konnivartha.com : മലയാലപ്പുഴയിലെ മന്ത്രവാദ ചികിത്സാ കേന്ദ്രമായ ‘വാസന്തിയമ്മമഠം’ യുവജനസംഘടനകള്‍ അടിച്ചുതകര്‍ത്തു.ഇവിടെ മന്ത്രവാദചികിത്സ നടത്തുന്നതിനിടെ ഒരു കുട്ടി കുഴഞ്ഞുവീണതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഡി.വൈ.എഫ്.ഐ, കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
കെട്ടിടത്തിന്റെ ചിലഭാഗങ്ങള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. വിളക്കുകളും മറ്റും തകര്‍ത്തിട്ടുണ്ട്. പിന്നീട് പോലീസെത്തി മന്ത്രവാദ ചികിത്സ നടത്തിയിരുന്ന വാസന്തിയെന്ന ശോഭനയേയും ഭര്‍ത്താവിനേയും കസ്റ്റഡിയിലെടുത്തു. മലയാലപ്പുഴ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ പൊതീപാട് എന്ന സ്ഥലത്താണ് വാസന്തിയമ്മമഠം സ്ഥിതിചെയ്തിരുന്നത്. ആറ് വര്‍ഷത്തോളമായി ഇത് ഇവിടെ പ്രവര്‍ത്തിക്കുന്നു
മലയാലപ്പുഴയിലെ വാസന്തി മഠത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തിയ മന്ത്രവാദിനിയെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
നാട്ടുകാർക്കിടയിലൂടെ വീടിന് പുറത്ത് ഇറക്കി നടത്തി കൊണ്ടുപോകണമെന്ന് നാട്ടുകാരും പ്രതിഷേധക്കാരും ആവശ്യപ്പെട്ടു. തുടർന്ന് പൊലീസ് മന്ത്രവാദിനിയെയും സഹായിയെയും നാട്ടുകാർക്കിടയിലൂടെയാണ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്
കൂടുതൽ ചോദ്യം ചെയ്യുമെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. സ്ഥാപനം അടിയന്തരമായി അടച്ചുപൂട്ടും. കുട്ടികളെ ഇരയാകാൻ അനുവദിക്കില്ല, കർശന നടപടിയെടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.സ്ഥാപനം പൂട്ടുന്നത് വരെ നിരന്തരം സമരം ഉണ്ടാകുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.
മഠത്തിന് മുന്നിൽ പ്രതിഷേധവുമായി വിവിധ യുവജന സംഘടനകൾ ഇപ്പോഴും ഉണ്ട്. ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് ബിജെപി പാർട്ടികളുടെ യുവജനസംഘടനകളാണ് പ്രതിഷേധവുമായി വാസന്തി മഠത്തിൽ എത്തിയത്ഇവരെ എതിർക്കുന്ന നാട്ടുകാരെയൊക്കെ ഭീഷണിപ്പെടുത്തുകയും വീടിനുമുൻപിൽ പൂവ് ഇടുകയും ചെയ്യുകയാണ്. കൂടാതെ നാല്പത്തിയൊന്നാം ദിവസം മരിച്ചുപോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാർ പറഞ്ഞു. മാത്രമല്ല നാട്ടുകാരെ ഭീഷണിപ്പെടുത്താൻ ഗുണ്ടകളെ ഉപയോഗിക്കുകയും ചെയ്യുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണത്തിന് വരുമ്പോൾ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയാണെന്ന് നാട്ടുകാർ പറഞ്ഞു.