പത്തനംതിട്ട പോലീസ് സ്റ്റേഷനടുത്തുള്ള ബീവറേജ് പ്രീമിയം കൗണ്ടറില്‍ നിന്ന് വിലക്കൂടിയ രണ്ടരലിറ്റര്‍ മദ്യം മോഷ്ടിച്ചവരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൗണ്ടറിലെത്തി ജീവനക്കാരുമായി വാക്കു തര്‍ക്കമുണ്ടാക്കി ശ്രദ്ധതിരിച്ച ശേഷമായിരുന്നു മോഷണം. സിസിടിവിയില്‍ കുടുങ്ങിയ കള്ളന്‍മാര്‍ക്കായി പത്തനംതിട്ട പോലീസ് അന്വേഷണം ആരംഭിച്ചു
ഈ മാസം 21-ാം തിയതിയാണ് പത്തനംതിട്ട പോലീസ് സ്റ്റേഷന് സമീപത്തെ ബീവറേജ് പ്രീമിയം കൗണ്ടറില്‍ ക്യാമറ ഉള്ളതറിയാതെ മോഷ്ടാക്കള്‍ മദ്യം മോഷ്ടിച്ചത്. കൗണ്ടറിലെത്തിയ മോഷ്ടാക്കള്‍ ജീവനക്കാരുമായി ആദ്യം മനപൂര്‍വ്വം തര്‍ക്കമുണ്ടാക്കി. ഈ സമയം മോഷ്ടാക്കളിലൊരാള്‍ വിലക്കൂടിയ മദ്യം മോഷ്ടിച്ചു. പിന്നീട് കൗണ്ടറിലെത്തി ജീവനക്കാര്‍ക്ക് കൈയ്യും കൊടുത്ത ശേഷമാണ് മോഷ്ടാക്കള്‍ പോയത്.
വൈകിട്ട് കട അടയ്ക്കുന്നതിന് മുന്‍പ് സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം ജീവനക്കാര്‍ അറിയുന്നത്. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യങ്ങള്‍ ലഭിച്ചത്. ഇതോടെയാണ് ദൃശ്യങ്ങള്‍ സഹിതം ഷോപ്പ് മാനേജര്‍ പത്തനംതിട്ട പോലീസില്‍ പരാതിയും നല്‍കി. രണ്ട് മോഷ്ടാക്കള്‍ക്കായി അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിനു ഹാനികരം