Trending Now

പൗരാണികതയിൽ മുന്നിൽ നിൽക്കുന്ന പള്ളികള്‍

 

പുതുപ്പള്ളി പള്ളി

കേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ് കോട്ടയം ജില്ലയിൽ പുതുപ്പള്ളി – ചങ്ങനാശ്ശേരി പാതയിൽ പുതുപ്പള്ളി കവലയിൽ നിന്നും ഒരു കിലോമീറ്റർ അകലെ കോടൂരാറിന്റെ സമീപമുള്ള സെന്റ്.ജോർജ്ജ് ഓർത്തഡോക്സ് പള്ളി (പുതുപ്പള്ളി പള്ളി). ഈ പള്ളിക്ക് ഏകദേശം നാലര നൂറ്റാണ്ട് പഴക്കമുണ്ട്. 1557-ൽ ആണു പരിശുദ്ധ മാതാവിന്റെ നാമത്തിൽ ഈ പള്ളി സ്ഥാപിക്കപ്പെടുന്നത്. 1640-ൽ പരിശുദ്ധ ബഹനം സഹദായുടെ നാമത്തിൽ ഈ പള്ളി പൊളിച്ചു പണിയുകയുണ്ടായി. 1750-ൽ പരിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിൽ വീണ്ടും കൂദാശ ചെയ്തു. 2003-ൽ പ്രധാന പള്ളിയുടെ രൂപത്തിന് കാര്യമായ മാറ്റം വരുത്താതെ നവീകരിച്ചതോടെ ഇത് 3 പള്ളികളുടെ ഒരു കൂട്ടമായി തീർന്നു.

പുതുപ്പള്ളി ചങ്ങനാശ്ശേരി റോഡിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്.

വിശുദ്ധ ഗീവർഗ്ഗീസിന്റെ നാമധേയത്തിലുള്ള കേരളത്തിലെ പള്ളികളിൽ പൗരാണികതയിൽ മുന്നിൽ നിൽക്കുന്ന പള്ളികളിൽ ഒന്നാണ് പുതുപ്പള്ളി പള്ളി. മേടം 15-24 വരെയാണ് ഇവിടുത്തെ പ്രധാന പെരുന്നാൾ. പുതുപ്പള്ളി പള്ളിയിലെ പൊന്നിൻ കുരിശും വെച്ചൂട്ടു സദ്യയും പ്രസിദ്ധമാണ്. കൊടിയേറ്റ് എന്ന ചടങ്ങും നടക്കാറുണ്ട്. പ്രധാന പെരുന്നാൾ ദിവസം ചോറും അപ്പവും കോഴിയും നേർച്ചയായി പള്ളിയിൽ വരുന്ന സകല വിശ്വാസികൾക്കും നൽകാറുണ്ട്. സ്വർണ്ണക്കുരിശ് എഴുന്നള്ളത്ത് റാസ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവിടെ ദീപക്കാഴ്ച്ച എന്ന ചടങ്ങുമുണ്ട്.

1557-ൽ തെക്കുംകൂർ രാജാവിന്റെ അനുമതിയോടെ സ്ഥാപിച്ച കുരിശു പള്ളിയായിരുന്നു പുതുപ്പള്ളിയിലെ ആദ്യപള്ളി .ഇതു വിശുദ്ധ മറിയത്തിന്റെ നാമധേയത്തിലുള്ളതായിരുന്നു. ഈ പള്ളി വാഴക്കുളം ക്ഷേത്രത്തിന് സമീപമായിരുന്നു. 1640-ൽ പള്ളി ഇന്നിരിക്കുന്ന ഇളംതുരുത്തി കുന്നിലേക്ക് വിശുദ്ധ ബഹനാൻ സഹദായുടെ നാമധേയത്തിൽ മാറ്റി സ്ഥാപിക്കപ്പെട്ടു. ഉദയപേരൂർ സുന്നഹദോസിനെ തുടർന്നുള്ള ലത്തീൻ ഭരണമാണ് മലങ്കരയിൽ നിലവിലിരുന്നത്. ഒരു നൂറ്റാണ്ടിനു ശേഷം 1750-ൽ ഈ പള്ളിയുടെ പ്രധാന ഭാഗങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ പുനരുദ്ധരിച്ചെടുത്ത് വിശുദ്ധ ഗീവർഗീസിന്റെ പ്രധാന നാമധേയത്തിലാക്കി. ഈ വലിയ പള്ളിയുടെ കാലം ആയപ്പോഴേക്കും കൂനൻ കുരിശു പ്രതിജ്ഞയിലൂടെ ലത്തീൻ അധികാരത്തിൽ നിന്ന് വിമുക്തമായ മലങ്കര സഭയുടെ അന്നത്തെ തലവനായിരുന്ന മാർത്തോമാ അഞ്ചാമനായിരുന്നു വിശുദ്ധ ഗീവർഗീസിന്റെ നാമധേയം സ്വീകരിക്കുവാൻ അനുവാദം നൽകിയത്.

2003-ൽ ഈ പള്ളി വിശുദ്ധ ഗീവർഗീസിന്റെ നാമത്തിലുള്ള പ്രധാനപള്ളിയും തൊട്ടുചേർന്ന് ഇരുവശങ്ങളിലായി വിശുദ്ധ മറിയാമിന്റെയും വിശുദ്ധ ബഹനാന്റെ നാമത്തിലുള്ള ചാപ്പലുകളും ചേർന്നരീതിയിൽ വിപുലമായ രീതിയിൽ പുനർനിർമ്മിച്ചു. ഈ ദേവാലയ സമുച്ചയത്തിൽ ഇപ്പോൾ ഒൻപത് മദ്ബഹ(അൾത്താര)കളുണ്ട്. വിശുദ്ധ ഗീവർഗീസിന്റെ നാമത്തിലുള്ള പള്ളിയുടെ പ്രധാന മദ്‌ബഹ അദ്ദേഹത്തിന്റെയും ഇരുവശങ്ങളിലുമുള്ളവ തോമാശ്ലീഹയുടെയും പരുമലതിരുമേനിയുടെയും നാമങ്ങളിലുമുള്ളവയുമാണ്. വിശുദ്ധ മറിയമിന്റെ നാമത്തിലുള്ള ചാപ്പലിന്റെ പ്രധാന മദ്‌ബഹ മറിയമിന്റെയും ഇരുവശങ്ങളിലുള്ളവ മർത്ത യൂലിത്തിയുടെയും മർത്ത ശ്മൂനിയുടെയും നാമങ്ങളിലുമുള്ളവയാണ്. വിശുദ്ധ ബഹനാന്റെ നാമത്തിലുള്ള ചാപ്പലിന്റെ പ്രധാന മദ്ബഹ അദ്ദേഹത്തിന്റെയും ഇരുവശങ്ങളിലുമുള്ളവ വട്ടശ്ശേരിൽ തിരുമേനിയുടെയും പാമ്പാടി തിരുമേനിയുടെയും നാമങ്ങളിലുമുള്ളവയാണ്.

2007-ൽ ബസേലിയോസ് ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ ഈ ദേവാലയത്തെ പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു.

മണർകാട് പള്ളി

കേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ തീർത്ഥാടന കേന്ദ്രമാണ് കോട്ടയം ജില്ലയിൽ മണർകാടുള്ള വിശുദ്ധ മർത്തമറിയം കത്തീഡ്രൽ (St. Mary’s Cathedral) അഥവാ മണർകാട് പള്ളി. സെപ്റ്റംബർ 1 മുതൽ 8 വരെ വിശുദ്ധ മറിയാമിന്റെ ജനനത്തിന്റെ സ്മരണ കൊണ്ടാടുന്ന എട്ടുനോമ്പ് ആചരണമാണ് ഇവിടുത്തെ ഏറ്റവും പ്രധാന പെരുന്നാൾ. ഈ കാലയളവിൽ ധാരാളം ഭക്തജനങ്ങൾ ഇവിടെയെത്താറുണ്ട്.

പള്ളിയിൽ കാണുന്ന ശിലാലിഖിതങ്ങൾ പ്രകാരം 1000 വർഷം മുമ്പ് സ്ഥാപിച്ചതാണ് ഈ ദേവാലയം.ആദ്യം പനമ്പിലും മുളയിലും പണിയപ്പെട്ടിരുന്ന ഈ ദേവാലയം പല പ്രാവശ്യം പുതുക്കി പണിയുകയും നവീകരിക്കുകയും ചെയ്തിട്ടുണ്ട്. പള്ളിയുടെ ഹൈക്കാലായിൽ സ്ഥാപിച്ചിട്ടുള്ള ശിലാലിഖിതങ്ങൾ പഴക്കത്തിന് സാക്ഷ്യമാണ്. പുരാതന ലിപിയായ നാനം മോനം (വട്ടെഴുത്ത്) സമ്പ്രദായത്തിൽ എഴുതിയിട്ടുള്ള ഈ ശിലാലിഖിതങ്ങൾ എ.ഡി 910-ലും 920-ലും ദേവാലയത്തിനുള്ളിൽ ഒരോ കബറിടങ്ങളിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള സ്മാരകഫലകങ്ങളാണെന്ന് പുരാവസ്തു ഗവേഷകർ കണ്ടെത്തുകയുണ്ടായി. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് മാതൃകയിൽ പൊളിച്ചു പണിതു. ഇപ്പോൾ ഉള്ള ദേവാലയത്തിന്റെ പണി 1954-ൽ പൂർത്തീകരിച്ചു. വിശുദ്ധ മറിയാമിന്റേതെന്ന് വിശ്വസിക്കപ്പെടുന്ന അരക്കച്ച(സുനോറോ)യുടെ അംശം1982-ൽ അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ ബാവാ ഈ പള്ളിയിൽ സ്ഥാപിച്ചു. മദ്ബഹായോട് ചേർന്ന് പ്രതിഷ്ഠിച്ചിരിക്കുന്ന സുനോറോ വണങ്ങാൻ എല്ലാ ദിവസവും അവസരമുണ്ട്.2004-ൽ പാത്രിയർക്കീസ് ബാവാ ഈ പള്ളിയെ കത്തീഡ്രൽ സ്ഥാനത്തേക്ക് ഉയർത്തുകയും ആഗോള മരിയൻ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു. പന്ത്രണ്ട് കരകളിലായി 2500 കുടുംബങ്ങൾ ഈ ദേവാലയത്തിലുണ്ട്.

ഇവിടുത്തെ മണിമാളിക 1972-ൽ നിർമ്മിച്ചതാണ്. 72 അടി ഉയരവും 600 കിലോ ഭാരവുള്ള മണി 2008-ൽ ഉടച്ചുവാർത്തു. പള്ളിമേടയുടെ മുകളിൽ പള്ളിയുടേയും സഭയുടേയും ദേശത്തിന്റെയും ചരിത്രം വെളിവാക്കുന്ന രേഖകൾ, പുരാവസ്തുക്കൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്നു.

മണർകാട് പള്ളിയുടെ പടിഞ്ഞാറ് വശത്തായുള്ള കൽക്കുരിശിന് പള്ളിയോളം പഴക്കമുള്ളതായി കരുതപ്പെടുന്നു. മുകളിൽ കാണുന്ന അത്രയും നീളം താഴേക്കുമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ കുരിശുമായി ബന്ധപ്പെട്ട് ധാരാളം ഐതിഹ്യങ്ങളും നിലവിലുണ്ട്. അവയിലൊന്ന് ഈ കുരിശിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ടതാണ്. ഇത്ര വലിയ കൽക്കുരിശ് ഉയർത്തുന്നതിന് ആനയുടെ സഹായം ആവശ്യമുണ്ടായിരുന്നതിനാൽ ആറ് കിലോമീറ്റർ അകലെ പുതുപ്പള്ളിയിലുണ്ടായിരുന്ന ആനയെ കൊണ്ടുവരാൻ പള്ളി അധികാരികൾ താത്പര്യപ്പെട്ടെങ്കിലും ഉടമ ആനയെ വിട്ടുകൊടുത്തില്ല. നിരാശരായി മടങ്ങിയെത്തിയ പള്ളിയുടെ ചുമതലക്കാർ, കരിശ് സ്ഥാപിക്കാൻ വേണ്ടി നിർമ്മിച്ച കുഴിയിൽ കുരിശു നിവർന്നു നിൽക്കുന്നതും തങ്ങൾ അന്വേഷിച്ചുപോയ ആന കുരിശിനു ചുവട്ടിൽ കൊമ്പുകുത്തി നിൽക്കുന്നതു കണ്ടു ആശ്ചര്യപ്പെട്ടുവെന്നും ചങ്ങലപൊട്ടിച്ച് ഓടിയെത്തിയ ആനയെ ഉടമ എത്തി തിരികെ കൊണ്ടുപോയി എന്നുമാണ് ഐതിഹ്യം.പള്ളിയുടെ വടക്കും പടിഞ്ഞാറുമായി ഉള്ള രണ്ട് കുളങ്ങൾ യഥാക്രമം സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ക്രമീകരിച്ചിരിക്കുന്നു. ഈ കുളങ്ങളിൽ കുളിച്ച് ഈറനോടെ കുരിശടിയിലെത്തി പ്രാർത്ഥിക്കുന്നത് അനുഗ്രഹകരമായി വിശ്വാസികൾ കരുതുന്നു. നോമ്പു കാലത്ത് എത്തുന്നവരിലേറെയും ഈ കുളങ്ങളിൽ കുളിച്ചു കയറി കുരിശിനു ചുവട്ടിൽ ചുറ്റുവിളക്കുകൾ കത്തിക്കാറുണ്ട്.ലങ്കര സഭയിൽ നവീകരണാധിപത്യമേറിയപ്പോൾ പ്രധാന പള്ളിക്ക് കിഴക്ക് വശത്തുള്ള വഴിയുടെ മുകളിലായി (കരോട്ടായിട്ട്) സ്ഥാപിക്കപ്പെട്ട ചെറിയ പള്ളിയാണ് കരോട്ടെ പള്ളി എന്നറിയപ്പെടുന്നത്. വി.ഗീവർഗീസ് സഹദായുടെ നാമധേയത്തിലുള്ള ഈ പള്ളി കൊല്ലവർഷം 1056-ന് ശേഷം പണിയപ്പെട്ടതായി കരുതപ്പെടുന്നു. 1993-ൽ ഈ പള്ളി പുനരുദ്ധരിച്ചു. വെള്ളി, ശനി ദിവസങ്ങളിലൊഴികെ ഇവിടെ കുർബ്ബാന നടത്തപ്പെടുന്നു. ശവസംസ്കാരശുശ്രൂഷകളും ഈ പള്ളിയിലാണ് നടത്തപ്പെടുന്നത്. പള്ളി സെമിത്തേരി, കരോട്ടെപ്പള്ളിയുടെ തെക്കുവശത്തായി സ്ഥിതി ചെയ്യുന്നു

മലങ്കര സഭയിൽ ആദ്യം എട്ടുനോമ്പു ആചരണം ആരംഭിച്ചത് മണർകാട് പള്ളിയിലാണ് എന്നു വിശ്വസിക്കപ്പെടുന്നു. 1836-ൽ ഈ പള്ളിയിലെ എട്ടുനോമ്പ് കാലത്ത് നവീകരണ ലക്ഷ്യങ്ങളോടെ സന്ദർശനം നടത്തിയ റവ. ജോസഫ് പീറ്റ് എന്ന ആംഗ്ലിക്കൻ മിഷണറി ധാരാളം വിശ്വാസികൾ നോമ്പനുഷ്ഠിച്ചു കൊണ്ട് പള്ളിയിൽ തന്നെ താമസിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.മുഖ്യമായും അരിയും ശർക്കരും തേങ്ങയും ചേർത്തുണ്ടാക്കുന്ന പാച്ചോർ, പെരുന്നാളിന്റെ എട്ടാം നാൾ നടക്കുന്ന ഒരു നേർച്ചയാണ്. അതുപോലെ എട്ടുനോമ്പ് കാലത്ത് ഉപവാസമിരിക്കുന്ന മുഴുവൻ ഭക്തജനങ്ങൾക്കും എല്ലാ ദിവസവും ഉച്ചയ്ക്കും വൈകുന്നേരവും നേർച്ചകഞ്ഞി നൽകി വരുന്നു

 

ഇന്‍പുട്ട് : വിക്കിപീഡിയ

error: Content is protected !!