Konnivartha. Com : നിർമ്മാണം തുടങ്ങിയനാൾ മുതൽ കരാറുകാരന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് മാത്രം നിർമ്മാണം നടന്നു വരുന്ന കോന്നി – ചന്ദനപ്പള്ളി റോഡിലെ അശാസ്ത്രീയ നിർമ്മാണ രീതികളിൽ ജനങ്ങൾ ആശങ്കയിൽ. ഓടകൾ വേണ്ടയിടത്ത് ഓടകളും , കലുങ്ക് എന്നിവ നിർമ്മിക്കാതെ അപകട സാധ്യത ഉയർത്തുന്ന തരത്തിൽ റോഡ് ഉയർത്തിയും നടത്തുന്ന നിർമ്മാണം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
റോഡിന്റെ കോന്നി മുതൽ പൂങ്കാവ് – വള്ളിക്കോട് വരെയുള്ള ഭാഗങ്ങളിൽ ഇത്തരം ദുരന്തങ്ങൾ പ്രകടമാണ്. പൊതുമരാമത്ത് വകുപ്പിലെ ഒരു ഉദ്യോഗസ്ഥർ പോലും ഇവിടെ നടക്കുന്ന നിർമ്മാണം വിലയിരുത്താനോ നിർദ്ദേശങ്ങൾ നൽകാനോ എത്താറില്ല. കരാറുകാരൻ നിയോഗിച്ചിട്ടുള്ള അന്യസംസ്ഥാന തൊഴിലാളിയാണ് മേൽനോട്ടം. ഉയർന്ന റോഡിന്റെ ഇരു വശങ്ങളിലും വളരെ താഴ്ത്തിയാണ് ഓടകൾ നിർമ്മിച്ചിരിക്കുന്നത്. തെണ്ട്ക്കാവ് വളവ്, ഇളകൊള്ളൂർപ്പാലത്തിനും മരങ്ങാട് ജംഗ്ഷനും മധ്യേയുള്ള വളവ് , സിവിൽ സ്റ്റേഷൻ ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം പരിശോധിച്ചാൽ ഇത് ബോധ്യമാകും.
കഴിഞ്ഞ ഒരു വർഷത്തിലെറെയായി ഇവർ പണികൾ തുടങ്ങിയിട്ട്.വെള്ളം ഒഴുക്കുന്ന താലൂക്ക് ആശുപത്രി ഭാഗത്ത് ഓടയ്ക്ക് പകരം റോഡിലെ പൂട്ടുക്കട്ടകൾ നിലനിർത്തിയാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്.
മഴക്കാലത്ത് ഇതുവഴി കാൽനടയാത്ര കൂടി അസാധ്യമായി. ഇവിടെയും റോഡ് രണ്ടു തട്ടിലായത് ഇരുചക്ര വാഹന യാത്രക്കാരെ അപകടത്തിൽപ്പെടുത്തുന്നുണ്ട്. ഇൻഡോർ സ്റ്റേഡിയം ഭാഗത്ത് ഓടകളും കലുങ്ക് എന്നിവ ഇല്ല. ഇവിടെയും പല തട്ടുകളിലായുള്ള പൂട്ടുക്കട്ടകൾ ചാടി വേണം യാത്ര. മഴക്കാലത്ത് റോഡിൽ നിറയെ വെളളക്കെട്ടും കാണാം.
കോന്നി മുസ്ലിം ജമാഅത്ത് മുതൽ ടൗൺ വരെ ഓടകൾ ഇല്ലാത്തത് വ്യാപാര സ്ഥാപനങ്ങളെയാണ് ബുദ്ധിമുട്ടിക്കുന്നത്. പല ഭാഗങ്ങളിലും നിർമ്മാണം നടത്തിയ ഓടകൾക്ക് മേൽ മൂടിയില്ല. ചില ഭാഗങ്ങൾ ഒഴിച്ചിട്ടിരിക്കുന്നത് എന്തിനെന്ന് ആർക്കും അറിയില്ല. നിർമ്മാണം തുടങ്ങിയ നാൾ മുതൽ ഏറ്റവുമധികം പരാതികൾ ഉയർന്നിട്ടും അധികൃതർക്ക് ഇതൊന്നും പ്രശ്നമല്ല.പൊതു മരാമത്തു മന്ത്രി പറഞ്ഞിട്ട് പോലും പുല്ല് വിലയാണ്. കോന്നി എം എൽ എ വിവിധ ഘട്ടത്തിൽ ശാസന നൽകി എങ്കിലും പൊതു മരാമത്തു വിഭാഗം ഇതൊന്നും കേട്ട മട്ടില്ല. കരാർ കമ്പനിയെ ഉടൻ തന്നെ നീക്കി കരിമ്പട്ടികയിൽ ഉൾപെടുത്തണം. റോഡ് പണിയിലെ അഴിമതി വിജിലൻസ് അന്വേഷിച്ചു റിപ്പോർട്ട് ചെയ്യും വരെ ജനം ഇതെല്ലാം സഹിക്കണം എന്നാണ് അധികാരികളുടെ മനോഭാവം. അഴിമതിയ്ക്ക് കൂട്ട് നിന്ന മുഴുവൻ പൊതു മരാമത്തു ജീവനക്കാരെയും പിരിച്ചു വിടുകയാണ് വേണ്ടത്.
റോഡിന്റെ ഉയർന്ന ഭാഗങ്ങൾ താഴ്ത്താനായി റോഡ് കുഴിച്ചതോടെ വലിയതിട്ടകളാണ് റോഡിന്റെ പല ഭാഗത്തും കാണുന്നത്. ഇവിടെയും യാതൊരു നിർമ്മാണവും നടന്നിട്ടില്ല. മിനിസിവിൽ സ്റ്റേഷനോട് ചേർന്ന് ഒരു വീടിന്റെ റോഡ് വശം ഉയർത്തി കെട്ടിയതോടെ വീട്ടുക്കാർക്ക് പുറത്തേക്ക് ഇറങ്ങണെമെങ്കിൽ ഏറെ സാഹസികത കാട്ടണം. ടാറിംങ്ങും ഗുണനിലവാരമില്ലെന്ന് പരാതികളും വ്യാപകമാണ്.ഈ റോഡിൽ വ്യാപകമായി ക്രമക്കേടുകൾ ഉണ്ട്.
അധികാരികളുടെ അനാസ്ഥ ഒന്ന് കൊണ്ട് മാത്രം ആണ് കരാർ കമ്പനിയ്ക്ക് അഴിമതി നടത്താൻ അവസരം ഉണ്ടായത്.