konnivartha.com : ജില്ലയില്‍ ഡിജിറ്റല്‍ സര്‍വേ നടക്കുന്ന വില്ലേജുകളില്‍ ഗ്രാമസഭകളുടെ മാതൃകയില്‍ സര്‍വേ സഭകള്‍ രൂപീകരിച്ച് ബോധവത്കരണം നടത്തും. ഗ്രാമസഭകളുടെ മാതൃകയില്‍ വാര്‍ഡ് തലത്തില്‍ സര്‍വേ സഭകള്‍ രൂപവത്കരിച്ച് ഡിജിറ്റല്‍ സര്‍വേയുടെ ലക്ഷ്യങ്ങള്‍ ജനങ്ങളിലെത്തിക്കണമെന്ന റവന്യു മന്ത്രി കെ. രാജന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍വേ സഭകള്‍ രൂപീകരിക്കുന്നത്. എല്‍എ ഡെപ്യൂട്ടി കളക്ടര്‍ ബി. ജ്യോതിയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന ഡിജിറ്റല്‍ സര്‍വേ നടപ്പാക്കുന്നതു സംബന്ധിച്ച സമിതിയുടെ പ്രതിമാസ അവലോകന യോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തി.
ഡിജിറ്റല്‍ സര്‍വേ നടക്കുന്ന 12 വില്ലേജുകളിലെ ജന പങ്കാളിത്തം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് വാര്‍ഡ് തലത്തില്‍ ബോധവത്ക്കരണം നടത്തുന്നത്. ഒക്ടോബര്‍ 12 മുതല്‍ 25 വരെ എല്ലാ വാര്‍ഡുകളിലും സര്‍വേ സഭകള്‍ നടത്തി ബോധവത്ക്കരണ ക്ലാസിലൂടെ ജനങ്ങളെ അവബോധമുള്ളവരാക്കുന്നതിന് റിസോഴ്‌സ് പേഴ്‌സണുകളെ തിരഞ്ഞെടുത്തിട്ടുണ്ട്. തുടര്‍ന്ന് ഡിജിറ്റല്‍ സര്‍വേ നടപടികളുടെ രണ്ടാംഘട്ടം നവംബറില്‍ ആരംഭിക്കും. ഡിജിറ്റല്‍ സര്‍വേയുടെ ഒന്നാം ഘട്ടത്തില്‍ ജില്ലയിലെ റാന്നി, കോന്നി, കോഴഞ്ചേരി താലൂക്കുകളിലെ വില്ലേജുകളെയാണ് തിരഞ്ഞെടുത്തിരുന്നത്.
കോഴഞ്ചേരി താലൂക്കിലെ കോഴഞ്ചേരി, ഇലന്തൂര്‍, ചെന്നീര്‍ക്കര, ഓമല്ലൂര്‍ വില്ലേജുകളിലെ ഡ്രോണ്‍ സര്‍വേ ആദ്യ ഘട്ടം പൂര്‍ത്തിയായി. കോന്നി താലൂക്കില്‍ വള്ളിക്കോട് വില്ലേജിലെ ഡ്രോണ്‍ സര്‍വേ നടന്നു കൊണ്ടിരിക്കുന്നു.
ഇത്പൂര്‍ത്തിയായതിന് ശേഷം മൈലപ്ര, പ്രമാടം വില്ലേജുകളിലും ആരംഭിക്കും. വനപ്രദേശമായതിനാല്‍ കോന്നി താഴം, തണ്ണിത്തോട്, റാന്നി താലൂക്കിലെ അത്തിക്കയം, ചേത്തക്കല്‍ വില്ലേജുകളില്‍ ഡ്രോണ്‍ സര്‍വേ സാധ്യമല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ റ്റി. ജയശീ, സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ പ്രഭാമണി, ജില്ലാ സര്‍വേ സൂപ്രണ്ട് റ്റി.പി സുദര്‍ശനന്‍ സര്‍വേ സൂപ്രണ്ടുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.