konnivartha.com : ഒതേനന്‍റെ സ്മരണ നില നിര്‍ത്താന്‍ അത് പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ ചരിത്ര മ്യൂസിയം തന്നെ വേണം എന്നാണ് പഴമക്കാരുടെ ആഗ്രഹം . ചരിത്രം കഥ പറയട്ടെ
തലമുറകളുടെ സിരകളിൽ പോരാട്ട വീര്യത്തിന്‍റെ അഗ്നി കോരിയിട്ട വടക്കൻ പാട്ടുകൾക്ക് അഞ്ഞൂറ് വർഷത്തെ പഴക്കമെങ്കിലും ഉണ്ടാവും. കടൽ പുലിയായ കുഞ്ഞാലി മരയ്ക്കാരുടെ ഉറ്റമിത്രമാണെന്നത് കൊണ്ടു തന്നെ ഒതേനന്‍റെ ജീവിതകാലം കണക്കാക്കാനും പ്രയാസമില്ല .
വടകര മേപ്പയിലെ തച്ചോളി മാണിക്കോത്ത് തറവാട്ടിലെ പന്ത്രണ്ട് സഹോദരങ്ങളുടെ വീരഗാഥകളാണ് തച്ചോളി പാട്ടുകളിലെ കാതൽ.ഇവയിലെല്ലാം മയ്യഴി എന്ന പ്രദേശം കടന്നു വരുന്നുണ്ട്. മയ്യഴി പുഴയ്ക്ക് പാലമില്ലാതിരുന്ന കാലത്ത് അഴിയൂർ ഭാഗത്തെ കോട്ടമല കടവ് കടന്നാണ് അക്കരെയെത്തിയിരുന്നത്.
ഇപ്പോഴും ഇവിടെ ഒരു കളരിയുണ്ട്.ഒരിക്കൽ പുഴയിൽ ചൂണ്ടയിട്ടിരുന്ന മീൻപിടുത്തക്കാരന് വിചിത്രമായ ഒരനുഭവമുണ്ടായി. മറുകരയിലുള്ള തോണിക്കാരനേയും കാത്ത് നിന്നിരുന്ന ആരോഗ്യ ദൃഢഗാത്രനായ അതികായൻ താൻ കരയിൽ പിടിച്ചിട്ടിരുന്ന മീനുകളെ കൗതുകത്തോടെ നോക്കിയിരുന്നത് അയാൾ കണ്ടിരുന്നു. പിടയുന്ന മീനുകൾ പുഴയിൽ തിരിച്ചെത്തുന്നത് തടയാൻ വലിയ മീനുകളെ രണ്ട് തുണ്ടമാക്കിയിട്ടിരുന്നു. തോളിൽ തൂക്കിയിട്ട സഞ്ചിയിൽ നിന്നും അയാൾ ഏതോ പച്ചമരുന്ന് മുറിവേറ്റ ഭാഗത്ത് പുരട്ടിയപ്പോൾ ചില മത്സ്യങ്ങൾക്ക് ജീവൻ തിരിച്ച് കിട്ടിയത് മീൻപിടുത്തക്കാരനെ അത്ഭുതപ്പെടുത്തി. പിന്നീട് തോണിക്കാരൻ പറഞ്ഞപ്പോഴാണ് യാത്രക്കാരൻ ഒതേനനാണെന്ന് മീൻപിടുത്തക്കാരന് മനസ്സിലായത്.
ഒരു നാൾ ഒതേനനും, തോഴനായ കണ്ടാച്ചേരി ചാപ്പനും വയൽ വരമ്പിലൂടെ നടന്നു വരുമ്പോൾ, മറുവശത്ത് തൊട്ട് മുന്നിൽ നാടിനെ വിറപ്പിച്ച് നടന്നിരുന്ന കളരിയാശാൻ പയ്യനാടൻ ചിണ്ടൻ നമ്പ്യാരും ശിഷ്യരും. വഴി മാറിക്കൊടുക്കാൻ ഇരുവരും തയ്യാറായില്ല. നെഞ്ചോട് നെഞ്ച് ചേർത്ത് ബലം പ്രയോഗിച്ചപ്പോൾ ഇരുവരും ഇരുവശങ്ങളിലേക്ക് വീണു പോയി.തർക്കവും വെല്ലുവിളിയും പൊന്ന്യം കളരിയിലെ പൊയ്ത്തിൽ കലാശിച്ചു.
മീശ മുളക്കാത്ത ഒതേനന്‍റെ അവിവേകമോർത്ത് ജ്യേഷ്ടന്‍ കോമക്കുറുപ്പ് ഭയന്നു പോയി. സ്വർണ്ണാഭരണങ്ങളടങ്ങിയ ആമാട പെട്ടിയുമായി ചെന്ന് ചിണ്ടൻ നമ്പ്യാരുടെ കാൽക്കൽ വീണ് ക്ഷമായാചനം നടത്താൻ ചേട്ടന്‍ നിർബന്ധിച്ചു.അജയ്യനായ നമ്പ്യാരോട് ഏറ്റുമുട്ടിയാലുള്ള ഭവിഷ്യത്തിനെക്കുറിച്ച് ആലോചിക്കാതെ തന്നെ അദ്ദേഹത്തിനറിയാമായിരുന്നു. ഒടുവിൽ ജ്യേഷ്ടന്‍റെ നിർബന്ധത്തിന് വഴങ്ങിയ ഒതേനൻ ആമാട പെട്ടിയുമായി ചിണ്ടൻ നമ്പ്യാരുടെ മയ്യഴി അങ്കക്കളരിയിലെത്തി കാൽക്കൽ കാണിക്ക വെച്ച് ക്ഷമാപണം നടത്തി.നമ്പ്യാരാകട്ടെ കോപത്തോടെ ആമാടപ്പെട്ടി ചവുട്ടിത്തെറിപ്പിക്കുകയായിരുന്നു. സ്വർണ്ണ നാണയങ്ങൾ കളരി മുറ്റത്ത് ചിതറിത്തെറിച്ചു. ഒതേനന് നേരെ നീട്ടിത്തുപ്പുകയും ചെയ്തു.
അപമാനിതമായ ആ കൗമാര മനസ്സ് അവിടെ വെച്ച് പ്രതിജ്ഞയെടുത്തു.പ്രതികാരം ചെയ്യാതെ ഇനി തറവാട്ടിലേക്കില്ല പയ്യം വെള്ളി ചന്തുവിന്‍റെ കീഴിൽ പൂഴിക്കടക നടിയും, ചടുലമായ അടവ് മുറകളും സ്വായത്തമാക്കി. പിന്നീട് പൊന്ന്യം കളരിയിൽ അഗ്നി ചിതറുന്ന അങ്കത്തട്ടിൽ വെച്ച് മിന്നൽപ്പിണർ പോലെ ,വായുവേഗത്തിൽ വീശിയ ഉറുമിയിൽ ധിക്കാരിയായ ചിണ്ടൻ നമ്പ്യാരുടെ തലയറുത്തെറിഞ്ഞ് ഒതേനൻ കലിയടക്കി.
ഒതേനന് മയ്യഴിയിൽ കളരികളുണ്ടായിരുന്നു. വടക്കൻപാട്ടിലെ വീരനായകൻ, സുന്ദരിയായ ഒരുമയ്യഴിക്കാരിയെ ‘സംബന്ധം’ ചെയ്തിരുന്നു. മൂലക്കടവിലെ മുണ്ട വീട്ടിൽ കുംഭയായിരുന്നു അത്.ഇവർക്ക് മക്കളില്ല.തച്ചോളി മാണിക്കോത്തെതന്‍റെ ശക്തി ചൈതന്യമായ പരദേവതയെ ഭാര്യ വീടിന് മുന്നിലുള്ള ക്ഷേത്രത്തിൽ ഒതേനൻ കുടിയിരുത്തി.
ഒതേനൻ ഉപയോഗിച്ചിരുന്ന, ആയുധങ്ങളുണ്ടെന്ന് കരുതുന്ന ഈ വീട്ടിലെ ഒരു മുറി ഇന്നും തുറക്കാൻ പിൻമുറക്കാൻ സന്നദ്ധരല്ല -ഒതേനൻ ഊണ് കഴിക്കുന്ന വീടായതിനാലാണ് ഉണ്ട വീട് എന്ന പേര് വന്നത്. കാലാന്തരത്തിൽ അത് മുണ്ട വീടായി. വയലോരത്തുള്ള ഈ വീട്ടുപറമ്പിൽ ഒതേനൻ കാലിലെ പെരുവിരൽ കൊണ്ട് കുഴിച്ചെന്ന് പറയപ്പെടുന്ന കുളമുണ്ട്.ഈ വീടിനും പരദേവതാ ക്ഷേത്രത്തിനുമിടയിലുള്ള ഏഴിലം പാലയിൽ ചുറ്റിയാണ് പൊന്ന്യം കളരിത്തട്ടിൽ അങ്കത്തിന് പോകുമ്പോഴൊക്കെ ഒതേനൻ കച്ചമുറുക്കി ഒരുവട്ടം കൂടി മെയ് കരുത്ത് പരീക്ഷിച്ച് വിജയ വിളംബരം നടത്തിയിരുന്നത്.
നൂറ്റാണ്ടുകളുടെ സാക്ഷിയായ പാലമരത്തിന് നാലര മീറ്റർ വണ്ണമുണ്ട്.ഇത് പൂത്തുലഞ്ഞാൽ പിന്നെ ഒരു നാടാകെ പാലപ്പൂമണത്തിൽ മാസങ്ങളോളം കുളിച്ച് കിടക്കും.
നാടാകെ കളരിക്കളങ്ങളും, ആയിരക്കണക്കിന് ശിഷ്യരുമുള്ള കതിരൂർ ഗുരിക്കളെ ഒടുവിലത്തെ അങ്കത്തിൽ ഏഴരക്കണ്ടത്തിൽ മൂന്ന് നാൾ നീണ്ടു നിന്ന അത്യുഗ്രൻ പോരാട്ടത്തിൽ, അടവുകൾക്കുമപ്പുറമുള്ള തന്ത്രങ്ങളിലൂടെ, ഒതേനൻ തലയറുത്തപ്പോൾ, സഹിവയ്യാതെ ഗുരിക്കളുടെ ശിഷ്യൻ ചുണ്ടങ്ങാപ്പൊയിലിലെ മായൻകുട്ടി എന്ന മായൻ പക്കി നെൽ വയലിൽ പതിയിരുന്ന് നാടൻ തോക്കുപയോഗിച്ച് ഒതേനനെ നെറ്റിക്ക് നിറയൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പുള്ളുവൻ നിമിഷങ്ങൾക്കകം മായൻകുട്ടിയെ അമ്പെയ്ത് വീഴ്ത്തുകയും ചെയ്തു.
വിഷു നാളിൽ തിറയുത്സവം നടക്കുന്ന പന്തക്കൽ പരദേവതാ ക്ഷേത്രത്തിൽ ഈ ഒരു തെയ്യം മാത്രമേ കെട്ടിയാടുകയുള്ളൂ .
ഇന്ന് മയ്യഴിയിലെ ഫ്രഞ്ച് കോട്ടയുടെ അശിഷ്ടങ്ങൾ കിടക്കുന്ന സിവൽസ്റ്റേഷനടുത്തുള്ള ചെറു കുന്നിലായിരുന്നു ഒതേനന്‍റെ കളരിയെന്നാണ് വാമൊഴി ചരിത്രം.മഞ്ചക്കലും ഒതേനന് കളരിയുണ്ടായിരുന്നു.ഒതേനന്‍റെ സ്മരണ നില നിര്‍ത്താന്‍ അത് പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ ചരിത്ര മ്യൂസിയം തന്നെ വേണം എന്നാണ് പഴമക്കാരുടെ ആഗ്രഹം . ചരിത്രം കഥ പറയട്ടെ
റിപ്പോര്‍ട്ട്: ചാലക്കര പുരുഷു