Trending Now

കോന്നി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി 57 ലക്ഷം രൂപ അനുവദിച്ചു

 

ആരോഗ്യമേഖലയിൽ ജില്ലയ്ക്ക് 42.72 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം : മന്ത്രി വീണാ ജോർജ്

konnivartha.com : പത്തനംതിട്ട ജില്ലയുടെ ആരോഗ്യമേഖലയിൽ 42.72 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ആയതായി ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്.

2022 – 2024 വർഷത്തേക്കാണ് പദ്ധതി. കോന്നി മെഡിക്കൽ കോളജിൽ ലക്ഷ്യ നിലവാരത്തിലുള്ള ലേബർ റൂം ശാക്തീകരണ പ്രവർത്തനങ്ങൾക്കായി 3.50 കോടി രൂപയും ജില്ലയിലെ പ്രധാന ആശുപത്രികളായ ജനറൽ ആശുപത്രി പത്തനംതിട്ടയ്ക്ക് ഐ.പി വാർഡ് ശാക്തീകരണത്തിനും നവീകരണ പ്രവർത്തനങ്ങൾക്കുമായി മൂന്നു കോടി രൂപയും, അടൂർ ജനറൽ ആശുപത്രിയിലെ മാതൃ ശിശു സൗഹൃദ ബ്ലോക്കിന്റെ നിർമാണപ്രവർത്തനങ്ങൾക്കായി 13 കോടി രൂപയും, വയോജന വാർഡ് നിർമ്മാണത്തിനായി 40 ലക്ഷം രൂപയ്ക്കും അംഗീകാരമായി.

ഇതുകൂടാതെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വയോജന വാർഡിന്റെ നിർമ്മാണത്തിനായി 80 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കോന്നി താലൂക്ക് ആശുപത്രിയിൽ കണ്ണ് ഓപ്പറേഷൻ തിയേറ്റർ, വാർഡ് എന്നിവയുടെ നിർമാണത്തിനായി ഒരു കോടി രൂപയും ഇലന്തൂർ, ചാത്തങ്കരി, എന്നീ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ പുതിയ ഒ. പി ബ്ലോക്ക് നിർമ്മിക്കുന്നതിനായി ഓരോ സ്ഥാപനത്തിനും രണ്ടു കോടി രൂപ വീതവും അനുവദിച്ചിട്ടുണ്ട്.

സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളായ വല്ലന, കുന്നന്താനം എന്നീ സ്ഥാപനങ്ങൾക്ക് പുതിയ മന്ദിരങ്ങൾ നിർമ്മിക്കുന്നതിനായി ഓരോ സ്ഥാപനത്തിനും രണ്ടു കോടി രൂപ വീതം അംഗീകാരമായി. കുടുംബാരോഗ്യ കേന്ദ്രം ഓതറയ്ക്ക് പുതിയ പി എച്ച് സി കെട്ടിട നിർമ്മാണത്തിനായി 1.43 കോടി രൂപയുടെ അംഗീകാരം ലഭിച്ചു.

നിലയ്ക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ട്രോമാകെയർ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഭാഗമായി മൂന്നു കോടി രൂപ അനുവദിച്ചു. റാന്നി പഴവങ്ങാടി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി 1.43 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരമായി . പ്രാഥമികാരോഗ്യകേന്ദ്രങ്ങളായ മൈലപ്ര, ചന്ദനപ്പള്ളി എന്നീ സ്ഥാപനങ്ങൾക്ക് ഓരോന്നിനുമായി 1.43 കോടി രൂപ വീതം പുതിയ ഒപി കെട്ടിട നിർമ്മാണത്തിനായി അംഗീകാരം ലഭിച്ചു.

പ്രാഥമിക ആരോഗ്യ കേന്ദ്രം കടമ്മനിട്ട, പ്രാഥമികാരോഗ്യകേന്ദ്രം പള്ളിക്കൽ എന്നിവയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഓരോ സ്ഥാപനത്തിനും 1.43 കോടി രൂപ വീതമാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. റാന്നി അങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ മന്ദിരത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്കായി 80 ലക്ഷം രൂപ അധികമായി അനുവദിച്ചു.

കോന്നി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി 57 ലക്ഷം രൂപയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിൽ അഡീഷണൽ ബെഡിനായി 7.34 ലക്ഷം രൂപയും അനുവദിച്ചതായി മന്ത്രി അറിയിച്ചു.

error: Content is protected !!