Trending Now

രണ്ടു ദിവസം ജില്ലയില്‍ പരിശോധന നടത്തും: ശബരിമല റോഡുകളുടെ സ്ഥിതി മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടു വിലയിരുത്തും

 

konnivartha.com : ശബരിമല റോഡുകളുടെ സ്ഥിതി വിലയിരുത്തുന്നതിന് പത്തനംതിട്ട ജില്ലയില്‍ ഇന്നും(19), നാളെയും(20) പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരിട്ടു സന്ദര്‍ശനം നടത്തും. മന്ത്രിക്കൊപ്പം എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഉണ്ടാകും.

ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളിലാകും പരിശോധന നടത്തുക. റോഡുകളുടെ നിലവിലെ സ്ഥിതി, നവീകരണ പുരോഗതി എന്നിവ പരിശോധിക്കും. ശബരിമല തീര്‍ഥാടനം തുടങ്ങുന്നതിനു മുന്‍പ് റോഡുകളുടെ നവീകരണം മികച്ച നിലവാരത്തില്‍ പൂര്‍ത്തിയാക്കുകയാണ് മന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം.

സന്ദര്‍ശന ഷെഡ്യൂള്‍: ഉച്ചയ്ക്ക് 12.30 ന് പുനലൂര്‍ – പത്തനാപുരം റോഡ് സന്ദര്‍ശനം. ഉച്ചകഴിഞ്ഞ് രണ്ടിന് ഏനാദിമംഗലം, കലഞ്ഞൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുടുത്ത കോട്ടഭാഗം -കലഞ്ഞൂര്‍-ഇളമണ്ണൂര്‍ കിന്‍ഫ്ര- ചായലോട് റോഡ് ഉദ്ഘാടനം ഏനാദിമംഗലം പുതങ്കര ജംഗ്ഷനില്‍ നിര്‍വഹിക്കും. 2.30 ന് പുനലൂര്‍ – പത്തനാപുരം – മൈലപ്ര റോഡ് സന്ദര്‍ശനം. 3.30ന് 16 കോടി രൂപ വിനിയോഗിച്ച് ആധുനിക രീതിയില്‍ നിര്‍മിക്കുന്ന മലയാലപ്പുഴയിലെ വിവിധ റോഡുകളുടെ നിര്‍മാണ ഉദ്ഘാടനം മലയാലപ്പുഴ ജംഗ്ഷനില്‍ നിര്‍വഹിക്കും. 3.45 ന് മണ്ണാറകുളഞ്ഞി- വടശേരിക്കര – പൂവത്തുംമൂട്- പ്ലാപ്പള്ളി- ചാലക്കയം – പമ്പ റോഡും വൈകുന്നേരം 6.30 ന് പ്ലാപ്പള്ളി- ആങ്ങാമുഴി റോഡും സന്ദര്‍ശിക്കും.

നാളെ(20) രാവിലെ 10.30ന് ഉന്നതനിലവാരത്തില്‍ പുനരുദ്ധരിച്ച റാന്നി നിയോജക മണ്ഡലത്തിലെ അഞ്ചു റോഡുകളുടെ ഉദ്ഘാടനം റാന്നി ഐത്തല പാലം ജംഗ്ഷനില്‍ നിര്‍വഹിക്കും. കുമ്പളാംപൊയ്ക-ഉതിമൂട്-പേരൂച്ചാല്‍ ശബരിമല വില്ലേജ് റോഡ്, റാന്നി ഔട്ടര്‍ റിംഗ് റോഡ്, ഇട്ടിയപ്പാറ-കിടങ്ങമ്മൂഴി റോഡ്, റാന്നി- കുമ്പളന്താനം റോഡ്, മുക്കട-ഇടമണ്‍ റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുക. രാവിലെ 11 ന് റാന്നി- കോഴഞ്ചേരി- തിരുവല്ല റോഡും ഉച്ചയ്ക്ക് രണ്ടിന് പന്തളം- കൈപ്പട്ടൂര്‍ വഴി പത്തനംതിട്ട റോഡും സന്ദര്‍ശിക്കും. വൈകുന്നേരം നാലിന് പത്തനംതിട്ട കളക്ടറേറ്റില്‍ അവലോകന യോഗം ചേരും. തുടര്‍ന്ന് വൈകുന്നേരം അഞ്ചിന് കളക്ടറേറ്റില്‍ വാര്‍ത്താസമ്മേളനം നടത്തും.