Trending Now

മലയാലപ്പുഴ പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

നാട് ദുരന്തങ്ങള്‍ നേരിട്ടപ്പോള്‍ പോലീസ് സേന ജനോന്മുഖമായ
പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
വിവിധ ദുരന്തങ്ങള്‍ നാട് നേരിട്ടപ്പോള്‍ പോലീസ് സേന ജനോന്മുഖമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

 

മലയാലപ്പുഴയിലെ പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ അവസരത്തില്‍ പോലീസിന്റെ സേവനങ്ങളെ നാട് നന്ദിയോടെ സ്മരിക്കുകയാണ്. അത്തരം പ്രവര്‍ത്തികളൊക്കെ പോലീസിന് സല്‍പ്പേര് സമ്പാദിക്കാന്‍ ഇടയായി. ഏത് തരത്തിലുള്ള വെല്ലുവിളികളും സമചിത്തതയോടെയാണ് പോലീസ് നേരിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തെളിവില്ലാത്ത കുറ്റകൃത്യങ്ങള്‍ പോലും കൃത്യതയോടെ അന്വേഷിച്ച് കേസ് തെളിയിക്കാന്‍ പോലീസിന് കഴിയുന്നുണ്ട്. മാത്രമല്ല ശരിയായ ദിശയില്‍ തന്നെയാണ് എല്ലാ പ്രശ്നങ്ങളേയും സര്‍ക്കാരും പോലീസ് സേനയും നേരിടുന്നത്. കൂടുതല്‍ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ പോലീസിന് ഇനിയും കഴിയട്ടെയെന്നും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ മികച്ച രീതിയില്‍ തന്നെ സര്‍ക്കാര്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചു വരുന്ന പഴയ കെട്ടിടത്തിന് സമീപം മലയാലപ്പുഴ പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന പത്തര സെന്റ് വസ്തുവിലാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം നിര്‍മിച്ചത്. 4466 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ 97 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് പോലീസ് സ്റ്റേഷന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
2016 ജനുവരി 16 നാണ് മലയാലപ്പുഴയില്‍ പോലീസ് സ്റ്റേഷന്‍ തുടങ്ങിയത്. 2019 ഡിസംബര്‍ 12 നാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങിയത്. 2018 ലെ സ്റ്റേറ്റ് പ്ലാന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം നടത്തിയത്. മലയാലപ്പുഴ പഞ്ചായത്ത് മുഴുവനും വടശേരിക്കര പഞ്ചായത്തിന്റെ ആറു വാര്‍ഡുകളും മൈലപ്ര പഞ്ചായത്തിന്റെ ഒരു വാര്‍ഡും ഉള്‍പ്പെടുന്നതാണ് സ്റ്റേഷന്റെ അധികാര പരിധി.

നൂതന സൗകര്യങ്ങളോടുകൂടിയ എസ്.എച്ച്.ഒയുടെ മുറി, എസ്.ഐമാരുടെ മുറി, പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള വിശ്രമമുറി, റിസപ്ഷന്‍, സന്ദര്‍ശകര്‍ക്കുള്ള സ്ഥലം, റൈറ്റര്‍മാര്‍ക്കുള്ള മുറി, തൊണ്ടി റൂം, ക്രൈം വിംഗ് സിസിടിഎന്‍എസ് മുറി, ബെല്‍ ഓഫ് ആംസ്, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായുള്ള ലോക്ക് അപ്പ് എന്നീ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നത്.

 

ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ശിലാഅനാച്ഛാദനം നടത്തി. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ജില്ലാ അഡീഷണല്‍ സൂപ്രണ്ട് ബിജി ജോര്‍ജ്, മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനില്‍, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്തംഗം സുജാത അനില്‍, വാര്‍ഡംഗം സുമ രാജശേഖരന്‍, കെപിഒഎ ജില്ലാ സെക്രട്ടറി കെ.ബി അജി, കെപിഎ ജില്ലാ സെക്രട്ടറി ജി. സക്കറിയ, ഡിവൈഎസ്പി എസ് നന്ദകുമാര്‍, പിഡബ്ല്യുഡി എഞ്ചിനീയര്‍ ഷീനാരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!