Trending Now

കോന്നി  മണ്ഡലത്തില്‍ തെരുവ് നായ്ക്കള്‍ക്ക് തിങ്കളാഴ്ച മുതല്‍ വാക്‌സിന്‍ നല്‍കും

 

konnivartha.com : കോന്നി നിയോജക മണ്ഡലത്തില്‍ തെരുവ് നായ്ക്കള്‍ക്ക് തിങ്കളാഴ്ച മുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. നിയോജക മണ്ഡലത്തിലെ തെരുവ് നായ പ്രശ്‌നത്തിന് പരിഹാരം കാണുന്നതു സംബന്ധിച്ച് എംഎല്‍എയുടെ അധ്യക്ഷതയില്‍ കോന്നി താലൂക്കില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.

തെരുവുനായ്ക്കളെ പിടിച്ച് വാക്‌സിന്‍ നല്‍കുന്നതിനായി തിങ്കളാഴ്ച മണ്ഡലത്തില്‍ എത്തുന്ന ടീം പഞ്ചായത്തുകള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് പ്രവര്‍ത്തനം ആരംഭിക്കും. പഞ്ചായത്ത്, മൃഗസംരക്ഷണം, ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി എല്ലാ സ്‌കൂളുകളിലും ഈ മാസം 25 ന് അകം പേവിഷബാധ സംബന്ധിച്ച് ബോധവത്ക്കരണം പൂര്‍ത്തിയാക്കും.

 

ഈ മാസം 20 ന് മുമ്പായി സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം തദ്ദേശ സ്വയം ഭരണ സമിതികള്‍ രൂപീകരിക്കും. വളര്‍ത്തുനായ്ക്കളുടെ വാക്‌സിനേഷന്‍ മണ്ഡലത്തില്‍ പുരോഗമിക്കുന്നുണ്ടെന്നും ഈ മാസം 30 ന് അകം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെ നടത്തണമെന്നും എംഎല്‍എ പറഞ്ഞു. വാക്‌സിന്‍ കുറവുള്ള പഞ്ചായത്തുകള്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ വാങ്ങാന്‍ നിര്‍ദേശവും നല്‍കി.

 

തെരുവുനായ്കളെ പിടിക്കുന്നതിനുള്ള പരിശീലനം ഒരു പഞ്ചായത്തില്‍ അഞ്ച് പേര്‍ക്ക് വീതം നല്‍കും. ബ്ലോക്ക് തലത്തില്‍ എബിസി സെന്ററും എല്ലാപഞ്ചായത്തിലും അഭയകേന്ദ്രവും ആരംഭിക്കും. അലഞ്ഞു നടക്കുന്ന തെരുവുനായ്ക്കള്‍ക്ക് വാക്‌സിന്‍ നല്‍കിയ ശേഷം ഇത്തരം അഭയ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ. ജ്യോതീഷ് ബാബു, ഡെപ്യൂട്ടി ഡി എം ഒ(ആരോഗ്യം) ഡോ. സി.എസ്. നന്ദിനി, എഡിപി സി. അലക്‌സ്, കോന്നി തഹസില്‍ദാര്‍ എല്‍. കുഞ്ഞച്ചന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!