
konnivartha.com : ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പേരിൽ വ്യാജ നിയമന ഉത്തരവുകൾ നൽകുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ.എം രാജഗോപാലൻ നായർ പറഞ്ഞു. സുതാര്യമായ രീതിയിൽ മികച്ച സുരക്ഷിതത്വത്തോടെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന പരീക്ഷയും തുടർന്ന തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിനെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സമൂഹത്തിൽ വ്യാപകമായ വ്യാജപ്രചാരണവും തട്ടിപ്പുകളും നടക്കുന്നതായി ചെയർമാൻ ആരോപിച്ചു.
ദേവസ്വം ബോർഡിന്റെ വിവിധ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് പണം തട്ടുന്ന നാലോളം കേസുകൾ നിലവിലുണ്ട്.ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ലെറ്റർ ഹെഡും സീലും രേഖകളും വരെ വ്യാജമായി തയ്യാറാക്കിയാണ് തട്ടിപ്പുകാർ ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്നത്.കേസുകളിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.സംസ്ഥാനത്തിന് പുറത്തും ഇത്തരം വ്യാജസംഘങ്ങൾ പ്രവർത്തിക്കുന്നതായി സൂചനകളുണ്ട്.
ദേവസ്വം ബോർഡിന്റെ ഒഴിവുകളിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നത് മുതൽ നിയമനശിപാർശ നൽകുന്നത് വരെയുള്ള വിവരങ്ങൾ ദേവജാലിക സോഫ്റ്റ്വെയറിലൂടെ ലഭിക്കും. 2016ൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഈ പോർട്ടലിൽ 4,72,602 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്താകെ വിജ്ഞാപനം ചെയ്ത 84 തസ്തികകളിൽ 77 എണ്ണത്തിൽ റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിൽ 1308 ഉദ്യോഗാർത്ഥികൾക്ക് നിയമന ശിപാർശ നൽകിയിട്ടുണ്ട്. ശാന്തിക്കാരുൾപ്പെടെയുള്ള ക്ഷേത്ര ജീവനക്കാരുടെ തസ്തികകളിലേക്കും എൻജിനിയർ, മെഡിക്കൽ ഓഫീസർ തുടങ്ങിയ സാങ്കേതിക തസ്തികകളിലേക്ക് ഒഎംആർ പരീക്ഷയ്ക്കൊപ്പം ഇന്റർവ്യു മാർക്ക് കൂടി പരിഗണിച്ചാണ് നിയമനം നടത്തുന്നത്. നിയമനം വരെയുള്ള ഓരോ ഘട്ടവും രഹസ്യസ്വഭാവത്തോടു കൂടിയാണ് റിക്രൂട്ട്മെന്റ് ബോർഡ് കൈകാര്യം ചെയ്യുന്നത്. കേരളത്തിലെ അഞ്ച് ദേവസ്വം ബോർഡുകളിലെയും നിയമനങ്ങൾ കഴിഞ്ഞ ആറ് വർഷക്കാലമായി സുതാര്യവും സത്യസന്ധവുമായ രീതിയിലാണെന്നും ഉദ്യോഗാർത്ഥികളും രക്ഷകർത്താക്കളും വ്യാജവാഗ്ദാനങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കണം