത സംരംഭം നടത്തുന്ന പ്രദര്‍ശകര്‍ എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ കമ്പനികള്‍ക്കു മാത്രമായി നടത്തുന്ന പ്രതിരോധ പ്രദര്‍ശനത്തിനും സാക്ഷ്യംവഹിക്കും. ഇന്ത്യന്‍ പ്രതിരോധ നിര്‍മാണവൈഭവത്തിന്റെ വിപുലമായ വ്യാപ്തിയും സാദ്ധ്യതയും ഈ പരിപാടിയില്‍ പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനത്തില്‍ ഒരു ഇന്ത്യ പവലിയനും പത്ത് സംസ്ഥാന പവലിയനുകളുമുണ്ടാകും. ഇന്ത്യാ പവലിയനില്‍, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍) രൂപകല്‍പ്പന ചെയ്ത തദ്ദേശീയ പരിശീലന വിമാനമായ എച്ച്.ടി.ടി-40 പ്രധാനമന്ത്രി പുറത്തിറക്കി. അത്യാധുനിക സമകാലിക സംവിധാനങ്ങളുള്ള വിമാനം പൈലറ്റ് സൗഹൃദ സവിശേഷതകളോടെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 
 
പരിപാടിയില്‍, വ്യവസായവും സ്റ്റാര്‍ട്ടപ്പുകളും വഴി ബഹിരാകാശമേഖലയില്‍ പ്രതിരോധസേനയ്ക്ക് നൂതനാശയ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ഡിഫ്സ്‌പേസ് ദൗത്യത്തിനും പ്രധാനമന്ത്രി സമാരംഭം കുറിച്ചു. ഗുജറാത്തിലെ ഡീസ എയര്‍ഫീല്‍ഡിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഈ എയര്‍ഫോഴ്സ് ബേസ് രാജ്യത്തിന്റെ സുരക്ഷാ വാസ്തുവിദ്യയില്‍ കൂട്ടിച്ചേര്‍ക്കപ്പെടും. 
 
‘ഇന്ത്യ-ആഫ്രിക്ക: പ്രതിരോധവും സുരക്ഷാ സഹകരണവും സമന്വയിപ്പിക്കുന്നതിനുള്ള തന്ത്രം സ്വീകരിക്കുക’ എന്ന വിഷയത്തില്‍ രണ്ടാമത്തെ ഇന്ത്യ-ആഫ്രിക്ക പ്രതിരോധചര്‍ച്ചയ്ക്കും പ്രദര്‍ശനം സാക്ഷ്യംവഹിക്കും. ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ എല്ലാവര്‍ക്കും സുരക്ഷയും വളര്‍ച്ചയും (സാഗര്‍) എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനനുസൃതമായി സമാധാനം, വളര്‍ച്ച, സ്ഥിരത, സമൃദ്ധി എന്നിവ പരിപോഷിപ്പിക്കുന്നതിനും ഐ.ഒ.ആര്‍+ രാജ്യങ്ങള്‍ക്കിടയില്‍ പ്രതിരോധ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും സമഗ്രമായ സംഭാഷണത്തിന് ഒരു വേദിയൊരുക്കുന്ന രണ്ടാമത് ഇന്ത്യന്‍ മഹാസമുദ്ര മേഖല (ഐ.ഒ.ആര്‍+ ) കോണ്‍ക്ലേവും പ്രദര്‍ശനത്തിന്റെ ഭാഗമാണ്. പ്രദര്‍ശനത്തിനിടെ പ്രതിരോധത്തിനായുള്ള ആദ്യത്തെ നിക്ഷേപക സംഗമവും നടക്കും. ഐഡെക്‌സിന്റെ (പ്രതിരോധ മികവിന് വേണ്ടിയുള്ള നൂതനാശയങ്ങള്‍) പ്രതിരോധ നൂതനാശയ പരിപാടിയായ മന്ഥന്‍ 2022ല്‍ നൂറിലധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളുടെ നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം ലഭിക്കുന്നതിനും ഇതു സാക്ഷ്യംവഹിക്കും. ബന്ധന്‍ എന്ന പരിപാടിയിലൂടെ 451 പങ്കാളിത്തങ്ങളും/തുടക്കങ്ങളും ഈ പരിപാടിയില്‍ പിറവിയെടുക്കും.
 
സ്വീഡന്റെ അടുത്ത പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഉള്‍ഫ് ക്രിസ്റ്റേഴ്‌സണെ പ്രധാനമന്ത്രി അഭിനന്ദിച്ചു
 
ന്യൂ ഡല്‍ഹി: ഒക്ടോബര്‍ 19, 2022
 
സ്വീഡന്റെ അടുത്ത പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട  ഉള്‍ഫ് ക്രിസ്റ്റേഴ്‌സനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
 
ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു:
 
‘സ്വീഡന്റെ അടുത്ത പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട  ഉള്‍ഫ് ക്രിസ്റ്റേഴ്‌സണിന് അഭിനന്ദനങ്ങള്‍. നമ്മുടെ  ബഹുമുഖ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
 
കോവിഡ്-19: പുതിയ വിവരങ്ങള്‍
 
ന്യൂ ഡല്‍ഹി: ഒക്ടോബര്‍ 19, 2022
 
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് മൊത്തം 219.41 കോടി (94.97 കോടി രണ്ടാമത്തെ ഡോസും, 21.92 കോടി കരുതല്‍ ഡോസും) ഡോസ് വാക്സിന്‍
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,76,787 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു.
 
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 25,968 പേര്‍  
 
ചികിത്സയിലുള്ളത്  0.06 ശതമാനം പേര്‍ 
 
രോഗമുക്തി നിരക്ക് 98.76%
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,417 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,40,79,485 ആയി.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  1,946 പേര്‍ക്ക് 
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.75%)  
 
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.01%)  
 
ആകെ നടത്തിയത്  89.91 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  2,60,806 പരിശോധനകള്‍. 
 
ഇന്ത്യയുടെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 219.41  കോടി കവിഞ്ഞു
 
ന്യൂഡല്‍ഹി,  ഒക്ടോബര്‍ 19, 2022
 
ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 219.41 കോടി (2,19,41,43,525) പിന്നിട്ടു.  
 
12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. 12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള COVID-19 വാക്‌സിനേഷന്‍ 2022 മാര്‍ച്ച് 16-ന് ആരംഭിച്ചു. ഇതുവരെ 4.11 കോടിയിലധികം (4,11,74,445) കൗമാരക്കാര്‍ക്ക് കോവിഡ്-19 കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി. അതുപോലെ, 18-59 പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 മുന്‍കരുതല്‍ ഡോസ്  2022 ഏപ്രില്‍ 10 മുതല്‍ ആരംഭിച്ചു.
 
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്‌സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:
 
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 10415347
രണ്ടാം ഡോസ് 10120176
കരുതല്‍ ഡോസ് 7061398
 
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 18437063
രണ്ടാം ഡോസ് 17718919
കരുതല്‍ ഡോസ് 13729687
 
12-14  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 41174445
രണ്ടാം ഡോസ്  32191558
 
15-18  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ്  61992857
രണ്ടാം ഡോസ്  53267531
 
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 561387521
രണ്ടാം ഡോസ് 516199730
കരുതല്‍ ഡോസ് 99835585
 
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 204045037
രണ്ടാം ഡോസ് 197052402
കരുതല്‍ ഡോസ്  50438867
 
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 127679245
രണ്ടാം ഡോസ്   123204253
കരുതല്‍ ഡോസ് 48191904
 
കരുതല്‍ ഡോസ്  21,92,57,441
 
ആകെ 2,19,41,43,525
 
രാജ്യത്ത്  നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 25,968 ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.06% ആണ്.
 
ദേശീയ രോഗമുക്തി നിരക്ക് 98.76 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,417 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,40,79,485 ആയി.
 
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്  1,946 പേര്‍ക്കാണ്.  
 
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,60,806 പരിശോധനകള്‍ നടത്തി. ആകെ 89.91 കോടിയിലേറെ (89,91,87,693) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
 
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്  1.01 ശതമാനമാണ്.   പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്  0.75 ശതമാനമാണ്. 
 
DefExpo 2022 ന്റെ ഭാഗമായി നടന്ന  ഇന്ത്യ-ആഫ്രിക്ക പ്രതിരോധ സംഭാഷണത്തിനിടെ ‘ഇന്ത്യ-ആഫ്രിക്ക സെക്യൂരിറ്റി ഫെലോഷിപ്പ് പ്രോഗ്രാമിന്’ തുടക്കം കുറിച്ചു
 
ന്യൂ ഡല്‍ഹി: ഒക്ടോബര്‍ 19, 2022
 
2022 ഒക്ടോബര്‍ 18-ന് ഗുജറാത്തിലെ ഗാന്ധിനഗറില്‍ DefExpo 2022-ന്റെ ഭാഗമായി ഇന്ത്യ-ആഫ്രിക്ക ഡിഫന്‍സ് ഡയലോഗ് (IADD) നടന്നു. IADD യുടെ രണ്ടാം പതിപ്പിന്റെ ഫലപ്രാപ്തി രേഖയായി അംഗീകരിച്ച ഗാന്ധിനഗര്‍ പ്രഖ്യാപനം, ഇന്ത്യ-ആഫ്രിക്ക പ്രതിരോധ-സുരക്ഷാ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ മേഖലകള്‍ മുന്നോട്ട് വയ്ക്കുന്നു .
 
ഗാന്ധിനഗര്‍ പ്രഖ്യാപനത്തിലെ പുതിയ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി, ഐഎഡിഡി നടക്കുന്ന സമയത്ത്, രക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ‘ഇന്ത്യ-ആഫ്രിക്ക സെക്യൂരിറ്റി ഫെലോഷിപ്പ് പ്രോഗ്രാം’ സമാരംഭിക്കുകയും അതിന്റെ ബ്രോഷര്‍ പുറത്തിറക്കുകയും, അത് മനോഹര്‍ പരീക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസസ്-ന്റെ (MP-IDSA) ഡയറക്ടര്‍ ജനറലിന് കൈമാറുകയും ചെയ്തു.
 
IADD-യുടെ വിജ്ഞാന പങ്കാളിയായ MP-IDSA ഫെലോഷിപ്പ് പ്രോഗ്രാമിന് ആതിഥേയത്വം വഹിക്കും. ഇന്ത്യയിലെ പ്രതിരോധ, സുരക്ഷാ വിഷയങ്ങളില്‍ ഗവേഷണം നടത്താന്‍ ആഫ്രിക്കയില്‍നിന്നുള്ളവര്‍ക്ക് ഫെലോഷിപ്പ് അവസരം നല്‍കും. ഫെലോകളെ 1 മുതല്‍ 3 മാസത്തേക്ക് MP-IDSA-യില്‍ അറ്റാച്ചുചെയ്ത്, സ്റ്റൈപ്പന്‍ഡ് നല്‍കും. അപേക്ഷാ നടപടിക്രമത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ MP-IDSA വെബ്സൈറ്റില്‍  (https://www.idsa.in/) ലഭ്യമാണ്.
 
IADD-ഫെലോഷിപ്പ് ബ്രോഷര്‍ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://static.pib.gov.in/WriteReadData/specificdocs/documents/2022/oct/doc20221019118601.pdf
 
 
സ്വച്ഛ് ഭാരത് 2022 ന് കീഴിലുള്ള മെഗാ ശുചിത്വ യജ്ഞങ്ങള്‍ ചാന്ദ്‌നി ചൗക്കില്‍ നിന്ന് കേന്ദ്രമന്ത്രി ശ്രീ അനുരാഗ് ഠാക്കൂര്‍ ഉദ്ഘാടനം ചെയ്തു
 
ന്യൂ ഡല്‍ഹി: ഒക്ടോബര്‍ 19, 2022
 
കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂര്‍ ഇന്ന് (2022 ഒക്ടോബര്‍ 19) ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ നിന്ന് സ്വച്ഛ് ഭാരത് 2022 നു കീഴിലുള്ള മെഗാ ശുചിത്വ യജ്ഞങ്ങള്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളമുള്ള എല്ലാ ഗ്രാമങ്ങളിലും ജില്ലകളിലും സമാനമായ ശുചിത്വ യജ്ഞങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതോടനുബന്ധിച്ച് ശുചിത്വ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
 
ഒരു മാസത്തിനുള്ളില്‍ ഒരു കോടി കിലോ മാലിന്യം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ആരംഭിച്ചതെന്ന് ചടങ്ങില്‍ സംസാരിച്ച ശ്രീ ഠാക്കൂര്‍ പറഞ്ഞു. ഇതിനകം,18 ദിവസത്തിനുള്ളില്‍ 84 ലക്ഷം കിലോ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചുകൊണ്ട് ഈ ലക്ഷ്യം മറികടക്കാന്‍ സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍, സമൂഹ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, ഗ്രാമങ്ങള്‍, ജില്ലകളിലെ മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഈ പ്രവര്‍ത്തനം നടത്തി. ജനങ്ങള്‍, പ്രത്യേകിച്ച് യുവജനങ്ങള്‍, അവരുടെ പശ്ചാത്തലം പരിഗണിക്കാതെ, ഈ പരിപാടിയില്‍ സ്വമേധയാ പങ്കെടുക്കുക മാത്രമല്ല, ഇതില്‍ ചേരാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
 
നെഹ്റു യുവ കേന്ദ്ര സംഗതന്‍ (NYKS) കൂടാതെ, അംഗീകൃത യൂത്ത് ക്ലബ്ബുകളുടെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും ശൃംഖലയിലൂടെ രാജ്യത്തുടനീളമുള്ള 744 ജില്ലകളിലെ 6 ലക്ഷം ഗ്രാമങ്ങളില്‍ സ്വച്ഛ് ഭാരത് 2022 പരിപാടി സംഘടിപ്പിക്കുന്നു.
 
യുവജന കാര്യ വകുപ്പും അനുബന്ധ സംഘടനകളായ NYKS, NSS എന്നിവയും ചേര്‍ന്ന് നടത്തുന്ന ‘സ്വച്ഛ് ഭാരത് 2022’ ന്റെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള എല്ലാ ഗ്രാമങ്ങളിലും സമാനമായ പരിപാടികള്‍ സംഘടിപ്പിച്ച് പ്രചാരണത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി വരുന്നു.
 
ആഭ്യന്തര ഉത്പാദകരില്‍ നിന്ന് സംഭരിക്കാനുദ്ദേശിക്കുന്ന 101 പ്രതിരോധ ഇനങ്ങളടങ്ങിയ നാലാമത്തെ പോസിറ്റീവ് സ്വദേശിവത്ക്കരണ പട്ടിക DefExpo 2022 ല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചു
 
ന്യൂ ഡല്‍ഹി: ഒക്ടോബര്‍ 19, 2022
 
ഇന്ന് (2022 ഒക്ടോബര്‍ 19 ന്) ഗുജറാത്തിലെ ഗാന്ധിനഗറില്‍, DefExpo 2022 ന്റെ ഉദ്ഘാടന വേളയില്‍, ആഭ്യന്തര ഉത്പാദകരില്‍ നിന്ന് മാത്രം സംഭരിക്കാനുദ്ദേശിക്കുന്ന 101 ഇനങ്ങളടങ്ങിയ ‘നാലാമത്തെ പോസിറ്റീവ് സ്വദേശിവത്ക്കരണ പട്ടിക’ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ ഇനങ്ങളും തദ്ദേശീയ സ്രോതസ്സുകളില്‍ നിന്ന് ഡിഫന്‍സ് അക്വിസിഷന്‍ പ്രൊസീജിയര്‍ (DAP) 2020 വ്യവസ്ഥകള്‍ പ്രകാരം സംഭരിക്കുന്നതാണ്.
 
വ്യവസായ മേഖല ഉള്‍പ്പെടെയുള്ള പങ്കാളികളുമായി നിരന്തര കൂടിയാലോചനകള്‍ക്ക് ശേഷമാണ് നാലാമത്തെ പട്ടിക പ്രതിരോധ മന്ത്രാലയം (MoD) തയ്യാറാക്കിയത്. വികസന ഘട്ടത്തിലുള്ളതും അടുത്ത അഞ്ചോ പത്തോ വര്‍ഷത്തിനുള്ളില്‍ ഓര്‍ഡര്‍ നല്‍കി സംഭരിക്കാവുന്നതുമായ  ഉപകരണങ്ങള്‍/സംവിധാനങ്ങള്‍ എന്നിവ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
 
ആദ്യത്തെ മൂന്ന് ലിസ്റ്റുകള്‍ പോലെ, നിരന്തര ആവശ്യകതയുള്ള വെടിയുണ്ടയുടെയും മറ്റും ഇറക്കുമതിക്ക് പകരം ആഭ്യന്തര സംഭരണത്തിന് പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ശേഷിയും വൈദഗ്ധ്യവും നാലാമത്തെ പട്ടിക വ്യക്തമാക്കുന്നു. കൂടാതെ സാങ്കേതികവിദ്യയിലും ഉത്പാദനത്തിലും പുതിയ നിക്ഷേപം ആകര്‍ഷിക്കുന്നതിലൂടെ ആഭ്യന്തര ഗവേഷണത്തിന്റെയും വികസനത്തിന്റെയും സാധ്യതകള്‍ വര്‍ദ്ധിക്കാനും സാധ്യതയുണ്ട്.
 
‘നാലാമത്തെ പോസിറ്റീവ് സ്വദേശിവല്‍ക്കരണ പട്ടിക’യില്‍ വ്യക്തമാക്കിയിരിക്കുന്ന സമയക്രമം  പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വ്യവസായമേഖലയ്ക്ക് സാധ്യമായ എല്ലാ പിന്തുണയും പ്രതിരോധ മന്ത്രാലയം (MoD) നല്‍കുകയും തദ്വാരാ പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയും രാജ്യത്തിന്റെ കയറ്റുമതി ശേഷി സമയബന്ധിതമായി വികസിപ്പിക്കുകയും ചെയ്യും. വിശദ വിവരങ്ങളടങ്ങിയ ലിസ്റ്റ് പ്രതിരോധ മന്ത്രാലയം (MoD) വെബ്‌സൈറ്റില്‍ (www.mod.gov.in) ലഭ്യമാണ്.
 
നാലാമത്തെ പോസിറ്റീവ് സ്വദേശിവത്കരണ ലിസ്റ്റ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: https://static.pib.gov.in/WriteReadData/specificdocs/documents/2022/oct/doc20221019118701.pdf
 
 
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് (MSME), പുനര്‍ വര്‍ഗ്ഗീകരണത്തിന് മുമ്പ് ഉണ്ടായിരുന്ന വിഭാഗത്തില്‍പ്പെട്ട എല്ലാ നികുതി ഇതര ആനുകൂല്യങ്ങളും പുനര്‍ വര്‍ഗ്ഗീകരണ തീയതി മുതല്‍ മൂന്ന് വര്‍ഷത്തേക്ക് തുടര്‍ന്നും ലഭിക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചു
 
ന്യൂ ഡല്‍ഹി: ഒക്ടോബര്‍ 19, 2022
 
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയത്തിന്റെ (MSME) 18.10.2022 തീയതിയിലെ S.O. 4926 (E) പ്രകാരം പ്ലാന്റ്, മെഷിനറി, ഉപകരണങ്ങള്‍, വിറ്റുവരവ് എന്നിവയിലേതെങ്കിലുമോ എല്ലാത്തിലുമോ നിക്ഷേപത്തിന്റെ കാര്യത്തില്‍ വര്‍ദ്ധനയുണ്ടാവുകയും പുനര്‍ വര്‍ഗ്ഗീകരണം നടത്തുകയും ചെയ്താലും   എല്ലാ നികുതി ഇതര ആനുകൂല്യങ്ങളും തുടര്‍ന്നും ലഭ്യമാകും. പുനര്‍ വര്‍ഗ്ഗീകരണ തീയതി മുതല്‍ മൂന്ന് വര്‍ഷത്തേക്ക് ആനുകൂല്യങ്ങള്‍ നനല്‍കും.
 
MSME പങ്കാളികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്റെ കീഴിലാണ് തീരുമാനം എടുത്തിരിക്കുന്നത്.
 
രജിസ്റ്റര്‍ ചെയ്തിട്ടുള്ള MSME കള്‍ക്ക് ഉയര്‍ച്ചയും തല്‍ഫലമായി പുനര്‍ വര്‍ഗ്ഗീകരണവും ഉണ്ടായാലും ഒരു വര്‍ഷത്തിന് പകരം മൂന്ന് വര്‍ഷത്തേക്ക് നികുതി ഇതര ആനുകൂല്യങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ MSME  മന്ത്രാലയം അനുവദിക്കും. പൊതു സംഭരണ നയം, കാലതാമസം നേരിട്ട പണമടവുകള്‍ മുതലായവ ഉള്‍പ്പെടെ സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ നികുതിയേതര ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു.
error: Content is protected !!