Trending Now

പതിനാലാമത് രാജ്യാന്തര ഡോക്യുമെൻററി ഹ്രസ്വചിത്ര മേളക്ക് നാളെ തിരശ്ശീലയുയരും

ആറു ദിവസത്തെ മേളയിൽ 44 രാജ്യങ്ങളിൽ നിന്നുള്ള 261 സിനിമകൾ പ്രദർശിപ്പിക്കും
ഉദ്ഘാടന ചിത്രം മാരിയുപോളിസ് 2

പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഓഗസ്റ്റ് 26 മുതൽ 31 വരെ തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള, തിയേറ്ററുകളിലായി നടക്കും. 26ന് വൈകിട്ട് ആറിന് കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഡോക്യുമെന്ററി സംവിധായകയും എഡിറ്ററുമായ റീന മോഹന് ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കും. ചടങ്ങിന് ശേഷം ഉദ്ഘാടന ചിത്രമായ മാരിയുപോളിസ് 2 പ്രദർശിപ്പിക്കും.

 

ഉക്രൈൻ യുദ്ധത്തിന്റെ സംഘർഷ കാഴ്ചകൾ പകർത്തുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സംവിധായകൻ മൻതാസ് ക്വെദാരാവിഷ്യസ് യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. മരിയുപോൾ എന്ന യുദ്ധകലുഷിതമായ ഉക്രൈൻ നഗരത്തിലെ ജനജീവിതത്തിന്റെ ദുരിതവും സഹനങ്ങളും വരച്ചുകാട്ടുന്നതാണ് ചിത്രം.

 

44 രാജ്യങ്ങളിൽ നിന്നുള്ള 261 സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. 1200 ലേറെ പ്രതിനിധികളും ചലച്ചിത്രപ്രവർത്തകരായ 250 ഓളം അതിഥികളും പങ്കെടുക്കും. ലോംഗ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, കാമ്പസ് ഫിലിംസ് എന്നിവയാണ് മേളയിലെ മത്സര വിഭാഗങ്ങൾ. മത്സര വിഭാഗത്തിൽ 69 ചിത്രങ്ങളാണുള്ളത്. മത്സരേതര വിഭാഗത്തിൽ മലയാളത്തിൽ നിന്നും ഇതര ഭാഷകളിൽ നിന്നുമുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിഭാഗത്തിൽ 56 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ബെസ്റ്റ് ഓഫ് ദി വേൾഡ് വിഭാഗത്തിൽ വിവിധ അന്താരാഷ്ട്ര മേളകളിൽ അംഗീകാരങ്ങൾ നേടിയ 19 സിനിമകൾ പ്രദർശിപ്പിക്കും.

 

ഇന്ത്യൻ വനിതാ സംവിധായകർ ഐ ഫോൺ ഉപയോഗിച്ച് ചിത്രീകരിച്ച സിനിമകളുടെ പാക്കേജ് ആയ ഐ-ടേയ്ൽസ് ആണ് മറ്റൊരു ആകർഷണം. മുഹ്‌സിൻ മക്മൽബഫിന്റെ മാർഗനിർദേശത്തിൽ പൂർത്തിയാക്കിയ പദ്ധതിയുടെ ഭാഗമായുള്ള ഈ ചിത്രങ്ങൾ എ.ആർ റഹ്‌മാനാണ് അവതരിപ്പിച്ചിരിക്കുന്നത്. ആർ.പി അമുദൻ ക്യൂറേറ്റ് ചെയ്ത എൻഡേഞ്ചേഡ് ബട്ട് റെസീല്യന്റ് എന്ന പാക്കേജ്, ഫെർണാണ്ടോ സൊളാനസിന്റെ അവസാന ചിത്രം, തർക്കോവ്‌സ്‌കിയെക്കുറിച്ച് മകൻ സംവിധാനം ചെയ്ത ഡോകുമെന്ററി എന്നിവ മേളയുടെ മാറ്റ് കൂട്ടും.

 

നോൺ ഫിക്ഷൻ വിഭാഗത്തിൽ അഞ്ജലി മൊണ്ടേറിയോ ആണ് ജൂറി ചെയർപേഴ്‌സൻ. ഫിക്ഷൻ വിഭാഗത്തിൽ ഹൻസ തപ്ലിയൽ ആണ് ജൂറി ചെയർപേഴ്‌സൻ.
മികച്ച ലോംഗ് ഡോക്യുമെന്ററിക്ക് രണ്ട് ലക്ഷം രൂപയും ഷോർട്ട് ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയുമാണ് സമ്മാനത്തുക. മികച്ച ഹ്രസ്വചിത്രത്തിന് രണ്ട് ലക്ഷം രൂപ ലഭിക്കും. കേരളത്തിൽ നിർമിച്ച മികച്ച ക്യാമ്പസ് ചിത്രത്തിന് അര ലക്ഷമാണ് സമ്മാനം.
മേളയുടെ രജിസ്‌ട്രേഷൻ ഓൺലൈൻ ആയും നേരിട്ടും നടത്താം. ഡെലിഗേറ്റ് പാസിന് 400 രൂപയും വിദ്യാർത്ഥികൾക്ക് 200 രൂപയുമാണ്.

 

ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി. ആർ അനിൽ, കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
മേളയുടെ ഭാഗമായി കൈരളി തിയ്യറ്റർ പരിസരത്ത് ദിവസവും വൈകീട്ട് 6.30 ന് കലാപരിപാടികൾ അരങ്ങേറും. ഓഗസ്റ്റ് 27 ന് അലോഷി പാടുന്നു, 28 ന് ആൽമരം മ്യൂസിക് ബാന്റിന്റെ പരിപാടി, 29 ന് ബാസ്റ്റിൻ ജോണിന്റെ മെഹ്ഫിൽ, 30 ന് നടൻ സന്തോഷ് കീഴാറ്റൂരിന്റെ ഏകപാത്ര നാടകം, ‘പെൺനടൻ’ എന്നിവ അവതരിപ്പിക്കും.

error: Content is protected !!