Trending Now

പത്തനംതിട്ട ജില്ലയില്‍ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

ജാഗ്രതാ നിര്‍ദേശം
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ഓഗസ്റ്റ് മൂന്നുവരെ അതി തീവ്രമായ മഴയ്ക്കുള്ള(റെഡ് അലര്‍ട്ട്) മുന്നറിയിപ്പും ഓഗസ്റ്റ് നാലിന് അതി ശക്തമായ മഴയ്ക്കുള്ള (ഓറഞ്ച് അലര്‍ട്ട്) മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴ പെയ്യുകയാണ്. മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ ഏതു സമയത്തും മണിയാര്‍ ബാരേജിന്റെ അഞ്ച് ഷട്ടറുകളും പരമാവധി 200 സെമി എന്ന തോതില്‍ ഉയര്‍ത്തി ജലം പുറത്തു വിടേണ്ടി വന്നേക്കാം.
ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നതു മൂലം കക്കാട്ടാറില്‍ 60 സെമി വരെ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, വടശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

ഭക്ഷ്യധാന്യങ്ങളും മരുന്നുകളും ഉറപ്പാക്കാന്‍ നിര്‍ദേശം
അതിശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മതിയായ ഭക്ഷ്യധാന്യങ്ങളും മരുന്നുകളും സ്റ്റോക്കുണ്ടെന്ന് ഉറപ്പാക്കുന്നതിന് ജില്ലാ സപ്ലൈ ഓഫീസര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍ദേശം നല്‍കി. വെള്ളപ്പൊക്കം മൂലം ഒറ്റപ്പെട്ടു പോകാന്‍ സാധ്യതയുള്ള ആദിവാസി കോളനികളില്‍ അഞ്ചു ദിവസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ജില്ലയില്‍ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
ശക്തമായ മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. റാന്നി അറയാഞ്ഞിലിമണ്‍ ഗവ എല്‍പി സ്‌കൂള്‍, പുറമറ്റം വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് എച്ച്എസ്എസ്, ആനിക്കാട് അങ്കന്‍വാടി നമ്പര്‍ 83 എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്. റാന്നി അറയാഞ്ഞിലിമണ്‍ ഗവ എല്‍പി സ്‌കൂളിലെ ക്യാമ്പില്‍ മൂന്നു കുടുംബത്തിലെ 13 പേര്‍ കഴിയുന്നു. വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് എച്ച്എസ്എസിലെ ക്യാമ്പില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ കഴിയുന്നു. ആനിക്കാട് അങ്കന്‍വാടി നമ്പര്‍ 83ലെ ക്യാമ്പില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ കഴിയുന്നു. ളാഹയില്‍ മണ്ണിടിച്ചില്‍ ഭീഷണി മൂലം ഒരു കുടുംബത്തിലെ നാലു പേരെ തൊട്ടടുത്തുള്ള വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചു.

error: Content is protected !!