konnivartha.com
പേവിഷ പ്രതിരോധത്തിന് തീവ്രയജ്ഞ പരിപാടിയുമായി മൃഗസംരക്ഷണ വകുപ്പ്
പേവിഷബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ വളര്‍ത്തു നായ്ക്കള്‍ക്കും, തെരുവ് നായ്ക്കള്‍ക്കും, പൂച്ചകള്‍ക്കും പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്ന തീവ്രയജ്ഞ പരിപാടിയുമായി മൃഗസംരക്ഷണ വകുപ്പ്. പേവിഷനിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും പേവിഷ പ്രതിരോധ കുത്തിവയ്പ്പ് മൃഗസംരക്ഷണ വകുപ്പ് നിര്‍ബന്ധമാക്കി.
ജില്ലയിലെ മുഴുവന്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്കും വളര്‍ത്തു നായ്ക്കളുടെ ഉടമകള്‍ സെപ്റ്റംബര്‍ 15-ന് അകം അതത് മൃഗാശുപത്രിയുമായി ബന്ധപ്പെട്ട്, പേവിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ്പ് നല്‍കണം.
കുത്തിവയ്പ്പിന് ശേഷം മൃഗാശുപത്രിയില്‍ നിന്നും പ്രതിരോധ വാക്സിന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പഞ്ചായത്ത്/ നഗരസഭയില്‍ നിന്നും ലൈസന്‍സ് എടുക്കാനുള്ള നടപടി സ്വീകരിക്കണം. പേവിഷ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരുവുനായ്ക്കളെ പിടികൂടി വാക്സിനേഷന്‍ നല്‍കുന്നതിന് താല്‍പര്യമുള്ള ഡോഗ് ക്യാച്ചേഴ്സ്, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, ജന്തുസ്നേഹികള്‍ വ്യക്തികള്‍ എന്നിവര്‍ അതത് മൃഗാശുപത്രി വെറ്റിനറി സര്‍ജന്മാരുമായോ, പത്തനംതിട്ട ജില്ലാതല ജന്തുരോഗ നിവാരണ പദ്ധതി ഓഫീസുമായോ (ഫോണ്‍ നാം. 9447223590, 9400701138, 9447804160) ബന്ധപ്പെടണമെന്ന് പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ. ജ്യോതിഷ് ബാബു അറിയിച്ചു.
ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ എം.ടെക് സീറ്റ് പ്രവേശനം
കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ എഞ്ചിനീയറിംഗ് കോളേജ്, എറണാകുളം (04842575370, 8547005097) www.mec.ac.in, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചെങ്ങന്നൂര്‍ (04792454125, 8547005032) www.ceconline.edu, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കരുനാഗപ്പള്ളി (04762665935, 8547005036) www.ceknpy.ac.in കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചേര്‍ത്തല (04782552714, 8547005038) www.cectl.ac.in), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ (04692678983, 8547005034) www.cek.ac.in, എന്നീ അഞ്ച് എഞ്ചിനീയറിംഗ് കോളേജുകളില്‍ എം.ടെക് കോഴ്‌സുകളിലെ (202223) സ്‌പോണ്‍സേഡ് സീറ്റിലെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ മേല്‍ പറഞ്ഞ കോളേജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) ഓണ്‍ലൈനായി സെപ്റ്റംബര്‍ 13 ന് വൈകിട്ട് നാലു വരെ സമര്‍പ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 600(എസ്.സി/എസ്.ടിക്ക് 300 രൂപ) രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി സെപ്റ്റംബര്‍ 14ന് വൈകുന്നേരം നാലിന് മുമ്പ്, പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റായ www.ihrd.ac.in/ ഇമെയില്‍ [email protected] മുഖാന്തരം ലഭിക്കും.
സ്‌പോട്ട് അഡ്മിഷന്‍
പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) കോളജില്‍ ബി എസ് സി സൈബര്‍ ഫോറെന്‍സിക്‌സ്, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ, എം എസ് സി സൈബര്‍ ഫോറെന്‍സിക്‌സ്, എംഎസ്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 9446302066/ 0468 2224 785.
ധനസഹായത്തിന് അപേക്ഷിക്കാം
സാമൂഹ്യ നീതി വകുപ്പ് പ്രൊബേഷന്‍ ആന്റ് ആഫ്റ്റര്‍ കെയര്‍ പ്രോഗ്രാമുകളുടെ ഭാഗമായി നടപ്പാക്കി വരുന്ന, വിവിധ ധന സഹായ പദ്ധതികളിലേക്ക് അര്‍ഹരായവരില്‍ നിന്നും ഓണ്‍ ലൈനായി അപേക്ഷ ക്ഷണിച്ചു. മുന്‍കുറ്റവാളികള്‍, പ്രൊബേഷണര്‍മാര്‍ എന്നിവര്‍ക്ക് തിരിച്ചടവില്ലാത്ത 15000 രൂപ വീതം തൊഴില്‍ ധനസഹായം അനുവദിക്കും.
അഞ്ച് വര്‍ഷവും അതിലധികവുമായി ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ ആശ്രിതര്‍ക്ക് തിരിച്ചടവില്ലാത്ത 30,000 രൂപ വീതം സ്വയം തൊഴില്‍ ധനസഹായമായി അനുവദിക്കും. അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും,ഗുരുതര പരിക്ക് പറ്റിയവര്‍ക്കും സ്വയം തൊഴില്‍ ധന സഹായമായി ജീവനം പദ്ധതിയിലൂടെ തിരിച്ചടവില്ലാത്ത 20,000 രൂപ വീതം അനുവദിക്കും. അതിക്രമത്തിനിരയായി കിടപ്പിലാവുകയോ, ഗുരുതര പരിക്കേല്‍ക്കുകയോ ചെയ്തവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധന സഹായം അനുവദിക്കും.
രണ്ടു വര്‍ഷമോ അതിലധികമോ ജയില്‍ ശിക്ഷ അനുഭവിച്ച് വരുന്ന തടവുകാരുടെ പെണ്‍മക്കളുടെ വിവാഹ ധന സഹായമായി 30,000 രൂപ വീതം അനുവദിക്കും. വിവാഹം നടന്ന് ആറ് മാസത്തിനു ശേഷവും ഒരു വര്‍ഷത്തിനകവും അപേക്ഷ സമര്‍പ്പിക്കണം. ജീവപര്യന്തത്തിനോ വധശിക്ഷക്കോ വിധിക്കപ്പെട്ട തടവുകാരുടെ കുട്ടികള്‍ക്ക്, സര്‍ക്കാര്‍ മെരിറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നതിന് ഒറ്റത്തവണയായി പരമാവധി ഒരു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. അപേക്ഷകള്‍ http:suneethi.sjd.kerala.gov.in എന്ന വെബ്‌സൈറ്റിലെ ഒറ്റത്തവണ റജിസ്‌ട്രേഷന്‍ മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട മിനിസിവില്‍ സ്റ്റേഷന്റെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0468- 2325242, 8281999036, ഇമെയില്‍-[email protected].
എംബിഎ അഡ്മിഷന്‍
കേരള യൂണിവേഴ്‌സിറ്റിയുടെ നേരിട്ടുളള നിയന്ത്രണത്തിലുളള യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (യുഐഎം) അടൂര്‍ സെന്ററില്‍ സെപ്റ്റംബര്‍ 23ന് നടത്തുന്ന ഈ വര്‍ഷത്തെ എംബിഎ അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചു. യോഗ്യതാ പരീക്ഷയായ കെമാറ്റ്, കാറ്റ്, സിമാറ്റ് പാസായിട്ടുളളതും 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്കും (ഒബിസി 48 ശതമാനം, എസ് സി / എസ് ടി പാസ്മാര്‍ക്കും മതിയാകും) കേരള യൂണിവേഴ്‌സിറ്റിയുടെ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം.
പുനര്‍ജനി പദ്ധതി: നവീകരണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണ ഉദ്ഘാടനം
പന്തളം കരിമ്പ് വിത്ത് ഉത്പാദന കേന്ദ്രത്തില്‍ നടപ്പാക്കിയ നവീകരണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണ ഉദ്ഘാടനം (സെപ്റ്റംബര്‍ മൂന്ന്) രാവിലെ ഒന്‍പതിന് കാര്‍ഷികവികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും.
പുനര്‍ജനി പദ്ധതിയിലൂടെ 165 ലക്ഷം രൂപയുടെ നവീകരണപ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തിയത്. അടിക്കടിയുണ്ടാകുന്ന പ്രളയങ്ങള്‍ വളരെയേറെ നാശനഷ്ടങ്ങള്‍ വരുത്തിയതിനെ തുടര്‍ന്ന് അടിസ്ഥാനസൗകര്യങ്ങള്‍ വീണ്ടെടുക്കുന്നതിനാണ് നവീകരണ പ്രവര്‍ത്തനം നടത്തിയത്. കൂടാതെ 2022-23 വര്‍ഷത്തില്‍ 140 ലക്ഷം രൂപയുടെ പദ്ധതികളും ഇവിടെ അനുവദിച്ചിരുന്നു. സംസ്ഥാന കൃഷിവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ പ്രധാന ഫാമായ കരിമ്പ് വിത്ത് ഉത്പാദന കേന്ദ്രത്തില്‍ കരിമ്പ് കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളും കര്‍ഷകര്‍ക്ക് ലഭ്യമാക്കി വരുന്നു. 2008-2009 വര്‍ഷത്തെ ഹരിതകീര്‍ത്തി അവാര്‍ഡ് ഈ ഫാം നേടിയിരുന്നു. ഇവിടെ 2007 മുതല്‍ സംയോജിത കൃഷിപരിപാലന മുറകള്‍ നടപ്പാക്കി വരുന്നു. കരിമ്പ് പ്രധാന വിളയായി കൃഷി ചെയ്ത് ഇവിടെത്തന്നെ സംസ്‌കരിച്ച് പന്തളം ശര്‍ക്കര എന്ന പേരില്‍ വിപണനം നടത്തുന്നതിലൂടെ അന്യംനിന്നു പോയ കരിമ്പുകൃഷി പുനസ്ഥാപിക്കാന്‍ സാധിച്ചു.
യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ് മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. സംസ്ഥാന കാര്‍ഷിക എന്‍ജിനിയര്‍ വി. ബാബു പദ്ധതി വിശദീകരണം നടത്തും. പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ്, കുളനട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബീന പ്രഭ, ഹോര്‍ട്ടികോര്‍പ്പ് എംഡി ജെ. സജീവ്, ജില്ലാ കൃഷി ഓഫീസര്‍ എ.ഡി. ഷീല, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാം ഇന്‍ ചാര്‍ജ് എസ്.ആര്‍. രാജേശ്വരി, കൃഷി ഓഫീസര്‍ എം.എസ്. വിമല്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഓണക്കാലത്ത് ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം തടയും
വ്യാപാരികളുടെ സഹകരണത്തോടെ ഓണക്കാലയളവില്‍ പൊതുവിപണിയിലെ ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, വിലവര്‍ധനവ് എന്നിവ തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന്് പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ബി. രാധാക്യഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയില്‍ ഓണക്കാലയളവില്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങളുടെയും പലച്ചരക്ക് സാധനങ്ങളുടെയും സ്റ്റോക്ക് എല്ലാ മൊത്ത വ്യാപാരശാലകളില്‍ നിലവിലുണ്ടെന്ന് യോഗം വിലയിരുത്തി. വില വര്‍ധിക്കുന്നതിനുളള സാഹചര്യം നിലനില്‍ക്കുന്നില്ലായെന്നും താരതമ്യേന വിലവര്‍ധനവ് കാണപ്പെടുന്ന ആന്ധ്ര ജയ അരിക്ക് ബദലായി കര്‍ണാടകയില്‍ നിന്നും ഗുണമേന്‍മയുളള വെളളഅരി ജില്ലയില്‍ എത്തുന്നുണ്ട്. ഇതിനു പുറമേ പൊതുവിതരണ വകുപ്പിന്റെയും സപ്ലൈകോയുടെയും വില്‍പ്പന ശാലകള്‍ വഴി യഥേഷ്ടം അരി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനാല്‍ ഓണക്കാലത്ത് വിലവര്‍ധനവ് ഉണ്ടാവില്ലെന്ന് മൊത്ത വ്യാപാരികള്‍ അറിയിച്ചു.
നിലവില്‍ ആവശ്യത്തിന് പലവ്യഞ്ജനങ്ങള്‍ സ്റ്റോക്കുളളതായി യോഗം വിലയിരുത്തി. മൊത്തവ്യാപാരികള്‍ യോഗത്തില്‍ അറിയിച്ച ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഉറപ്പ് നല്‍കി. ഓണക്കാലയളവില്‍ മൊത്തവ്യാപാരികള്‍ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവയില്‍ ഏര്‍പ്പെടരുതെന്നും അമിത വില ഈടാക്കാന്‍ പാടില്ലെന്നും അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍, ജില്ലയിലെ മൊത്തവ്യാപാരികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വനിതാ കമ്മീഷന്‍ മെഗാ അദാലത്ത്
വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മെഗാ അദാലത്ത് (സെപ്തംബര്‍ 2 ) തിരുവല്ല വൈഎംസിഎയില്‍ നടക്കുന്നതാണ്.
കോന്നി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 23 ഉച്ചയ്ക്ക് 2:30. ഫോണ്‍ : 0468 2 333 037,8281 999 121.
ദുരിതാശ്വാസ ക്യാമ്പുകളില്‍ 98 പേര്‍
ജില്ലയിലെ തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 98 പേര്‍. തിരുവല്ലയില്‍ നാലു ക്യാമ്പുകളിലായി 22 കുടുംബങ്ങളിലെ 64 പേരും കോഴഞ്ചേരി താലൂക്കിലെ ഒരു ക്യാമ്പില്‍ ഒന്‍പതു കുടുംബങ്ങളിലെ 34 പേരും കഴിയുന്നു. തിരുവല്ല താലൂക്കില്‍ ഒരു വീട് പൂര്‍ണമായും തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലായി രണ്ടു വീതവും കോന്നിയില്‍ ഒരു വീടും ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
തിരുവല്ല ബൈപ്പാസ് ജംഗ്ഷനുകളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം (03.09.2022)
തിരുവല്ല ബൈപ്പാസിലെ പ്രധാന ജംഗ്ഷനുകളില്‍ എം എല്‍ എ ഫണ്ട് വിനയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം (03092022) വൈകിട്ട് 6.30 ന് അഡ്വ. മാത്യു ടി. തോമസ് എം എല്‍ എ നിര്‍വഹിക്കും.
തിരുവല്ല ബൈപ്പാസിലെ മഴുവങ്ങാട്, പുഷ്പഗിരി, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, മല്ലപ്പള്ളി റോഡ്, രാമന്‍ചിറ എന്നീ ജംഗ്ഷനുകളിലും കുരിശ്കവലയിലും സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മമാണ് ഇന്ന് (03.09.2022) നടക്കുന്നത്. 40 ലക്ഷം രൂപ വിനിയോഗിച്ചാണ് ബൈപ്പാസിലെ ആറ് ജംഗഷനുകളിലും കുരിശ് കവലയിലും ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ വൈദ്യുതി ചാര്‍ജും ഗ്യാരണ്ടി കാലാവധിക്ക് ശേഷമുള്ള പരിപാലനത്തിന്റെയും ചുമതല തിരുവല്ല നഗരസഭയ്ക്കാണ്.
തിരുവല്ല നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ഹൈമാസ്റ്റ്
ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപയുടെ ഭരണാനുമതി
തിരുവല്ല നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. മാത്യു ടി തോമസ് എം എല്‍ എ അറിയിച്ചു. നിരണം പഞ്ചായത്തിലെ പനച്ചമൂട്, കുറ്റൂര്‍ പഞ്ചായത്തിലെ ആറാട്ടുകടവ്, കടപ്ര പഞ്ചായത്തിലെ തിക്കപ്പുഴ, തിരുവല്ല നഗരസഭയിലെ കോട്ടാലി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ എംഎല്‍എ ഫണ്ടില്‍ നിന്നും തുക വിനയോഗിച്ച് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനാണ് ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിട്ടുള്ളത്.
ആധാര്‍കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം
എല്ലാ വിഭാഗം റേഷന്‍ കാര്‍ഡിലേയും മുഴുവന്‍ അംഗങ്ങളും ആധാര്‍കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. റേഷന്‍ കാര്‍ഡ് ഉടമകളുടെ ഇതു സംബന്ധിച്ച സേവനങ്ങള്‍ അക്ഷയ സെന്റര്‍ മുഖേനയും, താലൂക്ക് സപ്ലൈ ഓഫീസ് മുഖേനയും
www.civilsupplieskerala.gov.in എന്ന വെബ്സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ മുഖേനയും ലഭിക്കും.
ആധാര്‍ ലിങ്കിംഗ് സെപ്റ്റംബര്‍ ആറിനുളളില്‍ പൂര്‍ത്തീകരിക്കണം. റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്ത മുന്‍ഗണന വിഭാഗത്തിന്റെ റേഷന്‍ വിഹിതം നഷ്ടപ്പെടും. താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍:
അടൂര്‍ 04734 – 224856, കോഴഞ്ചേരി 0468 – 2320401 / 0468 2222212, റാന്നി 04735 – 227504, കോന്നി 0468 – 2246060, തിരുവല്ല 0469 – 2701327, മല്ലപ്പളളി 0469 – 2382374.
ജില്ലയില്‍ സെക്ഷ്വല്‍ മൈനോറിറ്റി ഫോറം രൂപീകരിച്ചു
കുടുംബശ്രീ ജില്ലാമിഷന്റെയും ജില്ലാ ലീഗല്‍ സര്‍വീസസ് സൊസൈറ്റിയുടെയും സാന്ത്വനം സുരക്ഷാ പ്രോജക്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ സെക്ഷ്വല്‍ മൈനോറിറ്റി ഫോറം രൂപീകരിച്ചു. പന്തളം ചിക്കൂസ് ഹാളില്‍ നടന്ന ഫോറം രൂപീകരണ യോഗം സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ ദേവന്‍ കെ മേനോന്‍ ഉദ്ഘാടനം ചെയ്തു. പന്തളം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ പന്തളം മഹേഷ് അധ്യക്ഷത വഹിച്ചു.
ജെന്‍ഡര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്‍. അനുപ പദ്ധതി വിശദീകരണം നടത്തി. പന്തളം എഫ്.എച്ച്.സി അസി. സര്‍ജന്‍ ഡോ. നിതിന്‍ എ സലാം, സാന്ത്വനം സുരക്ഷാ പ്രോജക്ട് മാനേജര്‍ വിജയാ നായര്‍, സാന്ത്വനം ലീഗല്‍ അഡൈ്വസര്‍മാരായ അഡ്വ. പി.കെ. ജയമോഹന്‍, അഡ്വ. ജോമോന്‍ കോശി, ട്രൈബല്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ടി.കെ. ഷാജഹാന്‍, പന്തളം നഗരസഭ എന്‍.യു.എല്‍.എം മാനേജര്‍ എം. അജിത്കുമാര്‍, സ്‌നേഹിതാ കൗണ്‍സിലര്‍ എന്‍.എസ്. ഇന്ദു, സര്‍വീസ് പ്രൊവൈഡര്‍ ആര്‍.രേഷ്മ, സാക്ഷരതാ മിഷന്‍ പ്രേരക് ജെ. നിസ, പത്തനംതിട്ട ജ്യോതിസ് കൗണ്‍സിലര്‍ ലിജി, സാന്ത്വനം പ്രോജക്ട് ഡയറക്ടര്‍ രഞ്ജിഷ് നാഥ് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയില്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുന്നതിലൂടെ അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, വിവേചനങ്ങള്‍, അതിക്രമങ്ങള്‍ തുറന്നു പറയാനുള്ള വേദിയൊരുക്കുക, പരിഹരിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുക, ന്യൂനപക്ഷ വിഭാഗങ്ങളെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളില്‍ എത്തിക്കുക, ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക, ഉപജീവനത്തിന് ആവശ്യമായ തൊഴില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക, തുടര്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുക, ന്യൂനപക്ഷ വിഭാഗങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജില്ലാതലത്തില്‍ ഫോറം രൂപീകരിച്ചത്.
ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നതിനായി അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചു. സംഘാടനം, സാമൂഹ്യ പ്രവര്‍ത്തനം, ഉപജീവനം, കലാകായികം, വിദ്യാഭ്യാസം എന്നീ തീമുകളിലാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്. ജില്ലയില്‍ ലൈംഗിക ന്യൂനപക്ഷങ്ങളെ ഫോറത്തിന്റെ ഭാഗമാക്കി മാറ്റുകയും വിവിധ പ്രവര്‍ത്തനങ്ങള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്യുകയുമാണ് സംഘാടന വോളന്റിയറുടെ ചുമതല, തൊഴില്‍ ആവശ്യങ്ങള്‍, സാധ്യതകള്‍, ആവശ്യമായ നൈപുണികള്‍ കണ്ടെത്തുകയും മറ്റു വകുപ്പുമായി ചേര്‍ന്ന് അവസരങ്ങള്‍ ഒരുക്കുകയുമാണ് ഉപജീവന വോളന്റിയറുടെ ചുമതല, ലൈംഗിക ന്യൂനപക്ഷ അംഗങ്ങള്‍ അനുഭവിക്കുന്ന വ്യക്തിപരവും പൊതുവായതുമായ പ്രശ്‌നങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കാന്‍ പ്രാപ്തരാക്കുന്നതിന് സഹായിക്കലാണ് സാമൂഹ്യപ്രവര്‍ത്തന വോളന്റിയറുടെ ചുമതല, അംഗങ്ങളുടെ കലാ കായിക അഭിരുചികള്‍ തിരിച്ചറിഞ്ഞുകൊണ്ട്് അവസരങ്ങള്‍ ഉണ്ടാക്കുക എന്നതാണ് കലാകായിക വോളന്റിയറുടെ ചുമതല.
അംഗങ്ങള്‍ക്ക് ഉപരിപഠനം, അറിവ് നേടുക എന്നതിനുള്ള അവസരങ്ങളും പരിശീലനവും സംഘടിപ്പിക്കുകയാണ് വിദ്യാഭ്യാസ വോളന്റിയറുടെ ചുമതല. തുടര്‍ പ്രവര്‍ത്തനങ്ങളായി സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിയ വ്യക്തികളുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന മോട്ടിവേഷന്‍ ക്ലാസുകള്‍, ആവശ്യമായ പരിശീലന പരിപാടികള്‍, ടോക്ക് ഷോ, കള്‍ച്ചറല്‍ ഫെസ്റ്റ്, പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം, ഉപജീവനത്തിനാവശ്യമായ തൊഴില്‍ പരിശീലന പരിപാടികള്‍ എന്നിവ ഈ സാമ്പത്തികവര്‍ഷം കുടുംബശ്രീ മിഷന്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കായി ഏറ്റെടുത്ത് നടത്തും. അംഗങ്ങളുടെ ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഗാനാലാപനം തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറി. വൈകിട്ട് ലക്കി ഡ്രോയുടെ സമ്മാനദാനത്തോടെ പരിപാടി സമാപിച്ചു.