konnivartha.com : കിടപ്പുരോഗിയായ വയോധികൻ ആരും സഹായത്തിനില്ലാത്ത നരകിച്ചുകഴിഞ്ഞത് അറിഞ്ഞപോലീസ് രക്ഷകരായെത്തി. പൊതീപ്പാട്
വട്ടമൺകുഴി സദാനന്ദ (70) നാണ് മലയാലപ്പുഴ പോലീസിന്റെ സഹായത്താൽ രക്ഷ കൈവന്നത്.
സദാനന്ദന്റെ ദയനീയ സ്ഥിതി അറിഞ്ഞ മലയാലപ്പുഴ ഇൻസ്‌പെക്ടർ വിജയന്റെ
നിർദേശാനുസരണം ജനമൈത്രി ബീറ്റ് ഓഫീസർമാരായ മനോജ് സി കെ, അരുൺ രാജ് എന്നിവർ സ്ഥലത്തെത്തി വിവരങ്ങൾ തിരക്കി. തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ, ഇ എം എസ് ചാരിറ്റിബിൾ സൊസൈറ്റി അധികൃതരുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ധരിപ്പിച്ചു.
സഹായവാഗ്ദാനം ഉറപ്പ് നൽകിയ സൊസൈറ്റി ചെയർമാൻ ശ്യാം ലാൽ, മലയാലപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി, സൊസൈറ്റി വോളന്റിയർമാരായ മിഥുൻ ആർ നായർ, അജിത്, നിഖിൽ, വാർഡ് അംഗങ്ങളായ മഞ്ചേഷ് , ബിജു പുതുക്കുളം, രജനീഷ്, ജനമൈത്രി സമിതി അംഗം വിനോദ് പുളിമൂട്ടിൽ, എന്നിവർക്കൊപ്പം ഞായറാഴ്ച്ച വീട്ടിലെത്തുകയും
പാലിയേറ്റീവ് നേഴ്സ് കാവ്യാ, ആശാവർക്കർ ആശ എന്നിവരുടെ സേവനം ലഭ്യമാക്കുകയും ചെയ്തു.തുടർന്ന് വയോധികന്റെ ചികിത്സയും സംരക്ഷണവും സൊസൈറ്റി ഏറ്റെടുക്കുകയും ചെയ്തു.
സദാനന്ദനെ ഭാര്യ വർഷങ്ങൾക്കുമുമ്പ് ഉപേക്ഷിച്ചുപോയതാണ്, അന്നുമുതൽ ഒറ്റയ്ക്ക് ഈ വീട്ടിൽ കഴിഞ്ഞുവരികയാണ്. സഹോദരിയും മക്കളും അടുത്ത് താമസിക്കുന്നുണ്ടെങ്കിലും, സുഖമില്ലാതെ കിടപ്പാണ്.
ഇവരുടെ മൂന്ന് മക്കളിൽ രണ്ടുപേരും സുഖമില്ലാത്തവരാണ്, ഒരാൾ കാര്യമായ സഹായം ലഭ്യമാക്കാൻ ശേഷിയില്ലാത്തയാളും. നാട്ടുകാർ വല്ലപ്പോഴും നൽകിവന്ന ചെറു സഹായങ്ങൾ രോഗിയായ സദാനന്ദന് ആശ്വാസമായിരുന്നത്. ആവശ്യമായ ചികിത്സ കിട്ടാതെ നരകിച്ചുകഴിഞ്ഞ വയോധികന് ഇപ്പോൾ പോലീസ് മുൻകയ്യെടുത്തതോടെ രക്ഷ കൈവന്നിരിക്കുകയാണ്.